കൊക്കെയ്ന്‍ അടിച്ച് കറങ്ങി നടക്കുന്ന സ്രാവുകള്‍; എവിടുന്ന് കിട്ടിയെന്ന് അമ്പരന്ന് ഗവേഷകര്‍

X-ൽ CuteSharksBot എന്ന ഐ.ഡി. പങ്കുവെച്ച ഷാർപ്‌നോസ് ഷാർക്കിന്റെ ചിത്രം | Photo Courtesy: https://x.com/CuteSharksBot/status/987520585092816896
X-ൽ CuteSharksBot എന്ന ഐ.ഡി. പങ്കുവെച്ച ഷാർപ്‌നോസ് ഷാർക്കിന്റെ ചിത്രം | Photo Courtesy: https://x.com/CuteSharksBot/status/987520585092816896

ബ്രസീല്‍ കടല്‍തീരങ്ങളിലെ സ്രാവുകളില്‍ വലിയ തോതില്‍ കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ഇത് സ്രാവുകളുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിട്ടുള്ളതായും ഗവേഷകര്‍ പറയുന്നു. റിയോ ഡി ജനീറോയ്ക്കടുത്തുള്ള കടലില്‍നിന്നുള്ള പതിമൂന്നോളം നീളൻ മൂക്കൻ സ്രാവുക(ഷാര്‍പ്‌നോസ് ഷാർക്)ളിലാണ് ഗവേഷകര്‍ പരിശോധന നടത്തിയത്. സ്രാവുകളുടെ മസിലുകളിലും കരളിലുമായി വലിയ തോതില്‍ കൊക്കെയ്ന്‍ അടിഞ്ഞുകൂടിയിട്ടുള്ളതായി കണ്ടെത്തിയതായാണ് മറൈന്‍ ബയോളജിസ്റ്റുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്രയും കൂടിയ അളവില്‍ കൊക്കെയ്ന്‍ എങ്ങനെ സ്രാവുകളില്‍ എത്തിയെന്നത്‌ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതുസംബന്ധിച്ച് സാധ്യതകളും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലാബുകളില്‍നിന്നും ലഹരിമരുന്ന് കടലിലേക്ക് തള്ളുന്നതാവാം ഒരു കാരണം. ലഹരിമരുന്ന് ഉപയോഗിക്കുന്ന മനുഷ്യന്റെ വിസര്‍ജ്യം അഴുക്കുചാലുകളിലൂടെ കടലിലേക്ക് എത്തിയതാകാം.

ഇതിനൊക്കെ പുറമെ, അനധികൃത ലഹരിമരുന്ന് കടത്തുകാര്‍ കടലില്‍ ഉപേക്ഷിക്കുന്ന പാക്കേജുകളിലൂടെയാവാം സ്രാവുകളില്‍ ഇത്രയും കൂടിയ അളവില്‍ കൊക്കെയ്ന്‍ എത്തിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 'പിടിക്കപ്പെടും എന്ന സാഹചര്യങ്ങളില്‍ കള്ളക്കടത്തുകാര്‍ലഹരിമരുന്ന് പാക്കേജുകള്‍ കടലില്‍ തള്ളുന്നത് മെക്‌സിക്കോയിലും ഫ്‌ലോറിഡയിലുമൊക്കെ സാധാരണമായി കണ്ടുവരുന്ന കാര്യമാണ്. എന്നാല്‍ റിയോ ഡി ജനീറോയില് ഇത് വളരെ കുറവാണ്,' - ഗവേഷകര്‍ പറയുന്നു.

ഇത്തരം പാക്കേജുകളില്‍ നിന്നാവാം സ്രാവുകള്‍ വലിയ തോതില്‍ കൊക്കെയ്ന്‍ ഭക്ഷിച്ചിട്ടുണ്ടാവുക. മാസങ്ങളോളം കഴിച്ചാല്‍ വരുന്ന അത്ര അളവിലാണ് സ്രാവുകളില്‍ കൊക്കെയ്‌ന്റെ അളവ് കണ്ടെത്തിയിട്ടുള്ളത് എന്നതാണ് തങ്ങളെ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. മറ്റ് കടല്‍ജീവികളില്‍ മുമ്പ് കണ്ടെത്തിയിട്ടുള്ളതില്‍നിന്നും 100 മടങ്ങ് അധികം കൊക്കെയ്ന്‍ അംശമാണ് റിയോ ഡി ജനീറോയില്‍നിന്നു പിടിച്ച് പരിശോധിച്ച സ്രാവുകളില്‍നിന്നു കണ്ടെത്തിയിട്ടുള്ളത്.

സ്രാവുകളിലെ ഓരോ അവയവങ്ങളും വിശദമായി പരിശോധിച്ചതില്‍നിന്നും അതിന്റെ എല്ലാ ഭാഗങ്ങളിലും കൊക്കെയ്ന്‍ അംശം പോസിറ്റീവ് ആയിരുന്നതായാണ് കണ്ടത്. 92 ശതമാനം മസില്‍ സാംപിളുകളിലും 23 ശതമാനം കരള്‍ സാംപിളുകളിലും കൊക്കെയ്‌ന്റെ പ്രധാന മെറ്റാബൊലൈറ്റായ ബെന്‍സോയ്‌ലെക്‌ഗോനൈന്‍ കണ്ടെത്തിയിട്ടുണ്ട്.  സ്വതന്ത്രമായി കടലില്‍ വിഹരിക്കുന്ന സ്രാവുകളില്‍ ആദ്യമായാണ് കൊക്കെയ്ന്‍ അംശം കണ്ടെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു.

സ്രാവുകളെ ഇത് ഏതൊക്കെ വിധത്തില്‍ ദോഷകരമായി ബാധിക്കും എന്നതിനെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് എക്കോടോക്‌സികോളജിസ്റ്റ് ഡോ. എന്റിക്കോ മെന്‍ഡസ് സഗ്ഗിഓറോ പറയുന്നു. 'കൊക്കെയ്ന്‍ തലച്ചോറിനെയാണ് പ്രധാനമായും ബാധിക്കുക. എന്നാലത് മനുഷ്യനെ ബാധിക്കുന്നപോലെ ആയിരിക്കില്ല സ്രാവുകളെ ബാധിക്കുക. ഒരുപക്ഷേ അവയ്ക്ക് കാഴ്ച നഷ്ടപ്പെട്ടേക്കാം. അത് ഇരപിടിക്കാനുള്ള അവയുടെ ശേഷിയെ കാര്യമായി ബാധിക്കും. ഇത് സ്രാവുകളുടെ ജീവിതകാലയളവിനെ സാരമായി ബാധിച്ചേക്കാം,' - ഡോ. എന്റിക്കോ പറയുന്നു.

Content Highlights: cocaine find in sharks of rio de janeiro coasts