മണ്ണിന്റെ നിശബ്ദ കാവൽക്കാർ; സ്പ്രിങ്ടെയിലുകളിൽ രണ്ട് പുതിയ സ്പീഷിസുകളെ കണ്ടെത്തി മലയാളി ഗവേഷക

കല്പറ്റ: മണ്ണിന്റെ ആരോഗ്യവും ആവാസവ്യവസ്ഥയുടെ നിലനിൽപ്പും നിശ്ശബ്ദമായി കാത്തുസൂക്ഷിക്കുന്ന അതിസൂക്ഷ്മ ജീവിവിഭാഗമായ സ്പ്രിങ്ടെയിലുകളിൽപ്പെട്ട രണ്ട് പുതിയ സ്പീഷിസുകളെ പള്ളിക്കുന്ന് സ്വദേശിനി അഞ്ജുറിയ ജോസ് നടുവിൽമുറ്റം കണ്ടെത്തി. മണ്ണിലും ഇലപ്പൊഴിയിലും ജീവിക്കുന്ന ഇവ ജൈവവസ്തുക്കളുടെ വിഘടനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഫോൾസോമിയ ജനുസ്സിൽപ്പെട്ട ഫോൾസോമിയ സീഗ, ഫോൾസോമിയ യൂണിയോകുലേറ്റ എന്നീ രണ്ട് സ്പീഷീസുകളെയാണ് കണ്ടെത്തിയത്. ഇതോടെ, ഇന്ത്യയിൽ രേഖപ്പെടുത്തിയ ഫോൾസോമിയ സ്പീഷിസുകളുടെ എണ്ണം 13 ആയി.
‘അന്ധൻ’ എന്ന സ്പാനിഷ് പദത്തിന്റെ പേരിലാണ് ഫോൾസോമിയ സീഗ എന്ന് പേരിട്ടിരിക്കുന്നത്. ഇതിന് കണ്ണുകളൊന്നുമില്ല. ഏകദേശം ഒരു മില്ലിമീറ്റർ നീളവും ഇളംനിറത്തിൽ നീണ്ട ശരീരമുള്ള ഈ ജീവിയെ ശരീരഭാഗങ്ങളിലെ രോമങ്ങളുടെ പ്രത്യേക വിന്യാസത്തിലൂടെയും വാലറ്റത്തെ ഇരട്ടമുന കൂർത്ത ഘടനയിലൂടെയാണ് തിരിച്ചറിയുന്നത്.
ലാറ്റിൻഭാഷയിൽ ‘ഒറ്റക്കണ്ണുള്ള’ എന്ന അർഥം വരുന്ന ഫോൾസോമിയ യൂണിയോകുലേറ്റയ്ക്ക് തലയുടെ ഇരുവശത്തും ഓരോ കണ്ണാണുള്ളത്. 1.3 മില്ലീമീറ്റർവരെ വളരുന്ന ഇവ ഒന്നിലധികം കണ്ണുകളുള്ളതോ പൂർണമായും അന്ധരായതോ ആയ അനുബന്ധ ഇനങ്ങളിൽനിന്ന് വ്യത്യസ്തമാണ്.
അഞ്ജുറിയ തന്റെ പിഎച്ച്.ഡി. ഗവേഷണത്തിന്റെ ഭാഗമായി 2022 ഏപ്രിൽമുതൽ ജൂൺവരെ ഊട്ടി, കൂനൂർ, കുന്ദ, ഗൂഡല്ലൂർ, പന്തല്ലൂർ എന്നീ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച മണ്ണിന്റെ സാംപിളുകളിൽനിന്നാണ് ഈ സ്പീഷിസുകളെ തിരിച്ചറിഞ്ഞത്. ഡി.എൻ.എ. ബാർകോഡിങ്ങും സൂക്ഷ്മതല പരിശോധനയും സംയോജിപ്പിച്ചാണ് കണ്ടെത്തലുകൾ സ്ഥിരീകരിച്ചത്.
കൂനൂർ ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സനിലിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. സ്പെയിനിൽനിന്നുള്ള ഗവേഷകർ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കൂനൂരിലെ പ്രോവിഡൻസ് കോളേജിലെ സുവോളജി വകുപ്പ് എന്നിവർ ഈ ഗവേഷണത്തിന്റെ ഭാഗമായി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിൽ പ്രോജക്ട് സയന്റിസ്റ്റാണ് അഞ്ജുറിയ. ടാക്സോണമിക് ജേണലായ സൂടാക്സയിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Discovery of two new springtail species: Folsomia ciega and Folsomia unioculata., Identified by researcher Anjuriya Jose as part of her PhD research., Samples collected from regions including Ooty, Coonoor, and Gudalur between April and June 2022., Confirmed using DNA barcoding and microscopic examination., Findings published in the taxonomic journal Zootaxa.