തൊട്ടുമുന്നിൽ ഫോട്ടോയെടുക്കുമ്പോഴും ഭാവഭേദമില്ല;അംബോസലിയിലെ ‘ജെന്റിൽമാൻ’ കൊമ്പൻ|ഇന്ന് ലോക ആനദിനം

കൊച്ചി: ‘‘അവനൊരു ജെന്റിൽമാനാണ്, തൊട്ടുമുന്നിൽനിന്ന് ഞങ്ങൾ ഫോട്ടോയെടുക്കുമ്പോഴും ഭാവഭേദമൊന്നുമില്ല. ജീവിതത്തിൽ ആദ്യമായാണ് ഒരു കാട്ടാനയെ അത്ര അടുത്തുകണ്ടത്’’ -ക്രെയ്ഗിനെ മുന്നിൽക്കണ്ട മുഹൂർത്തം വിവരിക്കുകയാണ് മൂവാറ്റുപുഴ മാറാടി സ്വദേശി കെ.സി. ലോറൻസ്. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവുംവലിയ കൊമ്പനാണ് ക്രെയ്ഗ് എന്ന ആഫ്രിക്കൻ ആന. താമസം കെനിയയിലെ അംബോസലി നാഷണൽ പാർക്കിൽ.
ഈ അമ്പത്തിമൂന്നുകാരന്റെ ഒരു കൊമ്പിനുതന്നെ അൻപതുകിലോയോളമുണ്ട് തൂക്കം. തരംകിട്ടിയാൽ ഈ കൊമ്പുകൾക്കായി ക്രെയ്ഗിനെ തട്ടാൻ കാത്തിരിക്കുകയാണ് വേട്ടക്കാർ! എന്നാൽ, അവന് കാവലായുണ്ട് മസായിമാരക്കാരൻ പാപ്പാൻ ഡേവിഡ്.ആഫ്രിക്കയിലെ സാവന്ന ആനകൾക്കിടയിലെ ചില സൂപ്പർക്കൊമ്പന്മാരുള്ള ഇടമാണ് അംബോസലി നാഷണൽ പാർക്ക്.
വലിയ നീണ്ട കൊമ്പുള്ള ആനകളെയാണ് ‘സൂപ്പർ ടസ്കർ’ എന്നുവിളിക്കുന്നത്. ലോകത്ത് ഇത്തരത്തിലുള്ള ആനകളുടെ എണ്ണം മുപ്പതിൽതാഴെയാണ്. കാരണമൊന്നേയുള്ളൂ, ആനവേട്ട. കൊമ്പിനുവേണ്ടി ഒരുവർഷം ഇരുപതിനായിരത്തോളം ആഫ്രിക്കൻ ആനകളെ വേട്ടയാടുന്നുണ്ടെന്നാണ് കണക്ക്.
ക്രെയ്ഗിന്റെ ബന്ധുകൂടിയായ ‘ബിഗ് ടിം’ ആയിരുന്നു അഞ്ചുവർഷം മുൻപുവരെ ലോകത്തെ ഏറ്റവുംവലിയ കൊമ്പൻ. ബിഗ് ടിം ചരിഞ്ഞതോടെ ക്രെയ്ഗ് ആ പദവിയിലേക്കെത്തി. ക്രെയ്ഗിനുപിന്നാലെ വേട്ടക്കാരുണ്ടെന്നറിഞ്ഞാണ് കാവലിനായി മസായിമാര ഗോത്രക്കാരനെ പാപ്പാനായി നിയമിച്ചിരിക്കുന്നത്.
‘‘വല്ലപ്പോഴുമേ ക്രെയ്ഗിനെ വിനോദസഞ്ചാരികൾക്ക് കാണാൻ കിട്ടൂ. ക്രെയ്ഗ് കാടിനുപുറത്തെത്തിയിട്ടുണ്ടെന്ന് അറിയിപ്പുവന്നു. അവന്റെ മുഴുവൻ രൂപം പകർത്താൻ കുറേയധികം നേരം കാത്തിരിക്കേണ്ടിവന്നു’’ -ലോറൻസ് പറയുന്നു. വന്യജീവി ഫോട്ടോഗ്രാഫറും കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറുമാണ് ലോറൻസ്.
Content Highlights: worlds largest elephant named craig in amboseli national park