കടുവാ സംസ്ഥാനങ്ങളാകാൻ ഗുജറാത്തും സിക്കിമും; ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആറാം പതിപ്പിന് തുടക്കം

#സി.പി. ശ്രീഹർഷൻ
പ്രതീകാത്മക ചിത്രം | Photo: mathrubhumi
പ്രതീകാത്മക ചിത്രം | Photo: mathrubhumi

ന്യൂഡൽഹി: ദേശീയ കടുവ കണക്കെടുപ്പിന്റെ ആറാം പതിപ്പിൽ രാജ്യത്ത് നിലവിലുള്ള 18 കടുവാ സംസ്ഥാനങ്ങൾക്കൊപ്പം സിക്കിമിനെയും ഉൾപ്പെടുത്താൻ തീരുമാനം. ഗുജറാത്തിനെക്കൂടി ഉൾപ്പെടുത്തുന്നതും ദേശീയ കടുവസംരക്ഷണ അതോറിറ്റി പരിഗണിക്കും. സിക്കിമിൽ കടുവസാന്നിധ്യം കാര്യമായി കണ്ടെത്തിയതായി അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. ഗുജറാത്തിലും നാമമാത്രമായ തോതിൽ കണ്ടെത്തി.

കേരളം, തമിഴ്‌നാട്, കർണാടകം, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അസം, അരുണാചൽപ്രദേശ്, മിസോറം എന്നിവയാണ്‌ കടുവാസംസ്ഥാനങ്ങൾ.

നാലുവർഷത്തിലൊരിക്കലാണ് കണക്കെടുപ്പ്. 2006-ൽ 1411, 2010-ൽ 1706, 2014-ൽ 2226, 2018-ൽ 2967, 2022-ൽ 3682 എന്നിങ്ങനെയായിരുന്നു കടുവകളുടെ എണ്ണം. കടുവസങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, മറ്റ് സംരക്ഷിത റിസർവ് വനങ്ങൾ എന്നിവിടങ്ങളിലാണ് കണക്കെടുപ്പ്. 84,500 ചതുരശ്ര കി.മീ. വിസ്തൃതിയിലുള്ള 58 കടുവസങ്കേതങ്ങളാണ് രാജ്യത്ത് നിലവിൽ.

അവസാനം കണ്ടെത്തിയ 3682 കടുവകൾ ആഗോളതലത്തിലെ കടുവകളുടെ എണ്ണത്തിന്റെ 70 ശതമാനംവരും. കടുവകളുടെ സാന്നിധ്യം കൂടുതലുള്ള കർണാടകത്തിൽ ആദ്യഘട്ട പരിശോധനാനടപടികൾ ആരംഭിച്ചു.

Content Highlights: India`s 6th Tiger Census adds Sikkim, with Gujarat under consideration. Discover tiger population updates and conservation efforts across tiger states.