തിമിംഗില സ്രാവുകൾ ദേശാടനത്തിൽ; വലയിൽ കുടുങ്ങുന്നതിൽ വർധന; ആറുവർഷത്തിനിടെ രക്ഷിച്ചത് 44 എണ്ണത്തെ

കൊല്ലം:മത്സ്യബന്ധനവലകളിൽ കുടുങ്ങുന്ന തിമിംഗില സ്രാവുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞദിവസം തിരുവനന്തപുരത്തുമാത്രം ഏഴ് സ്രാവുകളാണ് വലയിൽ കുടുങ്ങിയത്. സംരക്ഷിത ഇനത്തിൽപ്പെട്ട, ദേശാടനം നടത്തുന്ന ജീവിവർഗമാണിത്.
തിരുവനന്തപുരം പൂന്തുറയിൽ ശനിയാഴ്ച കൂറ്റൻ തിമിംഗിലസ്രാവ് കുടുങ്ങിയിരുന്നു. പള്ളിത്തുറയിൽ നാലെണ്ണം കഴിഞ്ഞ ബുധനാഴ്ച മാത്രം വലയിൽ കുടുങ്ങി. കടലിൽവെച്ചുതന്നെ മത്സ്യത്തൊഴിലാളികളും ഫിഷറീസ്, വനംവകുപ്പ് അധികൃതരും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും ചേർന്ന് ഇവയെ വലമുറിച്ച് രക്ഷപ്പെടുത്തി. അതിനുമുൻപ് കൊച്ചുവേളിയിലും മൂന്നു ടണ്ണോളം വരുന്ന സ്രാവ് വലയിൽ കുടുങ്ങി. കൊല്ലത്ത് അഷ്ടമുടിക്കായലിൽ തിമിംഗില സ്രാവിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. വലകളിൽ കുടുങ്ങിയാൽ സ്രാവുകളെ വലമുറിച്ചാണ് ഉൾക്കടലിൽ തുറന്നുവിടുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വല നശിക്കുന്നതുമൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നത്.
കരയ്ക്കടിയുന്ന സ്രാവുകളെ രക്ഷപ്പെടുത്താൻ സംസ്ഥാനത്ത് 2017 മുതൽ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരള തീരത്തുനിന്നുമാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ 44 തിമിംഗില സ്രാവുകളെ രക്ഷപ്പെടുത്തി. ഗുജറാത്തിൽ 20 വർഷമായി സംരക്ഷണ നടപടികൾ തുടരുന്നുണ്ട്. ഇതുവഴി ആയിരം തിമിംഗില സ്രാവുകളെ ഇതുവരെ രക്ഷപ്പെടുത്തി.
വിശാലമായ സഞ്ചാരപഥമാണ് തിമിംഗില സ്രാവുകളുടേത്. ഭക്ഷണംതേടിയും പ്രജനനത്തിനുമായി ഇവ മറ്റിടങ്ങളിൽനിന്ന് ധാരാളമായി കേരള തീരത്തേക്ക് എത്തുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, ലക്ഷദ്വീപ് തീരങ്ങളിലൂടെയാണ് ഇവ കൂട്ടമായി സഞ്ചരിക്കുക. ഒമാൻ തീരംവഴി ഇവ പിന്നീട് പാകിസ്താനിലും ഗുജറാത്തിലും തിരിച്ചെത്തും. ശരീരംമുഴുവൻ പുള്ളികളുള്ള ഇവയെ പെട്ടന്ന് തിരിച്ചറിയാനാകും.
ശുദ്ധമായ കടൽജലമുള്ള ഭാഗത്താണ് ഇവയുടെ സാന്നിധ്യമുണ്ടാകുക. ഇവ കടലിന് ദോഷകരമായ ആൽഗകൾ, സൂക്ഷ്മജീവികൾ എന്നിവയെയാണ് ഭക്ഷണമാക്കുന്നത്. ആൽഗകളുടെ ക്രമാതീതമായ വളർച്ചമൂലം കടൽജീവികൾ നശിച്ചുപോകാതെ സംരക്ഷിക്കുന്നത് തിമിംഗില സ്രാവുകളാണ്. ഇത്തരം സ്രാവുകൾ കൂടുതലുള്ള സ്ഥലങ്ങൾ മീനുകളാൽ സമ്പന്നമാണ്. അതിനാൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ഗുണകരമാണ് ഇവയെന്ന് വെൽഡ് ലൈഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ മറൈൻ വിഭാഗം തലവൻ ഡോ. സാജൻ ജോൺ പറയുന്നു.
Content Highlights: Whale shark trapped in fishnet last six years 44 rescued