എട്ടു ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക്, അടുത്ത ബാച്ച് ബോട്‌സ്വാനയില്‍ നിന്ന്? അവസാനവട്ട ചര്‍ച്ചകള്‍ നടക്കുന്നതായി അധികൃതർ

പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ

ഭോപ്പാല്‍: രാജ്യത്തേക്ക് എട്ടുചീറ്റകളെ കൂടി എത്തിക്കുന്നതിനായി ഇന്ത്യയും ബോട്‌സ്വാനയും തമ്മില്‍ അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മധ്യപ്രദേശ് വനംവകുപ്പ്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ അടുത്ത ബാച്ച് ചീറ്റകളെത്തിയേക്കുമെന്ന് മധ്യപ്രദേശ് വനംവകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

1952-ല്‍ രാജ്യത്ത് വംശമറ്റ് ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രൊജ്ക്ട് ചീറ്റ എന്ന ബൃഹത്ത് പദ്ധതിയിലൂടെ 20 ചീറ്റകളാണ് രാജ്യത്തേക്കെത്തിയത്. 2022 സെപ്റ്റംബര്‍ 17-നാണ് കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്നെത്തിച്ച ആദ്യ ബാച്ചിലെ എട്ടുചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി പുനരധിവസിപ്പിച്ചത്.

12 ചീറ്റകളുടെ രണ്ടാമത്തെ ബാച്ച് 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി. ഇന്ത്യയിലാകെ നിലവില്‍ 27 ചീറ്റകളാണുള്ളത്. ഇതില്‍ 16 എണ്ണം രാജ്യത്തുതന്നെ ജനിച്ചവയാണ്. 24 ചീറ്റകള്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലും മൂന്നെണ്ണം ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്.

Content Highlights: Next batch of Cheetahs to arrive from Botswana as part of Project cheetah