പ്ലാസ്റ്റിക് മാലിന്യത്തെ സോപ്പാക്കി മാറ്റി അമേരിക്കന്‍ ഗവേഷകർ

photo: freepik.com
photo: freepik.com

ലോകമൊട്ടാകെ പ്ലാസ്റ്റിക്കെന്ന വില്ലനെ തുരത്തുന്നതിന് പിന്നാലെയാണ്. ഇതിനായുള്ള ചില പരീക്ഷണശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ മറ്റ് ചിലത് ലക്ഷ്യം കാണാതെ പോകുന്നു. എന്നാല്‍, ശാസ്ത്രലോകത്ത് ഒരേ സമയം കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വരുന്നത്. പഴയ പ്ലാസ്റ്റിക്കിനെ ഒരുഗ്രന്‍ സോപ്പാക്കി മാറ്റിയിരിക്കുകയാണ് അമേരിക്കയില്‍നിന്നുള്ള ഗവേഷകര്‍. വിര്‍ജീനിയ ടെക്കെന്ന സര്‍വകലാശാലയിലെ അധ്യാപകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പോളീഎഥിലീനെ ഫാറ്റി ആസിഡിലേക്കും അതുവഴി സോപ്പിലേക്കും മാറ്റാന്‍ പറ്റുമെന്ന നിഗമനത്തില്‍ ഗവേഷകരിലൊരാള്‍ എത്തി. തന്മാത്രപരമായി പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്നത് 3000 വരെ കാർബൺ ആറ്റങ്ങളുടെ വലിപ്പം കൂടിയ ശൃംഖലയാണ്. എന്നാൽ സോപ്പിൽ ഉപയോഗിക്കുന്ന ഫാറ്റി ആസിഡുകളാകട്ടെ ചെറിയ കണികകൾ അടങ്ങിയതും. ഇത് വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. 

ക്രിസ്മസ് കാലത്ത് വീട്ടില്‍ തീകായുകയായിരുന്ന സര്‍വകലാശാലയിലെ കെമിസ്ട്രി വിഭാഗം അധ്യാപകരിലൊരാളായ ഗുയലാങ് ലിയുവിന്റെ തലയില്‍ ഒരു ആശയം വിരിയുന്നതാണ് കഥയിലെ ട്വിസ്റ്റ്. വിറക് കത്തുമ്പോള്‍ ഉയരുന്ന പുകയില്‍ വിറകിന്റെ അംശമുണ്ട്. സമാനമായി പ്ലാസ്റ്റിക് കത്തിക്കുന്നത് പഠനം മുന്നോട്ട് പോകാന്‍ സഹായകരമാകുമെന്ന അദ്ദേഹം കണക്കാക്കി. 

സെല്ലുലോസ് പോലുള്ള പോളിമറുകളടങ്ങിയതാണ് വിറക്. വിറക് കത്തിക്കുമ്പോള്‍ പോളിമറുകള്‍ ചെറിയ ചെയിനുകളായി രൂപം മാറുന്നു. പിന്നീട് ഇവ വാതക തന്മാത്രകളായും മാറുന്നുണ്ട്. സിന്തറ്റിക് പോളിഎഥിലീന്‍ തന്മാത്രകളെ സമാനമായ പ്രക്രിയ്ക്ക് വിധേയമാക്കുകയും വാതക തന്മാത്രങ്ങളായി മാറുന്നതിന് മുമ്പ് നിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ഷോര്‍ട്ട് ചെയിന്‍ പോളിഎഥിലീന് സമാനമായ തന്മാത്രകള്‍ ലഭിക്കും. (short-chain, polyethylene-like molecules)

ഗുയലാങ്ങും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്ലാസ്റ്റിക് സുരക്ഷിതമായി കത്തിക്കാന്‍ ഓവന് സമാനമായ ഒരു ഉപകരണം നിര്‍മിച്ചെടുത്തു. അമിതമായി കത്തി പോകാതിരിക്കാന്‍ വേണ്ട സംവിധാനങ്ങളും ഉപകരണത്തില്‍ ക്രമീകരിച്ചു. കത്തി കഴിഞ്ഞതിന് ശേഷം ഗവേഷകര്‍ക്ക് ലഭിച്ചതാകട്ടെ ഷോര്‍ട്ട് ചെയിന്‍ പോളിഎഥിലീനാണ്. മെഴുകിന്റെ മറ്റൊരു രൂപമായ ഇതിനെ അവര്‍ സോപ്പാക്കി മാറ്റുകയായിരുന്നു. 

പ്ലാസ്റ്റിക്കില്‍നിന്ന് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ സോപ്പാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കളര്‍ ഒരല്‍പ്പം വ്യത്യസ്തമാണെങ്കിലും ഗുണത്തില്‍ മാറ്റമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഈ രീതി പോളിഎഥിലീന്‍, പോളിപ്രോപ്പലീന്‍ എന്നീ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ മാത്രമേ പ്രാവര്‍ത്തികമാകൂ. ലോകമെമ്പാടും ഈ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നത് 20 കോടി ടണ്‍ (200 മില്ല്യണ്‍ ടണ്‍) പ്ലാസ്റ്റിക് മാലിന്യമാണ്. 
 

Content Highlights: us scientists turn old plastic into soap, new finding