അരികുചിറ തോടും ചക്കരച്ചാലും നികത്തുന്നതായി പരാതി

അരൂർ: ആലപ്പുഴ എറണാകുളം ജില്ലാ അതിർത്തിയിലെ അരികുചിറ തോടും ചക്കരച്ചാലും നികത്തുന്നതായി പരാതി. ഇക്കഴിഞ്ഞ മേയ് മാസത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എഴുപുന്ന പഞ്ചായത്ത് ആഴം കൂട്ടി വെള്ളം ഒഴുക്ക് സാധ്യമാക്കിയ തോടടക്കമാണ് ചിലർ സൗകര്യപൂർവം നികത്തുന്നത്. ഇത് ഭാവിയിൽ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നും പരാതിയിലുണ്ട്. ഇതിനോടുചേർന്ന് 65-ഓളം കുടുംബങ്ങൾ താമസിക്കുന്ന ജൂബിലി കോളനിയിലുള്ളവരടക്കം ദുരിതമനുഭവിക്കേണ്ടിവരും.
എഴുപുന്ന പഞ്ചായത്ത് 15-ാം വാർഡിന്റെ പടിഞ്ഞാറെ അതിരും ചെല്ലാനം ഗ്രാമപ്പഞ്ചായത്തിന്റെ 14-ാം വാർഡിന്റെ കിഴക്കേ അതിരിലുമായാണ് അരികുചിറ തോട് കടന്നുപോകുന്നത്. ഇരുപ്രദേശത്തെയും മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ തോടുവഴിയാണ്. നിലവിൽ പട്ടന്റെ കരി പാടശേഖരം പൊതുതോട് ചക്കരച്ചാലുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് കരിക്കല്ലുകെട്ടി അടച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. കൂടാതെ പാടശേഖരത്തിന്റെ സംരക്ഷണച്ചിറ നശിപ്പിച്ച നിലയിലുമാണ്. ഇതും ചെമ്മീൻ കൃഷിക്കായി തോടിന് കുറുകേ നെറ്റും വലയും കെട്ടി തടസ്സപ്പെടുത്തിട്ടുമുണ്ട്. ഇവകാരണം വെള്ളത്തിന്റെ കയറ്റിറക്കം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്ന വെള്ളം മലിനമായി കൊതുകുകൾ പെരുകുന്ന സാഹചര്യവും നിലവിലുള്ളതായി പരാതിയിൽ പറയുന്നു. കൈയേറ്റങ്ങൾ ഒഴിവാക്കി തോടും ചാലും പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടാണ് സമീപവാസികളിൽ ചിലർ ഇരുജില്ലകളിലെയും കളക്ടർമാർക്കും എഴുപുന്ന ചെല്ലാനം പഞ്ചായത്ത് സെക്രട്ടറിമാർക്കും പരാതി നൽകിയിട്ടുള്ളത്.
Content Highlights: Residents complain against the illegal reclamation of Arikuchira canal and Chakkarachal on the Alappuzha-Ernakulam border, warning of severe flood risks.