സെപാഹിജല മൃഗശാലയില്‍ മൂന്ന് കടുവക്കുട്ടികള്‍ പിറന്നു; സ്വാഗതം ചെയ്ത് ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: സെപാഹിജല മൃഗശാലയില്‍ പിറന്ന മൂന്ന് കടുവക്കുട്ടികളെ സ്വാഗതം ചെയ്ത് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സെപാഹിജല വന്യജീവി സങ്കേതത്തിലെ ഒരു പെണ്‍കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അഗര്‍ത്തലയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് സെപാഹിജല മൃഗശാല സ്ഥിതി ചെയ്യുന്നത്.
വന്യജീവികളെ കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പശ്ചിമബംഗാളില്‍ നിന്ന് സെപാഹിജല മൃഗശാലയിലേക്ക് ഒരു ജോഡി കടുവകളെ എത്തിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മേയ് 11-ന് പശ്ചിമബംഗാളില്‍ നിന്നെത്തിച്ച പെണ്‍കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി.
പുതിയ മൂന്ന് കടുവകളോടുകൂടി സെപാഹിജല മൃഗശാലയിലെ ആകെ കടുവകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അമ്മക്കടുവയും കടുവക്കുട്ടികളും ആരോഗ്യത്തോടെയിരിക്കുന്നതായി മൃഗശാല അധികൃതര്‍ പ്രതികരിച്ചു. പെണ്‍കടുവയുടെ ആദ്യത്തെ പ്രസവമായതിനാല്‍ അമ്മയും കുഞ്ഞുങ്ങളും മൃഗശാല അധികൃതരുടെ തുടര്‍നിരീക്ഷണത്തിലാണ്.
Content Highlights: tripura cm welcomes arrival of three tiger cubs at Sepahijala Zoo