അധിനിവേശസസ്യങ്ങളും മാലിന്യവും, ആവാസവ്യവസ്ഥ തകർന്നു;കടലുണ്ടിപ്പുഴയോട് മുഖംതിരിച്ച് ‘ചിറകുള്ള അതിഥികൾ’

#ന്യൂസ് ഡെസ്ക്
കടലുണ്ടിപ്പുഴയിൽ കണ്ടെത്തിയ ദേശാടനപ്പക്ഷിയായ ചോരക്കാലി | ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്
കടലുണ്ടിപ്പുഴയിൽ കണ്ടെത്തിയ ദേശാടനപ്പക്ഷിയായ ചോരക്കാലി | ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്

കടലുണ്ടി: കടലുണ്ടിയിൽ നടപ്പുസീസണിൽ നടത്തിയ പക്ഷിസർവേയിൽ ദേശാടനപ്പക്ഷികൾ കുത്തനെ കുറഞ്ഞതായി കണ്ടെത്തൽ. രണ്ടുപതിറ്റാണ്ടുമുൻപ്‌ 51 ഇനം ദേശാടനപ്പക്ഷികൾവരെ വന്നിരുന്ന സ്ഥാനത്ത് കടലുണ്ടിയിലും വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിലുമായി 31 ഇനത്തെമാത്രമാണ് സർവേയിൽ കണ്ടെത്താനായത്.

കടലുണ്ടിമാത്രമെടുത്താൽ സ്ഥിതി വീണ്ടും പരിതാപകരമാകും. 31 ഇനങ്ങളിൽ ചാരമണൽക്കോഴി, പൊൻമണൽക്കോഴി, ചോരക്കാലി എന്നിവ ഉൾപ്പെടെ ആറിനം ദേശാടനപ്പക്ഷികൾമാത്രമാണ് കടലുണ്ടിയിൽ എത്തിയത്. രണ്ടരമണിക്കൂറോളം പുഴയിലൂടെ ബോട്ടിൽ കറങ്ങിയശേഷമാണ് ഇവയെ കണ്ടെത്താനായത്.

ദേശാടനപ്പക്ഷികളുടെ ആവാസഭൂമിയായ പനയമ്മാട് പക്ഷിസങ്കേതം അധിനിവേശസസ്യങ്ങളും പുല്ലും വളർന്ന് ദുരിതഭൂമിയായിക്കിടക്കുന്നു. പക്ഷികളുടെ തീറ്റപ്പാടം മണൽതുരുത്തും മാലിന്യവും നിറഞ്ഞുകിടക്കുന്നു. വാസഭൂമിയില്ലാതാവുകയും അഴിമുഖത്ത് മണൽമാടുപെരുകി തീറ്റകിട്ടാതാവുകയും ചെയ്തതോടെ കടലുണ്ടിപ്പുഴയോട് മുഖംതിരിക്കുകയാണ് ചിറകുള്ള അതിഥികളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പക്ഷിക്കൂട്ടമെന്നാണ് നിരീക്ഷണം.

മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, വനംവകുപ്പുമായി ചേർന്നാണ് പ്രതിവർഷ സർവേ നടത്തിയത്. സംസ്ഥാനവ്യാപകമായി നടത്തുന്ന ജലപ്പക്ഷി സർവേയുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. വേലിയിറക്കസമയത്ത് പക്ഷിസങ്കേതത്തിനുസമീപം അല്പം ചതുപ്പ് രൂപപ്പെട്ട ഭാഗത്തുമാത്രമാണ് കുറച്ചെങ്കിലും പക്ഷികളെ ചെറുകൂട്ടമായി കണ്ടത്. ഇത്തവണ എത്തിയ 31 ഇങ്ങളിൽ കൂടുതലും നാട്ടുപക്ഷികളാണെന്നും നിരീക്ഷകർ പറഞ്ഞു. ബാലാതിരുത്തി, ചെറിയതിരുത്തി, സി.പി.തിരുത്തി എന്നിവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട പക്ഷികളെ കണ്ടെങ്കിലും അവയിൽ കൂടുതലും നാട്ടുപക്ഷികളായിരുന്നു.

‘പതിറ്റാണ്ടുകൾക്കുമുൻപ്‌, സീസണായാൽ പുഴയിൽ പക്ഷികൾ നിറയും. തോണികൾ പനയമ്മാടെത്തിയാൽ അനുസരണയുള്ള കുട്ടികളെപ്പോലെ പക്ഷിക്കൂട്ടം ഇരുവശത്തേക്കും മാറി വഴിയൊരുക്കും.

കുറേ പക്ഷികൾ ഒന്നിച്ച് പറന്നുയർന്ന് മനോഹരക്കാഴ്ചയുമൊരുക്കും. ഒക്കെയിപ്പോൾ ഓർമ്മമാത്രമായി’ -മാടുനിറയുന്ന പുഴയിൽ ആയാസപ്പെട്ട് ബോട്ട് ഓടിക്കുന്നതിനിടെ ഹരീശ്വരൻ വിഷമത്തോടെ പറഞ്ഞു.

40-ലേറെ ഇനത്തിൽപ്പെട്ട അപൂർവ ദേശാടനപ്പക്ഷികൾ വന്നിരുന്ന കാഴ്ചസമൃദ്ധിയും കടലുണ്ടിക്ക് അന്യമാകുകയാണ്. 2009-16 കാലത്ത് കാൽനടയായി നടത്തിയ സർവേയിൽ കടൽക്കാക്കകൾ ഉൾപ്പെടെയുള്ള ദേശാടനപ്പക്ഷികളെ ധാരാളമായി കണ്ടിരുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു. ഇത്തവണ കടൽക്കാക്കയും ആള തുടങ്ങിയ പക്ഷികളും ഒന്നും എത്തിയിട്ടില്ല. ഇവിടെ തീറ്റ കിട്ടാതായതോടെ പുറത്തൂർ, ചാലിയം, അരിയല്ലൂർ എന്നിടങ്ങളിലേക്ക് പക്ഷികൾ പോയിരിക്കാമെന്നും നിഗമനമുണ്ട്.

കഴിഞ്ഞവർഷം മാർച്ചോടെ ഇവിടെ കടൽക്കാക്കകളെ കൂടുതലായി കണ്ടെത്തിയിരുന്നു. വരുംദിവസങ്ങളിൽ പക്ഷികൾ കൂടുതലായെത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷിപ്രേമികളും നിരീക്ഷകരും.

Content Highlights: Bird survey in Kadalandi reveals a significant drop in migratory birds, from 51 species to just 31. Habitat loss & pollution cited as causes.