പെരിയാറിന്റെ വളർത്തുപുത്രി മംഗള ഇനി തൃശ്ശൂരിന് സ്വന്തം; വാച്ചർ റോയിയും പുത്തൂരിൽ

#സുജിത്ത് സുധാകർ
മംഗളയും റോയിയും
മംഗളയും റോയിയും

കുമളി: പെരിയാർ കടുവാ സങ്കേതത്തിലെ പെൺകടുവ മംഗളയെ തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി പെരിയാർ കടുവ സങ്കേതത്തിൽനിന്ന്‌ പ്രത്യേകം ക്രമീകരിച്ച കൂട്ടിനുള്ളിലാക്കി വാഹനത്തിലാണ് കടുവയെ തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.

മംഗളയെ ആറുവർഷമായി പരിചരിക്കുന്ന പ്രൊട്ടക്ഷൻ വാച്ചറായ റോയി എബ്രഹാമിനെ, പാർക്കിലെ പുതിയ സാഹചര്യങ്ങളുമായി കടുവയെ ഇണക്കുന്നതിനായി പുത്തൂരിലേക്ക് മാറ്റിയിട്ടുമുണ്ട്. പുത്തൂരിലെ ഈ സേവന കാലയളവിൽ വേതനം വനംവകുപ്പ് പെരിയാർ ഈസ്റ്റ് ഡിവിഷൻ നൽകും. റോയിയുടെ താമസസൗകര്യം സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഏർപ്പാടാക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

തിമിരം ബാധിച്ച് കാഴ്ച പ്രശ്നത്തിലായ അവസ്ഥയിൽ ലഭിച്ച മംഗളയ്ക്ക് വിദേശത്തുനിന്ന് മരുന്നെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകിയിരുന്നു. എന്നാൽ, കാട്ടിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവസ്ഥയിലേക്ക് കണ്ണിന്റെ കാഴ്ച ലഭിച്ചിട്ടില്ലാത്തതിനാലും സ്വതസിദ്ധമായി ഇരപിടിക്കാനുള്ള ശേഷി ആർജിക്കാത്തതിനാലുമാണ് മംഗളയെ പുത്തൂരേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഇതിനിടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശത്തെത്തുടർന്ന് കൊക്കരയിലെ ഫോറസ്റ്റ് ഓഫീസിൽ സംരക്ഷണം നൽകി. പ്രത്യേകം രൂപപ്പെടുത്തിയ വിശാലമായ സ്ഥലത്ത് കമ്പിവേലി കെട്ടിത്തിരിച്ച് ആവാസവ്യവസ്ഥ ഒരുക്കി. എന്നാൽ, അഞ്ച് വയസ്സ് പിന്നിടുമ്പോഴും മംഗളയ്ക്ക് വനംവകുപ്പിന്റെ കൂടുതന്നെയായിരുന്നു ആശ്രയം. പുത്തൂരേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെരിയാർ കടുവ സങ്കേതത്തിലെ അധികൃതർ ഒരുവർഷം മുമ്പ് അപേക്ഷ നൽകിയിരുന്നു.

കണ്ണുകളുടെ കാഴ്ച പ്രശ്നത്തിലായ കടുവയെ വിദഗ്‌ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റാൻ മാർച്ച് ഏഴിനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമാദ് ജി.കൃഷ്ണൻ ഉത്തരവിറക്കിയത്. കടുവയ്ക്ക് പൂർണ ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമേ പെരിയാറിൽനിന്ന്‌ തൃശ്ശൂരിലേക്ക് കൊണ്ടുപോകാൻ സാധിക്കൂ എന്നതിനാലാണ് കാലതാമസം വന്നത്.

പെരിയാർ കടുവസങ്കേതത്തിലെ പുരാതനമായ മംഗളാദേവി ക്ഷേത്രത്തിനുസമീപത്തുനിന്ന് 2020 നവംബർ 21-നാണ് രണ്ടുമാസം പ്രായമുള്ള പെൺകടുവക്കുഞ്ഞിനെ വനംവകുപ്പ് വാച്ചർമാർക്ക് ലഭിച്ചത്. ഉപേക്ഷിക്കപ്പെട്ടനിലയിൽ ലഭിക്കുമ്പോൾ തിമിരം ബാധിച്ച് കാഴ്ചശക്തി 90 ശതമാനവും നഷ്ടപ്പെട്ടിരുന്നു. മംഗളാദേവി ക്ഷേത്രത്തിന് സമീപത്തുനിന്നും കിട്ടിയതിനാലാണ് മംഗളയെന്ന പേരിട്ടത്.

Content Highlights: Mangala the tigress was moved from Periyar to Puthur Zoological Park., The relocation was due to vision impairment caused by cataracts, preventing survival in the wild., Protection watcher Roy Abraham accompanies Mangala to ensure a smooth transition., Mangala was originally rescued near Mangaladevi Temple in 2020., The transfer follows official orders from the Chief Wildlife Warden.