ദേശീയപാതയ്ക്കരികിലെ പരസ്യബോർഡ് പൊളിച്ചു മാറ്റണമെന്ന് ആവശ്യം

ദേശീയപാതക്കരികിൽ കരിയാട് ജങ്ഷനിൽ   സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡ്
ദേശീയപാതക്കരികിൽ കരിയാട് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡ്

കരിയാട്: ദേശീയപാതയ്ക്കരികിൽ കരിയാട് ജങ്ഷനിൽ അപകടകരമായി സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യബോർഡ് പൊളിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം. നെടുമ്പാശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി. നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ എതിർ വശത്തുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലാണ് ബോർഡ് വെച്ചിട്ടുള്ളത്. ഏകദേശം 40 മീറ്റർ നീളത്തിലും 30 മീറ്റർ ഉയരത്തിലുമാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കാറ്റും മഴയും വന്നാൽ ബോർഡ് ദേശീയപാതയിലേക്ക് വീഴാൻ സാധ്യതയുണ്ട്. ബോർഡിനുതാഴെ നിരവധി കടകളും ആലുവയിലേക്കുള്ള ബസ് സ്റ്റോപ്പുമുണ്ട്. നിരവധി ആളുകൾ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതും കടകളിൽ കയറിയിറങ്ങുകയും ചെയ്യുന്ന ഈ സ്ഥലത്ത് ബോർഡ് മറിഞ്ഞു വീണാൽ ജീവഹാനിക്കുവരെ സാധ്യതയുണ്ട്. നിയമങ്ങൾ യഥാവിധി പരിഗണിച്ചിട്ടാണോ ബോർഡ് സ്ഥാപിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. അപകടസാധ്യത വിലയിരുത്തി ബോർഡ് എത്രയും വേഗം ഇത് പൊളിച്ചുമാറ്റണമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി പോൾ ആവശ്യപ്പെട്ടു.

Content Highlights: CPM Nedumbassery East local committee demands the immediate removal of a hazardous giant billboard near the national highway at Kariad junction.