സഹോദരി മധുബാലയെ കണ്ടത് 15 വര്‍ഷത്തിന് ശേഷം; ദിവസങ്ങള്‍ക്കകം ചരിഞ്ഞ് സോണിയ

സോണിയ | Photo:X.com
സോണിയ | Photo:X.com

കറാച്ചി:  15 വര്‍ഷത്തിന് ശേഷം സഹോദരിയുമായി ഒന്നിച്ച ആഫ്രിക്കന്‍ ആന ചരിഞ്ഞു. സോണിയ എന്ന് വിളിപ്പേരുളള ആനയാണ് ചരിഞ്ഞത്. പാകിസ്താന്റെ തെക്കന്‍ പ്രദേശത്തുള്ള കറാച്ചി സഫാരി പാര്‍ക്കിലാണ് സംഭവം. 

15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഹോദരി മധുബാലയുമായി സോണിയ വേര്‍പിരിയുന്നത്. അടുത്തിടെയാണ് ഇവര്‍ വീണ്ടും ഒന്നിച്ചത്. 2009-ലാണ് സഹോദരിമാരായ നാല് ആഫ്രിക്കന്‍ ആനകളെ വനപ്രദേശത്ത് നിന്ന് പിടികൂടുന്നത്. ഇവയെ പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവരികയായിരുന്നു. 

നാല് സഹോദരിമാരിലൊന്നായ നൂര്‍ ജഹാന്‍ 2023-ല്‍ ചരിഞ്ഞു. തുടര്‍ന്ന് മധുബാലയെ കറാച്ചി മൃഗശാലയിലേക്കും സോണിയയെ കറാച്ചി സഫാരി പാര്‍ക്കിലേക്കും കൊണ്ടുപോയി. 

നൂര്‍ ജഹാന്റെ മരണശേഷം ഫോര്‍ പോസ് എന്ന ഓസ്ട്രിയന്‍ സംഘടന മധുബാലയെ  കുറച്ചുകൂടി സൗകര്യങ്ങളുള്ള കറാച്ചി സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സോണിയ കൂടി ചരിഞ്ഞതോടെ നാല് സഹോദരിമാരെന്നത് രണ്ടിലേക്ക് ചുരുങ്ങി. വരും ദിവസങ്ങളില്‍ സോണിയയുടെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Content Highlights: african elephant who recently reunited with sisters die at karachi safari park