'കൊലയാളികളല്ല, ഞങ്ങൾ സഹായികൾ'; കടലിൽ മനുഷ്യർക്കായി ഓര്‍ക്കകള്‍ ഭക്ഷണം എത്തിക്കുന്നെന്ന് പഠനം |Video

കൊലയാളിത്തിമിംഗിലമെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍ | Photo: AP
കൊലയാളിത്തിമിംഗിലമെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍ | Photo: AP

മുദ്രത്തിലെ ഭീന്മമാരായ തിമിം​ഗിലങ്ങളെവരെ വേട്ടയാടി ഭക്ഷിക്കുന്നവരാണ് കൊലയാളിത്തിമിം​ഗിലങ്ങളെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍. കൊലയാളിത്തിമിം​ഗിലങ്ങളുടെ വിചിത്രമായ സ്വഭാവരീതികൾ പലപ്പോഴും പഠനവിധേയമായിട്ടുണ്ട്. അത്തരത്തിലൊരു പഠനറിപ്പോർട്ടാണ് ഇപ്പോൾ ​ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യരുമായി കൊലയാളിത്തിമിം​ഗിലങ്ങൾ ആശയവിനിമയം നടത്തുന്നെന്നാണ് പഠനം പറയുന്നത്. എങ്ങനെയെന്നല്ലേ? മനുഷ്യർക്കുവേണ്ടി ഭക്ഷണവും മറ്റ് വസ്തുക്കളും കൊലയാളിത്തിമിം​ഗിലങ്ങൾ സമുദ്രോപരിതലത്തിൽ എത്തിക്കുന്നതായാണ് പുതിയ കണ്ടെത്തൽ. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിയുമ്പോഴാണിത്. 

ഇതിന്റെ വീഡിയോയും ​ഗവേഷകർ ചിത്രീകരിച്ചു. അപൂർവ്വങ്ങളിൽ അപൂർവമെന്ന വിശേഷിപ്പിക്കാവുന്ന ഇത്തരം 34 സംഭവങ്ങളാണ് ​ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. നാല് വ്യത്യസ്ത സമുദ്രങ്ങളിൽ കൊലയാളിത്തിമിം​ഗിലങ്ങൾ ഇത്തരത്തിൽ പെരുമാറുന്നതായി കണ്ടെത്തി. മത്സ്യങ്ങളെയും സമുദ്ര സസ്തനികളെയും എന്തിനേറെ പറയുന്നു, കടൽപ്പക്ഷികളെ വരെ ഇത്തരത്തിൽ കൊലയാളിത്തിമിം​ഗിലങ്ങൾ മനുഷ്യർക്കായി എത്തിക്കുന്നുണ്ട്. 

വ്യക്തിപരമായ നേട്ടം ആ​ഗ്രഹിക്കാതെ മറ്റൊരു ജീവിയെ സഹായിക്കാനുള്ള ജീവജാലങ്ങളുടെ 'ഇന്റർസ്പീഷിസ് ആൾട്രുയിസ'ത്തിന്റെ (interspecies altruism) ഉദാഹരണമായാണ് ​ഗവേഷകർ ഇതിനെ കാണുന്നത്. ഡോൾഫിൻ പോലുള്ള ജീവജാലങ്ങളിൽ ഇത്തരം സ്വഭാവരീതികൾ മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പഠനത്തിനിടെ എല്ലാ പ്രായത്തിൽപ്പെടുന്ന ആൺ, പെൺ കൊലയാളിത്തിമിം​ഗിലങ്ങളും 18 സ്പീഷിസുകളിൽപ്പെടുന്ന മത്സ്യങ്ങൾ, സമുദ്ര സസ്തനികൾ, കടൽപ്പക്ഷികൾ, കടൽപ്പായൽ എന്നിവ മനുഷ്യർക്കായി എത്തിച്ചതായാണ് രേഖപ്പെടുത്തി.

പല സന്ദർഭങ്ങളിലും മനുഷ്യരുടെ സാന്നിധ്യത്തിനായി കൊലയാളിത്തിമിം​ഗിലങ്ങൾ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായി. മനുഷ്യരെ മനസിലാക്കുന്നതിന് വേണ്ടിയോ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയോ ആണ് ഇത്തരം വിചിത്ര സ്വഭാവരീതികൾ കൊലയാളിത്തിമിം​ഗിലങ്ങൾ പ്രകടിപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Content Highlights: killer whales bring food to humans in rare moment