ലോകത്തിന്റെ വിവിധയിടങ്ങളിലായി 37,000-ലധികം അന്യദേശജീവികൾ; 3,500-ലധികം സ്പീഷീസുകൾക്ക് ദോഷകരമായ സ്വാധീനം

ഒരു ആവാസവ്യവസ്ഥയിൽ കടന്നുകയറി സാമ്പത്തികമായും പാരിസ്ഥിതികമായും നാശമുണ്ടാക്കുന്നതും, മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ സസ്യങ്ങളും, ജന്തുക്കളും, മത്സ്യങ്ങളും, കീടങ്ങളും, സൂക്ഷ്മാണുക്കളും ഉൾപ്പെടുന്ന ജീവികളെയാണ് 'അധിനിവേശ ജീവികൾ' (invasive species) എന്ന് വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, 'അധിനിവേശ' സ്പീഷീസുകൾ ദുർബലരായ തദ്ദേശീയ ജീവിവർഗ്ഗങ്ങളെ സ്ഥാനഭ്രഷ്ടരാക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. എല്ലാ അധിനിവേശ ജീവികളും പുറത്തുനിന്ന് വന്നവ ആകണമെന്നില്ല. സ്വാഭാവിക ഭൗമപരിധിക്കപ്പുറം പുതിയ ഒരു പ്രദേശത്ത് എത്തിപ്പെടുന്ന ജീവികളാണ് 'അന്യദേശ ജീവികൾ' (alien species). അധിനിവേശക്കാരായ അന്യദേശ ജീവികളാണ് 'അന്യ-അധിനിവേശ ജീവികൾ' (invasive alien species). ജൈവവൈവിധ്യം, കൃഷി, വനം, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവയ്ക്ക് അന്യ-അധിനിവേശജീവികൾ വൻനാശമുണ്ടാക്കുന്നു. ജനങ്ങളുടെ പ്രധാന ജീവനോപാധി മേഖലകളായ കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ സ്വാഭാവിക ആവാസവ്യവസ്ഥകളെയാണ് അന്യ-അധിനിവേശ ജീവജാലങ്ങൾ കൂടുതലായി ബാധിക്കുന്നത്.
കുളവാഴ, ആഫ്രിക്കൻ പായൽ, കമ്മ്യൂണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി, കൊങ്ങിണി, സിങ്കപ്പൂർ ഡെയ്സി, മ്യൂക്കുണ, ധൃതരാഷ്ട്ര പച്ച, പാർത്ഥീനിയം, പൂച്ചവാലൻ പുല്ല്, മലങ്കൂവളം, മുട്ടപ്പായൽ, വേനപ്പച്ച, തോട്ടുചീര, റങ്കൂൺ വള്ളി, നാറ്റപൂച്ചെടി, രാക്ഷസകൊന്ന തുടങ്ങി ഇവിടെയെത്തിപ്പെട്ട അനേകം അന്യദേശ സസ്യങ്ങൾ അധിനിവേശ കളകളായി മാറി. ഇവയിലെ ജലസസ്യങ്ങൾ നമ്മുടെ ജലമേഖലയ്ക്കും ജലഗതാഗതത്തിനും ഏൽപ്പിക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. കരയിൽ വളരുന്ന അധിനിവേശ കളകൾ നമ്മുടെ കൃഷിയെ സാരമായി ബാധിക്കുകയും കളനിയന്ത്രണം ചെലവേറിയതാക്കുകയും ചെയ്യുന്നു. ഒരു മികച്ച അക്വേറിയം ചെടിയായി കരുതിയിരുന്ന കബോംബാ പായൽ അധിനിവേശസ്വഭാവം കാണിച്ചുതുടങ്ങി എന്നും വാർത്തകളുണ്ടായിരുന്നു.
യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച ജീവിവർഗ്ഗങ്ങളുടെ കൈമാറ്റത്തിനും സഞ്ചാരത്തിനും പിന്നിലെ പ്രധാനഘടകം മനുഷ്യൻ തന്നെയാണ്. കൃഷി, ഉദ്യാന ആവശ്യങ്ങൾക്കായി യൂറോപ്യന്മാർ കോളനിപ്രദേശങ്ങളിൽ തിരഞ്ഞെടുത്ത സാമ്പത്തികമൂല്യമുള്ള സസ്യങ്ങളെ വൻതോതിൽ അവതരിപ്പിച്ചു. അതോടൊപ്പം അധിനിവേശസ്വഭാവം കാണിക്കുന്ന ധാരാളം അന്യദേശജീവികളും പലവഴികളിലൂടെ എത്തി. ഇത് ആകസ്മികമോ മനഃപൂർവ്വമോ ആകാം. ഇപ്പോഴും ആഗോളതലത്തിൽ അന്യദേശസസ്യങ്ങളുടെ പ്രാഥമിക ഉറവിടം അന്താരാഷ്ട്ര വ്യാപാരമാണ്. 1950 മുതൽ ആഗോളവ്യാപാരത്തിലുണ്ടായ വർദ്ധനയുടെ ഫലമായി അന്യദേശജീവികളുടെ കുടിയേറ്റം അഭൂതപൂർവ്വമായി വർദ്ധിച്ചു. ഇവയിൽ ചിലത് വൻ ആക്രമണകാരികളായി മാറിയിട്ടുണ്ട്. ലോകത്ത് ഇപ്പോൾ അന്യദേശജീവികൾ എന്ന് അറിയപ്പെടുന്നവയുടെ 37 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 1970-നു ശേഷമാണ്.
അധിനിവേശം ആഗോളതലത്തിൽ
ആഗോളതലത്തിൽ ജൈവവൈവിധ്യനഷ്ടത്തിന് കാരണക്കാരാവുന്ന അഞ്ചു ഘടകങ്ങളിൽ ഒന്നാണ് അധിനിവേശ ജീവികൾ (ഭൂമിയുടെയും സമുദ്രത്തിന്റെയും ഉപയോഗത്തിലുള്ള മാറ്റം, ജീവികളെ നേരിട്ട് ചൂഷണം ചെയ്യൽ, കാലാവസ്ഥാമാറ്റം, മലിനീകരണം എന്നിവയാണ് മറ്റുള്ളവ). ജീവികളുടെ രേഖപ്പെടുത്തിയിട്ടുള്ള 60 ശതമാനം ആഗോള വംശനാശവും അന്യ-അധിനിവേശ ജീവികൾ കൊണ്ട് സംഭവിച്ചതാണ്. അതുപോലെ, പ്രാദേശിക ജൈവവൈവിധ്യത്തിന്റെ ഇടിവും അധിനിവേശത്തിന്റെ പ്രധാന ആഘാതങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിന്റെ വിവിധയിടങ്ങളിലായി 37,000-ലധികം അന്യദേശജീവികൾ മനുഷ്യ പ്രവർത്തനങ്ങൾ വഴി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഇവയിൽ 3,500-ലധികം സ്പീഷീസുകൾക്ക് ദോഷകരമായ സ്വാധീനമുള്ളതായി തെളിവുകളുണ്ട്. അന്യ-അധിനിവേശ ജീവികൾ വഴിയുള്ള ആഗോള സാമ്പത്തികനഷ്ടം 2019-ലെ വിലയിരുത്തൽ പ്രകാരം പ്രതിവർഷം 423 ശതകോടി ഡോളർ കവിഞ്ഞു. ആഗോള നഷ്ടത്തിന്റെ ഭൂരിഭാഗവും (92%) മനുഷ്യർക്ക് പരിസ്ഥിതി സേവനങ്ങളിലോ ജീവിതനിലവാരത്തിലോ ഉള്ള ഇവയുടെ പ്രതികൂലസ്വാധീനത്തിൽ നിന്നാണ്. ബാക്കി എട്ടു ശതമാനമാണ് അധിനിവേശ മാനേജ്മെന്റ് ചെലവുകൾ.
ചില അന്യ-അധിനിവേശ ജീവജാലങ്ങൾക്ക് മനുഷ്യർക്ക് ചില പ്രയോജനങ്ങൾ നൽകാനാകുമെങ്കിലും (ഉദാ. പൂക്കൾ, തീറ്റപ്പുല്ല്), അവ മനുഷ്യന്റെ ആരോഗ്യം (അലർജി), ഉപജീവനമാർഗ്ഗങ്ങൾ, ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, ഭക്ഷ്യവിതരണത്തിലെ കുറവ് എന്നിവയുൾപ്പെടുന്ന ദോഷങ്ങൾ ലഘൂകരിക്കുകയോ പഴയപടിയാക്കുകയോ ചെയ്യുന്നില്ല. ഭക്ഷ്യോത്പാദനത്തിലെ കുറവാണ് ഏറ്റവും വലിയ ആഘാതം (66%-ൽ അധികം).
