ജനകീയ സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നു; തുടക്കം മൂന്ന് ജില്ലകളിൽ

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കണ്ണൂർ: ജനകീയ സമുദ്ര ജൈവവൈവിധ്യ വിവരശേഖരണത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. തീരപ്രദേശത്തെയും കടലിൽ 12 നോട്ടിക്കൽ മൈൽ വരെയുമുള്ള വിവരശേഖരണമാണ് നടത്തുക. ഇതുമായി ബന്ധപ്പെട്ട നാട്ടറിവുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവും രേഖപ്പെടുത്തും. കടലിലെ തിരമാല, കാറ്റ് എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകൾ, ജ്യോതിശാസ്ത്രപരമായ അറിവുകൾ തുടങ്ങിയവ ശേഖരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ പ്രാദേശിക ജൈവവൈവിധ്യസമിതികളുടെ (ബി.എം.സി.) നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കടലോര ജാഗ്രതാസമിതികളെയും നാട്ടുകാരെയും വിദ്യാർഥികളെയും പങ്കാളികളാക്കും. കടൽജീവികളുടെയും സസ്യങ്ങളുടെയും വിവരശേഖരണത്തിന് ശാസ്ത്രജ്ഞരുടെ സഹായം തേടും. സംസ്ഥാന സർക്കാർ സഹായധനം നൽകും. വിവരശേഖരണത്തിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം നൽകും. അടിത്തട്ടിലെ വിവരശേഖരണത്തിന് സ്‌കൂബ ഡൈവിങ്ങുകാരെയും മുങ്ങൽവിദഗ്ധരെയും പ്രയോജനപ്പെടുത്തും.

2013-14-ൽ തിരുവനന്തപുരത്തെ വലിയതുറമുതൽ പുതുക്കുറിച്ചിവരെ 20 കിലോമീറ്റർ തീരപ്രദേശത്തെയും 2014-15-ൽ പുതുക്കുറിച്ചിമുതൽ കൊല്ലംവരെയും വലിതുറമുതൽ പൊഴിയൂർവരെ 78 കിലോമീറ്റർ ദൂരത്തിലും ബോർഡ് സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയിരുന്നു. അത് മാതൃകയാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക് രജിസ്റ്റർ തയ്യാറാക്കുന്നു

ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിതുടങ്ങി. ഒരുവർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ആദ്യ ബ്ലോക്കുതല ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയതിന്റെ പ്രഖ്യാപനം കാഞ്ഞാങ്ങാട്ട് നടന്നു. ആദ്യമായി പ്രാദേശിക ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അത് തയ്യാറാക്കിയത്.

മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും

കടലറിവുകളുടെ ശേഖരണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം വിജയകരമായാൽ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഡോ. വി. ബാലകൃഷ്ണൻ, സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌

Content Highlights: Marine Biodiversity Register in kerala