വംശമറ്റെന്ന് കരുതി, 20 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടെത്തി; ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ഇവിടെ

ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക്‌ | Photo: Connor Blades/Re:wild via AP
ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക്‌ | Photo: Connor Blades/Re:wild via AP

സാന്‍ ജുവാന്‍ (പ്യൂര്‍ട്ടോ റിക്കോ):  പൂര്‍ണമായും വംശമറ്റുവെന്ന് കരുതിയ ലോകത്തിലെ ഏറ്റവും ചെറിയ പാമ്പിനെ വീണ്ടും കണ്ടെത്തി. 20 വര്‍ഷത്തോളം ആരും കണ്ടതായി രേഖപ്പെടുത്താത്ത ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്കിനെയാണ് വീണ്ടും കണ്ടെത്തിയത്. കിഴക്കന്‍ കരീബിയന്‍ ദ്വീപായ ബാര്‍ബഡോസിലായിരുന്നു നിര്‍ണായകമായ കണ്ടെത്തല്‍. 

ദ്വീപിനുള്ളിലെ ചെറിയ വനപ്രദേശത്തുണ്ടായിരുന്ന ഒരു കല്ലിനടിയിലാണ് കോണര്‍ ബ്ലേഡ്‌സ് എന്നയാള്‍ ഈ പാമ്പിനെ കണ്ടെത്തിയത്. ബാര്‍ബഡോസിലെ പരിസ്ഥിതി മന്ത്രാലയത്തിലെ പ്രൊജക്ട് ഓഫീസര്‍ കൂടിയാണ് ബ്ലേഡ്‌സ്. 

ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക് തന്നെയാണ് ദ്വീപിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഗവേഷകര്‍ക്ക് മുന്നിലുണ്ടായിരുന്ന അടുത്ത കടമ്പ. ഇത് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന നിമിഷമായിരുന്നെന്നും ബ്ലേഡ്‌സ് പറയുന്നു. ലാബില്‍ നടത്തിയ പരിശോധനകള്‍ പ്രതീക്ഷിച്ച ഫലം ചെയ്തില്ല. 

ഒടുവില്‍ പാമ്പിന്റെ വീഡിയോ ദൃശ്യങ്ങളെടുത്ത് അതില്‍നിന്നൊരു സ്റ്റില്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഗവേഷകര്‍ ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക് തന്നെയാണിതെന്ന് സ്ഥിരീകരിച്ചത്. ബ്രാഹ്‌മണി ബ്ലൈന്‍ഡ് സ്‌നേക്കുമായി സാമ്യമുള്ള പാമ്പിനം കൂടിയാണിത്. 

ബുധനാഴ്ച പ്രാദേശിക പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റീ-വൈല്‍ഡ് എന്ന വന്യജീവി സംരക്ഷണ സംഘടന അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്കിനെ വീണ്ടും കണ്ടതായി പ്രഖ്യാപിച്ചു. 

ശാസ്ത്രത്തിന് നഷ്ടമായ 4,800 സസ്യ-ജന്തുജാലങ്ങളുടെ പട്ടികയില്‍ റീ-വൈല്‍ഡ് സംഘന ഈ ചെറിയ പാമ്പിനെയും ഉള്‍പ്പെടുത്തിയിരുന്നു. കാഴ്ചശക്തിയില്ലാത്ത പാമ്പിനം കൂടിയാണ് ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക്. ചിതലുകളെയും ഉറുമ്പുകളെയുമാണ് പ്രധാനമായും ആഹാരമാക്കുന്നത്. ഒരു മുട്ട മാത്രമാണ് ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക് ഇടുക. പൂര്‍ണവളര്‍ച്ചയെത്തിയ ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്കുകള്‍ക്ക് പത്തുസെന്റിമീറ്റര്‍ നീളമുണ്ടാകും. 

അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ എസ്.ബ്ലെയര്‍ ഹെഡ്ജസ് ആണ് ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്കിനെ ആദ്യമായി തിരിച്ചറിയുന്നത്.
 

Content Highlights: worlds smallest known snake rediscovered in barbados