ജലാശയങ്ങളിലെ അധിനിവേശം
നദികളും കായലുകളും നിറഞ്ഞ, ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ ജലസ്രോതസ്സുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി ജനങ്ങളുണ്ട്. ജലാശയങ്ങളിലെ അധിനിവേശ സസ്യങ്ങളുടെയും മത്സ്യങ്ങളുടെയും സാന്നിധ്യം നമ്മുടെ തനതായ ഉൾനാടൻ മത്സ്യസമ്പത്തിനും മറ്റ് പ്രകൃതിദത്ത ജലജീവികളുടെ നിലനിൽപ്പിനും മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
കേരളത്തിലെ ജലാശയങ്ങളിൽ വളരെ വ്യാപകമായി കാണുന്ന മൂന്ന് അധിനിവേശ കളകളാണ് ആഫ്രിക്കൻ പായൽ (Salvinia molesta), കുളവാഴ (Pontederia crassipes), മുട്ടപ്പായൽ (Pistia stratiotes) എന്നിവ. ഇവ അലങ്കാര സസ്യങ്ങളായി കൊണ്ടുവരപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. കബോംബാ (Cabomba furcata) സാധാരണ അക്വേറിയം സസ്യമാണ്. ഇത് ഗാർഹിക അക്വേറിയത്തിൽ നിന്നോ നദീതടത്തോട് ചേർന്നുള്ള അക്വേറിയം കുളങ്ങളിൽ നിന്നോ സ്വാഭാവിക ജലാശയങ്ങളിലേക്ക് പ്രവേശിച്ചിരിക്കാം. ഭാഗ്യവശാൽ, വളരെക്കാലം നമ്മുടെ ജലാശയങ്ങളെയും നെൽപ്പാടങ്ങളെയും മലിനമാക്കിയിരുന്ന ആഫ്രിക്കൻ പായലിനെതിരെ സൽവീനിയ വണ്ടുകൾ മുഖേനയുള്ള ജൈവികനിയന്ത്രണം വളരെ ഫലപ്രദമായി മാറി. പക്ഷേ, അപ്പോഴേക്കും കുളവാഴ, കബോംബാ തുടങ്ങിയ മറ്റു ജലസസ്യങ്ങളുടെ ശല്യം വർദ്ധിച്ചു.
അധിനിവേശം കൃഷിയിൽ
മനുഷ്യർ വിവിധ ആവശ്യങ്ങൾക്കുവേണ്ടി ചില സസ്യങ്ങളെ മാത്രം തിരഞ്ഞെടുത്ത് വളർത്തുന്നതിനെയാണ് പൊതുവിൽ കൃഷി എന്ന് പറയുന്നത്. എന്നാൽ കർഷകർ അറിയാതെതന്നെ അവർക്ക് ആവശ്യമില്ലാത്ത സസ്യങ്ങളും വിളകളോടൊപ്പം വളർന്നുവെന്നുവരാം. ഇങ്ങനെ കർഷകർ ആഗ്രഹിക്കാത്ത സ്ഥലത്ത് സ്വമേധയാ വളർന്നുവരുന്ന സസ്യങ്ങളാണ് കളകൾ. കളകൾ വിളകളുമായി ജലം, പോഷകങ്ങൾ, സൂര്യപ്രകാശം, സ്ഥലം എന്നിവയ്ക്കുവേണ്ടി മത്സരിച്ചു വളരുന്നു. ഈ മത്സരത്തിൽ മനുഷ്യൻ ഇടപെടുന്നില്ലെങ്കിൽ ജയം എപ്പോഴും കളകൾക്കായിരിക്കും; വിളവ് വൻതോതിൽ കുറയുകയും ചെയ്യും.
കൃഷിയെ സംബന്ധിച്ചിടത്തോളം 'സസ്യ അധിനിവേശം' എന്നത് 'കള ആക്രമണം' എന്നതിന്റെ പര്യായമാണ്. കൃഷിയോഗ്യമായ ഭൂമിയിൽ പുറത്തുനിന്നുള്ള സസ്യം വിജയകരമായി സ്ഥാനം ഉറപ്പിക്കുന്ന പ്രക്രിയയായി കള ആക്രമണത്തെ കണക്കാക്കാം. ഇത് കാർഷിക പ്രവർത്തനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ചെയ്യും. ചില സസ്യങ്ങൾ വളരെവേഗം കളകളായി മാറും.
