പൂർണവളർച്ചയ്ക്ക് ശേഷവും കാർബൺ ആഗിരണംചെയ്ത് ഓക്കുമരങ്ങൾ; കാലാവസ്ഥാ മാതൃകകൾ തിരുത്തേണ്ടി വരുമോ?

പ്രകാശസംശ്ലേഷണവും തടിയുടെ വളർച്ചയും മുൻപു കരുതിയപോലെ അത്ര ശക്തമായ ബന്ധത്തിലല്ലെന്നാണ് ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച കൊളംബിയ ക്ലൈമറ്റ് സ്കൂളിലെ ശാസ്ത്രജ്ഞരുടെ പുതിയ പഠനം.
അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള ഓക്കുമരങ്ങളിലാണ് പഠനം നടത്തിയത്. സാധാരണയായി മേയ്മുതൽ ജൂലായ്വരെയാണ് ഓക്കുമരങ്ങളുടെ വളർച്ചാകാലം. ഒക്ടോബർവരെ അവ പ്രകാശസംശ്ലേഷണം നടത്തുന്നു. ഒരു വർഷം അവ ആഗിരണം ചെയ്യുന്ന ആകെ കാർബണിന്റെ 36 ശതമാനവും വളർച്ച നിന്നശേഷമാണ് മരങ്ങളിലെത്തുന്നത്. അതായത്, ഈ കാർബൺഡൈ ഓക്സൈഡ് മുൻപ് കരുതിയിരുന്നതുപോലെ മരത്തിന്റെ തടിയിൽ സൂക്ഷിച്ചുവെക്കുന്നതിനുപകരം പുതിയ ഇലകളും വേരുകളുമൊക്കെ ഉണ്ടാക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.
അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിനനുസരിച്ച് മരങ്ങൾ കൂടുതൽ നന്നായി വളരുമെന്നും ഇത് അവ കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ അളവ് കൂടാൻ കാരണമാകുമെന്നും കരുതിയാണ് ശാസ്ത്രജ്ഞർ ഇന്നുകാണുന്ന കാലാവസ്ഥാ മാതൃകകളെല്ലാം നിർമിച്ചിരിക്കുന്നത്. മറ്റുമരങ്ങളും വളർച്ച നിന്നശേഷവും കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നുണ്ടെങ്കിൽ ഈ മാതൃകകളെല്ലാം മാറ്റിനിർമിക്കേണ്ടിവരും.
Content Highlights: Photosynthesis and wood growth are not as strongly linked as previously believed., Oak trees absorb 36% of annual carbon after their growth season ends., Absorbed carbon is used for roots and leaves rather than just wood storage., Current climate change models may require significant revisions based on these findings.