ചരിത്രത്തിലെ ആറാമത് കൂട്ട ബ്ലീച്ചിങിന് വിധേയമായി ഗ്രേറ്റ് ബാരിയര്‍ റീഫ്

ലോക പൈതൃക പട്ടികയിലിടം നേടിയ ഗ്രേറ്റ് ബാരിയര്‍ റീഫിന് ഭീഷണിയുര്‍ത്തി വീണ്ടും കൂട്ട ബ്ലീച്ചിങ് . ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 2,300 കിലോമീറ്റര്‍ പ്രദേശത്ത് നടന്ന ഏരിയൽ സര്‍വ്വേയില്‍ ടൗണ്‍സ് വില്ലെ ഭാഗത്തെ പവിഴപ്പുറ്റുകളാണ് ഗുരുതരമായി ബ്ലീച്ചിങിന് വിധേയമായിരിക്കുന്നതെന്നും കണ്ടെത്തി. പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് 'കോറല്‍ ബ്ലീച്ച്' എന്നറിയപ്പെടുക. യു.എന്നിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പ്രദേശത്തെ സ്ഥിതി വിലയിരുത്തിനിരിക്കെയാണ് കൂട്ട ബ്ലീച്ചിങ്ങിനെ കുറിച്ചുള്ള മറൈന്‍ പാര്‍ക്കിന്റെ വെളിപ്പെടുത്തല്‍.
ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ ചരിത്രത്തിലെ ആറാമത് കൂട്ട ബ്ലീച്ചിങാണിത്. 1998, 2002, 2010, 2016, 2020 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് കൂട്ട ബ്ലീച്ചിങ്ങുകള്‍ രേഖപ്പെടുത്തിയത്. ഇത്തരം പ്രതിഭാസങ്ങള്‍ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണി തന്നെയാണെന്ന് പറയുന്നു ഗവേഷകര്‍.
"യഥാര്‍ത്ഥത്തില്‍ പവിഴപ്പുറ്റുകള്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഏരിയല്‍ സര്‍വേ പൂര്‍ത്തീകരിക്കപ്പെടണം. അതിന് ശേഷമേ ബ്ലീച്ചിങിന്റെ തീവ്രത അളക്കാന്‍ കഴിയൂ'', ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്കിലെ മുതിര്‍ന്ന ഗവേഷകനായ ഡോ.ഡേവിഡ് വാച്ചെന്‍ഫെള്‍ഡ് പറയുന്നു.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള ഏരിയല്‍ സര്‍വേ കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. തെക്കന്‍ പ്രദേശങ്ങളില്‍ വിമാനം ഉപയോഗിച്ചായിരിക്കും സര്‍വേ നടത്തുക. സമുദ്രത്തില്‍ ഉയര്‍ന്നു വരുന്ന ചൂട് വടക്കന്‍ പ്രദേശങ്ങളിലുടനീളം പവിഴപ്പുറ്റുകളെ നശിപ്പിച്ചു കഴിഞ്ഞു. പ്രധാന വിനോദ സഞ്ചാര മേഖലകളായ കെയര്‍ണ്‍സ്, പോര്‍ട്ട് ഡഗ്ലെസ് എന്നീ പ്രദേശങ്ങള്‍ ഒഴിവാക്കിയുള്ള കണക്കാണിത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഈ പ്രദേശങ്ങളിലെ സമുദ്രത്തില്‍ ചൂട് കുറവായതിനാല്‍ ഇവിടത്തെ പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ്ങിന് വിധേയമായിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം.
പവിഴപ്പുറ്റുകളുടെ നാശത്തിന്റെ തോത് പല തരത്തിലാണ് വിലയിരുത്തപ്പെടുന്നത്.
ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റുകളുടെ പത്ത് ശതമാനം ബ്ലീച്ചിങിന് വിധേയമായാല്‍ അത് ചെറുതായും 30 ശതമാനം വരെയുള്ളവയുടെ നാശം തീവ്രത കുറഞ്ഞതായും 60 ശതമാനമോ അതിന് മുകളിലുള്ളതോ ഗുരുതരമായും വിലയിരുത്തപ്പെടുന്നു.
പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ് പ്രക്രിയ്ക്ക് വിധേയമാകുമ്പോള്‍ മാംസവും വെള്ള നിറങ്ങളും വേഗത്തില്‍ തിരിച്ചറിയാം. എന്നാല്‍ പൂര്‍ണമായി നശിക്കുകയാണെങ്കില്‍ മാംസം ചീഞ്ഞഴകുകയും ഇരുണ്ട നിറത്തിലേക്ക് മാറുകയും ചെയ്യും. ഇത്തരത്തിലുള്ളവയെ കണ്ടെത്തുക ശ്രമകരമാണ്. ചില പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ്ങിനെ അതിജീവിക്കുമ്പോള്‍ മറ്റ് ചിലത് പൂര്‍ണമായി നശിക്കുന്നു. അതിനാല്‍ പവിഴപ്പുറ്റുകളില്‍ കോറല്‍ ബ്ലീച്ചിങിന്റെ പൂര്‍ണമായ സ്വാധീനം തിരിച്ചറിയാന്‍ ഇനിയുമൊട്ടേറെ പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് വിദ്ഗധര്‍ പറയുന്നത്.
ഇപ്പോഴുണ്ടായിരിക്കുന്ന ബ്ലീച്ചിങ് പ്രക്രിയയുടെ പൂര്‍ണമായ ഉത്തരവാദിത്വം ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ ആണെന്ന് പറയുന്നു ഗ്രീന്‍പീസ് ഓസ്‌ട്രേലിയ ക്ലൈമറ്റ് ഇംപാക്ട്‌സ് ക്യാംപയിനര്‍ മാര്‍ട്ടിന്‍ സവാന്‍. ആഗോള കാലാവസ്ഥാ പ്രതിബദ്ധത മോറിസണ്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്നാണ് ആരോപണം.
ഗ്രേറ്റ് ബാരിയര്‍ റീഫിനെ അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി അംഗങ്ങള്‍ നിര്‍ദേശിച്ചു. ഇതിനായി ജൂണില്‍ കമ്മിറ്റി യോഗം ചേരുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ആഗോള താപനത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പങ്ക് കുറയ്ക്കണമെങ്കില്‍ ഇപ്പോള്‍ മുതല്‍ ഈ നൂറ്റാണ്ടിന്റെ പകുതി വരെയുള്ള കാലയളവില്‍ നാല് ബില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയേകാക്‌സൈഡ് മാത്രമേ പുറന്തള്ളാന്‍ പാടുള്ളൂ. എന്നാല്‍ മോറിസണന്റെ നിലവിലെ കാലാവസ്ഥാ പദ്ധതികള്‍ പ്രകാരം ഒന്‍പതിലെറെ ബില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളപ്പെടാന്‍ കാരണമാകും.
Content Highlights: great barrier reef witness sixth mass coral bleaching in it's history