ആക്രമണകാരികളായ കളകളെ നിർവ്വചിക്കുന്നതിന്: ദോഷകരമായ കളകൾ (noxious weeds), അധിനിവേശ കളകൾ (invasive weeds), അന്യദേശ കളകൾ (alien weeds) എന്നിങ്ങനെ മൂന്ന് പദങ്ങൾ ഉപയോഗിക്കാറുണ്ട്. വിളകൾ, കന്നുകാലികൾ, പൊതുജനാരോഗ്യം അല്ലെങ്കിൽ മറ്റ് സ്വത്തുക്കൾ എന്നിവയ്ക്ക് ദോഷം വരുത്തുന്ന സസ്യങ്ങളാണ് 'ദോഷകരമായ കളകൾ'. അതിവേഗം പടരാനും ദോഷകരമാകാനും സാധ്യതയുള്ള സസ്യങ്ങളാണ് 'അധിനിവേശ കളകൾ'. സ്വന്തം പ്രാദേശിക ഭൗമപരിധിക്കപ്പുറമുള്ള പ്രദേശത്തേക്ക് നീങ്ങുന്ന കളകളാണ് 'അന്യദേശ കളകൾ'.
കർഷകരും പൊതുജനങ്ങളും ഭയക്കുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ (Lissachatina fulica) 2018-ലെ പ്രളയത്തിന് ശേഷം കേരളത്തിൽ പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കൻ ഒച്ചുകൾ കാർഷിക വിളകൾക്കും നാടൻ സസ്യങ്ങൾക്കും ഗുരുതരമായ നാശമുണ്ടാക്കുന്നതോടൊപ്പം പല സസ്യ രോഗാണുക്കളുടെയും വാഹകർ കൂടിയാണ്.
അനേകം അന്യദേശകീടങ്ങളും ഇവിടെയെത്തി നമ്മുടെ കാർഷിക വിളകളെയും മറ്റ് സസ്യങ്ങളേയും ആക്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ ജനശ്രദ്ധ ആകർഷിച്ച ചില അധിനിവേശ കീടങ്ങളാണ് നാളികേര മണ്ഡരി, പപ്പായ മീലിബഗ്, മരച്ചീനി മീലിബഗ്, അധിനിവേശ ഇലപ്പേനുകൾ, കാപ്പിക്കുരു തുരപ്പൻ, റുഗോസ് വെള്ളീച്ച എന്നിവ.
വനമേഖലയിലെ അധിനിവേശം
അന്യ-അധിനിവേശസസ്യങ്ങൾ മൂലമുള്ള ആവാസവ്യവസ്ഥയുടെ നാശം വനമേഖലയിലും ചർച്ചയായിട്ടുണ്ട്. ഇവ വന്യമൃഗങ്ങൾക്ക് കാലിത്തീറ്റയുടെയും വെള്ളത്തിന്റെയും ലഭ്യത കുറയുന്നതിനും കാരണമാകുന്നു. ഉദാഹരണത്തിന് വയനാട്ടിൽ അധിനിവേശം നടത്തുന്ന മഞ്ഞക്കൊന്ന അഥവാ രാക്ഷസകൊന്ന (Senna spectabilis) എന്ന അന്യദേശമരം സ്വാഭാവിക പുൽമേടുകൾക്കും മറ്റു സസ്യങ്ങൾക്കും ഭീഷണിയാണ്. രാക്ഷസകൊന്ന വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമല്ല. വയനാട് വന്യജീവിസങ്കേതം ഉൾപ്പെടെ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ വനമേഖലയിൽ അതിവേഗ വളർച്ച കാരണം വലിയ ഭീഷണി ഉയർത്തുന്ന രാക്ഷസകൊന്നയെ തുടച്ചുനീക്കാൻ വനംവകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
കൊങ്ങിണി (Lantana camara), ധൃതരാഷ്ട്രപച്ച (Mikania micrantha), കമ്മ്യൂണിസ്റ്റ്പച്ച (Chromolaena odorata), സിങ്കപ്പൂർ ഡെയ്സി (Sphagneticola trilobata) എന്നിവയും വനാതിർത്തികളിൽ പ്രശ്‌നക്കാരായി കാണപ്പെടുന്നു. ഇവ അടിക്കാടുകളിലെ സ്വാഭാവിക സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും സസ്യഭുക്കുകളായ വന്യജീവികൾക്ക് ആഹാരദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വനഭൂമിയിൽ ആഹാരലഭ്യത കുറഞ്ഞത് കാടുകളോട് ചേർന്നുകിടക്കുന്ന ജനവാസ മേഖലകളിലേക്ക് വന്യജീവികൾ ഇറങ്ങുന്നത് കൂടാൻ കാരണമായി.
