ഹിമാലയത്തിൽ കാലാവസ്ഥാ വ്യതിയാന ഭീഷണി രൂക്ഷം; ഇന്ത്യയ്ക്ക് ഭീഷണി, അടിയന്തര നടപടി വേണമെന്ന് കാലാവസ്ഥാ വിദഗ്ധർ

ന്യൂഡൽഹി: ഹിമാലയൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം കാരണം പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരികയാണെന്ന് കാലാവസ്ഥാ വിദഗ്ധർ. കോപ്31 ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് സംഘടിപ്പിച്ച ചർച്ചയിലാണ് ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ വർധിച്ചുവരുന്ന ഭീഷണികൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. ഭാവിയിൽ അപകടങ്ങൾ നേരിടാൻ അടിയന്തര ആഗോള നടപടികളും ധനസഹായവും ആവശ്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, പാകിസ്താൻ എന്നീ എട്ട് രാജ്യങ്ങൾ അംഗങ്ങളായ പ്രാദേശിക അന്താരാഷ്ട്ര സംഘടനയാണ് ഐസിഐഎംഒഡി. ഓരോ ദുരന്തമുണ്ടാകുമ്പോഴും അതിനെ വെറുമൊരു മുന്നറിയിപ്പായി മാത്രം കാണാതെ അടിയന്തര നടപടികളിലേക്ക് കടക്കണമെന്ന് ഐസിഐഎംഒഡി ഡയറക്ടർ ജനറൽ പെമ ഗ്യാംത്ഷോ ആവശ്യപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ വൻ മഞ്ഞുമല വീഴ്ചയും ഒക്ടോബറിൽ ഗോർഖ ജില്ലയിലുണ്ടായ മഞ്ഞുവീഴ്ചയും ഭൂട്ടാനിലെ ഷിന്റാഫു മേഖലയിലുണ്ടായ ഗ്ലോഫ് പ്രളയവും ഇതിന് മുന്നറിയിപ്പായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസ് മറികടന്നാൽ ഹിമാലയത്തിലെ മഞ്ഞ് അനിയന്ത്രിതമായി ഉരുകുമെന്നും വരുംതലമുറകൾക്ക് അത് വലിയ പ്രളയഭീഷണി സൃഷ്ടിക്കുമെന്നും ഐസിസിഐ, യുഎൻഇപി സംയുക്ത റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഹിന്ദു കുഷ് ഹിമാലയൻ മേഖലയിൽ ഗ്ലോഫ് പ്രളയങ്ങൾ മൂലം ഏറ്റവും കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യയിലാണ്.
ഇന്ത്യയിലെ സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, അസം, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ ഇത്തരത്തിലുള്ള പ്രളയഭീഷണി നേരിടുന്നുണ്ട്. ദുരന്തങ്ങൾ രാജ്യാതിർത്തികൾ കടന്ന് എത്തുന്ന സാഹചര്യത്തിൽ, അയൽരാജ്യങ്ങൾ തമ്മിൽ നിരീക്ഷണവും തത്സമയ വിവരക്കൈമാറ്റവും സംയുക്ത മുൻകരുതൽ സംവിധാനങ്ങളും ശക്തമാക്കേണ്ടതുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി.
Content Highlights: Himalayan region facing severe irreversible climate disasters., ICIMOD highlights urgent need for global action and funding at COP31., India, Nepal, and Bhutan face massive threats from GLOF and melting glaciers., Cross-border monitoring and joint early warning systems are crucial.