2035-ഓടെ കൽക്കരി ഉപയോഗം ഉപേക്ഷിക്കാനൊരുങ്ങി ജി-7 രാഷ്ട്രങ്ങൾ

റോം: ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ഘട്ടംഘട്ടമായി ഉപേക്ഷിച്ച് 2035-ഓടെ കല്‍ക്കരി ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങളിലെ പരിസ്ഥിതി മന്ത്രിമാർ.
ഇറ്റലിയുടെ വടക്കന്‍ പട്ടണമായ ടുറിന് സമീപമുള്ള റജിയ ഡി വെനേറിയയാണ് ജി 7 ഉച്ചകോടിക്ക് വേദിയായത്. കാലാവസ്ഥ, ഊര്‍ജ, പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ ഉച്ചകോടിയുടെ ഭാഗമായി.
കല്‍ക്കരിയും അതുവഴി ഘട്ടം ഘട്ടവുമായി ഫോസില്‍ ഇന്ധനങ്ങളുമൊഴിവാക്കാനുള്ള പോംവഴികളാണ് പ്രധാനമായും രണ്ടുദിവസം നീണ്ട ജി 7 ഉച്ചകോടിയില്‍ ചര്‍ച്ചയായത്. ഹരിതഗൃഹവാതകം കുറയ്ക്കുകയും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിലേക്കുമുള്ള സംഭാവന കുറയ്ക്കാനുമുള്ള പാതയുമാണ് ജി 7 രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
കാലാവസ്ഥാ സംബന്ധമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് സഹായിക്കുകയും അതുവഴി ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണമായും ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്താനും പദ്ധതിയിടുന്നു. 2030കളുടെ ആദ്യ പകുതിയില്‍ കല്‍ക്കരി ഉപയോഗം രാജ്യങ്ങള്‍ ഇല്ലാതാക്കുമെന്ന് കരാര്‍ പറയുന്നുണ്ടെങ്കിലും 2035-ഓടെ ആഗോള താപനവർധനവ് 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധി നിലനിര്‍ത്തുകയാണെങ്കില്‍ സമയപരിധിയിലും ഇളവാവാമെന്ന് ഉടമ്പടിയിൽ പറയുന്നുണ്ട്.
കല്‍ക്കരി ഊര്‍ജത്തെ കൂടുതലായും ആശ്രയിക്കുന്ന ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസം പകരുമെന്നും കരുതപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കാനഡ, ജപ്പാന്‍ എന്നിവയാണ് ജി-7 അംഗരാജ്യങ്ങള്‍. നിലവില്‍ ജി 7 ഉച്ചകോടിയുടെ അധ്യക്ഷപദം കൈയ്യാളുന്നത് ഇറ്റലിയാണ്.
Content Highlights: g7 ministers agreed to phase out coal consumption by 2035