അധിനിവേശ സസ്യങ്ങളുടെ നിയന്ത്രണം
സസ്യങ്ങളുൾപ്പെടെയുള്ള ജീവികളുടെ നിയമവിരുദ്ധമായതും ആകസ്മികവുമായ ഇറക്കുമതി തടയുന്നതിന് ക്വാറന്റൈൻ നടപടികൾ ശക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണത്തിന് മുതൽക്കൂട്ടാവുംവിധത്തിൽ കൃഷി, വനം, ജല ആവാസവ്യവസ്ഥകളിലെ അധിനിവേശജീവികളുടെ നിലവിലെ സ്ഥിതിയും, മുൻഗണനാടിസ്ഥാനത്തിൽ അവയുടെ നിയന്ത്രണത്തിനായുള്ള തന്ത്രങ്ങളും രൂപപ്പെടുത്തുകയും അവ പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ സാധിക്കുകയും വേണം. കേരളത്തിലെ അധിനിവേശ ഭീഷണിയെ നേരിടുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വലിയ പങ്ക് വഹിക്കാൻ സാധിക്കും.
അധിനിവേശ കളകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗമാണ് പ്രതിരോധം (prevention). കൃത്യമായ നിരീക്ഷണം, കർശനമായ ക്വാറന്റൈൻ നിയമങ്ങൾ, എൻട്രി പോയിന്റുകളിൽ ആക്രമണകാരികൾ ഉൾപ്പെട്ടേക്കാവുന്ന ഇറക്കുമതി ചെയ്ത വസ്തുക്കളുടെ പരിശോധന എന്നിവയാണ് ഇവ എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രതിരോധനടപടികൾ. ഇതിനകം സ്ഥാപിതമായതും ആക്രമണകാരിയാകാൻ സാധ്യതയുള്ളതുമായ കളകളെ നേരിടാൻ വിവിധ മാനേജ്മെന്റ് രീതികൾ ലഭ്യമാണ്.
അന്യദേശസസ്യം അവതരിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, യാന്ത്രിക രീതികൾ, കൃഷിരീതികൾ, ജൈവരീതികൾ, അല്ലെങ്കിൽ രാസനിയന്ത്രണ നടപടികൾ എന്നിവ സംയോജിത രീതിയിൽ സ്വീകരിക്കുന്നതാണ് നല്ലത്. കാരണം ദീർഘകാലത്തേക്ക് ഫലംചെയ്യുന്നതും സുസ്ഥിരവുമായ മാനേജ്മെന്റ് രീതിയും കണ്ടെത്താനായിട്ടില്ല. കളകളുടെ പരിസ്ഥിതിയും സസ്യശാസ്ത്രവും മനസ്സിലാക്കുന്നത് ശരിയായ മാനേജ്മെന്റ് രീതികൾ ആവിഷ്‌കരിക്കാൻ സഹായിക്കും. കളകളെ നിയന്ത്രിക്കുന്നതിന് യാന്ത്രികശേഖരണവും നീക്കംചെയ്യലുമാണ് പ്രധാനമായും പിന്തുടരുന്നത്. യാന്ത്രികരീതികളിൽ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് വെട്ടൽ, വെട്ടിമുറിക്കൽ, കുഴിച്ചു നീക്കംചെയ്യൽ എന്നിവ ഉൾപ്പെടുന്നു. അധിനിവേശസസ്യങ്ങളെ നീക്കംചെയ്തതിനുശേഷം അവയെ ശരിയായി കത്തിക്കുകയോ കുഴിച്ചിടുകയോ വേണം. പുതയിടൽ, ആവരണവിളകൾ, വിളപരിക്രമണം അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള മണ്ണിളക്കൽ എന്നിവയും ഫലം ചെയ്യും. ആഫ്രിക്കൻ പായൽ പോലെ ആക്രമണകാരികളായ അന്യദേശ കളകളിൽ, ജൈവിക നിയന്ത്രണം വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്.
Content Highlights: Invasive alien species cause severe ecological, agricultural, and economic damage globally and locally., Common invasive plants in Kerala include African payal, kulavazha, and Senna spectabilis (Manjakkonna)., Global trade and human movement are primary drivers of alien species introduction., Management requires strict quarantine, prevention, and integrated control methods like biological and mechanical removal.