ബ്രസീലിന്റെ മൂന്നിരട്ടി വലിപ്പമുള്ള വിള്ളല്‍, അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളികള്‍ക്ക് സംഭവിക്കുന്നത്

പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

മഞ്ഞുപ്രദേശമായ അന്റാര്‍ട്ടിക്കയ്ക്ക് മുകളിലുള്ള ഓസോണ്‍ പാളിയുടെ വിള്ളലിൽ വൻവര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്രസീലിന്റെ മൂന്നിരട്ടി വലിപ്പമാണ് നിലവില്‍ ഈ ഓസോണ്‍ പാളിയിലെ വിള്ളലിന് ഉള്ളത്, അതായത് 2.6 കോടി സ്‌ക്വയര്‍ കിലോ മീറ്റര്‍. 2023 സെപ്റ്റംബറിലാണ് ഈ അളവിലേക്ക് വിള്ളലെത്തിയത്. ലോകത്തേറ്റവും വലിപ്പമേറിയ ഓസോണ്‍ പാളിയിലെ വിള്ളലും ഇതാണ്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കോപ്പര്‍നിക്കസ് സെന്റിനല്‍ 5-പി എന്ന ഉപഗ്രഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഈ കണ്ടെത്തലിലേക്ക് ഗവേഷക സംഘമെത്തിയത്. ജനുവരി 2022-ല്‍ ഹങ്കാ ടൂങ്കാ വോള്‍ക്കാനോയിലെ അഗ്നിപര്‍വത സ്‌ഫോടനമാണ് ഇത്ര അളവില്‍ വിളളലുണ്ടാകാനുള്ള കാരണമെന്നു ഗവേഷകര്‍ പറയുന്നു. 

അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ അളവില്‍ നീരാവി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു. ഇത് പോളര്‍ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ്‌സിന്റെ രൂപീകരണത്തിന് കാരണമാകുകുയും അതുവഴി ഓസോണ്‍ പാളിയിലെ വിള്ളല്‍ കൂടുതലാവുകയും ചെയ്തുവെന്ന് ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും അഗ്നിപര്‍വത സ്‌ഫോടനം ഓസോണ്‍ പാളിയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഗവേഷക സംഘം പഠിച്ചുവരികയാണ്. 

Read also-ഒരു വസന്തകാലത്തെ കണ്ടെത്തല്‍ ലോകത്തെ ഭീതിപ്പെടുത്തി; ഇന്ന് വീണ്ടെടുക്കലിന്റെ പാതയില്‍ ഓസോണ്‍ പാളി

അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ സ്ട്രാറ്റോസ്പിയറിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും ഓസോണ്‍ പാളികള്‍ സംരക്ഷണം നല്‍കുന്നു. 

1970-80 കാലയളവില്‍ റഫ്രിജറേറ്റിലും മറ്റുമായി ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍ അമിതമായി ഉപയോഗിക്കപ്പെട്ടു. ഇത് ഓസോണ്‍ പാളികള്‍ക്ക് വെല്ലുവിളിയാകുകയും അതുവഴിയാണ് അന്റാര്‍ട്ടിക്കയില്‍ ആദ്യമായി ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴുന്നതും. ഇതിനെ തുടര്‍ന്നാണ് ഓസോണ്‍ പാളികളുടെ സംരക്ഷണത്തിനായി 1987-ല്‍ മോണ്‍ട്രിയല്‍ ഉടമ്പടിക്ക് തുടക്കമിടുന്നത്. ക്ലോറോഫ്‌ളൂറോകാര്‍ബണ്‍ പോലുളളവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ പദ്ധതി കൊണ്ടുസാധിച്ചു. 

Content Highlights: large ozone layer hole have been detected in antarctica