2.29 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകളെ കടലിലേക്ക് വിട്ടയച്ച് തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇക്കുറി മുട്ട വിരിഞ്ഞ് കടലിലേക്ക് വിട്ടയച്ചത് 2,29,432 കടലാമകളെ. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇത്തവണ 3.19 ലക്ഷം മുട്ടകളാണ് ശേഖരിച്ചത്. ഇതില്‍നിന്നുമാണ് 2.29 ലക്ഷം കടലാമ കുഞ്ഞുങ്ങളുണ്ടായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക് കൂടിയാണിത്.
2019-20-ല്‍ വെറും 60,789 ഒലിവ് റിഡ്‌ലി കടലാമകള്‍ മാത്രമാണ് മുട്ട വിരിഞ്ഞുണ്ടായത്. 2020-21-ല്‍ 1,16,160 ഒലിവ് റിഡ്‌ലി കടലാമകള്‍ സംസ്ഥാനത്ത് മുട്ട വിരിഞ്ഞുണ്ടായി. 2021-22-ല്‍ 1,72,339 ഒലിവ് റിഡ്‌ലി കടലാമകളുണ്ടായി. 2022-23-ല്‍ 1,82,917 കടലാമകള്‍ മുട്ട വിരിഞ്ഞുണ്ടായി. 2023-24-ല്‍ 2,15,778 ഒലിവ് റിഡ്‌ലി കടലാമകളാണ് മുട്ട വിരിഞ്ഞുണ്ടായത്.
ഒലിവ് റിഡ്‌ലി കടലാമകളുടെ സംരക്ഷണം വിജയംകണ്ടതിന്റെ സൂചനയാണ് ഇതെന്ന് തമിഴ്‌നാട് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. മുട്ടകളുടെ സംരക്ഷണത്തിനായി രാത്രികാല പട്രോളിങ് അടക്കമുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. ചെന്നൈ, കടല്ലൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കടലാമ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞുണ്ടായത്.
മുട്ട വിരിഞ്ഞുണ്ടായ കടലാമ കുഞ്ഞുങ്ങളെ പിന്നീട് നിരീക്ഷിക്കുക സാധ്യമല്ലെന്നാണ് സുപ്രിയ സാഹു പറയുന്നത്. വലിപ്പം നന്നേ കുറവായതിനാല്‍ ഇവയെ ടാഗ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രിയ സാഹു വ്യക്തമാക്കി. ഇവയുടെ അതിജീവനത്തിന് സമുദ്ര മലിനീകരണം കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സുപ്രിയ സാഹു കൂട്ടിച്ചേര്‍ത്തു.
13-14 വയസ്സ് പ്രായമെത്തുമ്പോഴാണ് ഒലിവ് റിഡ്‌ലി കടലാമകള്‍ അവ ജനിച്ച തീരപ്രദേശത്തേക്കുതന്നെ മുട്ടയിടാന്‍ എത്തുന്നത്. തീരപ്രദേശത്ത് കൂടൊരുക്കിയാകും മുട്ടയിടുക. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കൂടൊരുക്കല്‍ കാലയളവ്. സംരക്ഷണ പദ്ധതികള്‍ വിജയം കണ്ടതിനാല്‍ ചെന്നൈ, കടല്ലൂര്‍ മാതൃകകള്‍ മറ്റ് ജില്ലകളിലെ തീരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
Content Highlights: tamil nadu witness record 2.29 olive ridley turtle hatchling this season