ലക്ഷദ്വീപിൽ കടലാമകൾ പെരുകുന്നു; കടൽപ്പുല്ലുകൾ ഇല്ലാതാകുന്നതായി റിപ്പോർട്ടുകൾ

#ടി.കെ. ബാലനാരായണൻ
ലക്ഷദ്വീപിൽ വേലികെട്ടി സംരക്ഷിച്ചുനിർത്തിയ കടൽപ്പുല്ലുകൾ
ലക്ഷദ്വീപിൽ വേലികെട്ടി സംരക്ഷിച്ചുനിർത്തിയ കടൽപ്പുല്ലുകൾ

കോഴിക്കോട്: ലോകത്ത് പലയിടത്തും കടലാമയുടെ എണ്ണം കുറയുകയും സംരക്ഷണപ്രവർത്തനം തുടരുകയും ചെയ്യുമ്പോൾ ലക്ഷദ്വീപിൽ കടലാമകളുടെ അനിയന്ത്രിതമായ വർധന പാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനറിപ്പോർട്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ലക്ഷദ്വീപിൽ കടലാമകളുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് പഠനറിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദ്വീപിലെ ലഗൂണുകളിലെ (ദ്വീപിന്റെ തീരത്തുള്ള കടലിന്റെ ആഴംകുറഞ്ഞഭാഗം) കടൽപ്പുൽത്തടങ്ങൾ വൻതോതിൽ കടലാമകൾ തിന്നുതീർക്കുന്നതിനാൽ കടലിലെ നിലവിലെ ആവാസവ്യവസ്ഥ തകിടംമറിയുന്നെന്നാണ് പഠനം. കടൽവെള്ളത്തിലെ കാർബൺ ആഗിരണംചെയ്യാനും ഓക്സിജൻ പുറത്തുവിടാനും ഈ പുൽത്തടങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ള പലമത്സ്യങ്ങളും അവയുടെ കുഞ്ഞുങ്ങളെ വളർത്തുന്നത് ഈ പുൽത്തടങ്ങളുടെ സംരക്ഷണത്തിലാണ്. കൂടാതെ, ശക്തമായ തിരമാലകളിൽനിന്ന് കടൽത്തീരത്തെ സംരക്ഷിക്കുന്ന സ്വാഭാവികമതിലായും ഇത് പ്രവർത്തിക്കും.

കടലാമകളെ ദ്രോഹിക്കാതെ കടൽപ്പുൽത്തടങ്ങൾ സംരക്ഷിക്കുന്ന പദ്ധതികളിലൂടെയാണ് നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനും (എൻ.സി.എഫ്.) ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പും പാരിസ്ഥിതികസന്തുലനത്തിന് ശ്രമംനടത്തുന്നത്. കടലിനടിയിൽ ചെറുവേലികൾ സ്ഥാപിച്ച് കടലാമകൾക്ക് കടക്കാൻകഴിയാത്തവിധം കടൽപ്പുല്ലുകൾക്ക് സുരക്ഷിതയിടങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നതെന്ന് എൻ.സി.എഫ്. സീനിയർ റിസർച്ചർ അൽ ബാദുഷ് ‘മാതൃഭൂമി’യോട് പറഞ്ഞു. ഇത്തരമിടങ്ങളിൽ കടൽപ്പുല്ലുകൾ തഴച്ചുവളരുന്നതായിട്ടാണ് പഠനങ്ങളിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ വിത്തുകളുപയോഗിച്ച് ലഗൂണുകളിൽ മുഴുവൻ കടൽപ്പുല്ലുകൾ വെച്ചുപിടിപ്പിക്കും. ഇത്തരം വേലികൾ സ്ഥാപിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും ദ്വീപ് നിവാസികളുടെ സഹകരണമുറപ്പാക്കും.

ശാസ്ത്രീയകണ്ടെത്തലുകളും പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അറിവുകളും സംയോജിപ്പിച്ച് സുസ്ഥിര സംരക്ഷണപദ്ധതി തുടരാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

Content Highlights: Lakshadweep`s sea turtle population surge is causing ecological problems, impacting seagrass beds vital for marine life and coastal protection. Learn about conservation efforts.