രണ്ടുദിവസം നീണ്ട പരിശ്രമം; നെല്ലിയാമ്പതി വനമേഖലയിലെ കാട്ടുതീ അണച്ചു

അയിലൂര്‍: നെല്ലിയാമ്പതി വനമേഖലയില്‍ ഒലിപ്പാറ മാനംകൊട്ടപൊറ്റ ഭാഗത്ത് പടര്‍ന്നുപിടിച്ച തീ രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവില്‍ അണച്ചു. അഞ്ചുവര്‍ഷത്തിനുശേഷമാണ് ഇത്രയേറെ ഭാഗത്ത് തീപടര്‍ന്ന് ജൈവസമ്പത്ത് നശിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് തീ പടര്‍ന്നതായി കണ്ടെത്തിയത്. വെള്ളിയാഴ്ച കാലത്തുതന്നെ വനപാലകരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടങ്ങി.ശക്തമായ കാറ്റില്‍ അടിക്കാടിന് തീപിടിച്ചുതുടങ്ങിയതോടെ വലിയതോതില്‍ മറ്റിടങ്ങളിലേക്ക് തീ പടരുകയായിരുന്നു.
നെല്ലിയാമ്പതി, ആലത്തൂര്‍ റേഞ്ചുകളില്‍നിന്നായി നാല്‍പ്പതിലധികം വനപാലകരുടെ നേതൃത്വത്തിലാണ് രാവും പകലുമായി തീയണയ്ക്കാന്‍ സജീവമായി നിന്നത്.
മുരുക്കുംചാല്‍, വേങ്ങവാര തുടങ്ങിയ ഭാഗങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒലിപ്പാറ പുഴയുടെ ഇരുഭാഗത്തും തീ പടര്‍ന്നതിനാല്‍ വനപാലകര്‍ക്ക് കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഓവുപാറ ഭാഗത്തുകൂടികയറി വനമേഖലയിലെ ആലുംപതിഭാഗത്തും മുരുക്കുംചോലഭാഗത്തും കൗണ്ടര്‍ ഫയര്‍ലൈനിട്ടാണ് തീ നിയന്ത്രിച്ചത്.
നെല്ലിയാമ്പതി റേഞ്ച് ഓഫീസര്‍ കെ.ആര്‍. കൃഷ്ണദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗീരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനൂപ്, വിനോദ്, രമേഷ്, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
തീയണയ്ക്കാന്‍ ഇപ്പോഴും കമ്പും പച്ചിലത്തലപ്പും ജനവാസമേഖലയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അഗ്നിരക്ഷാസേന തീയണക്കുമ്പോഴും വനമേഖലയിലെ ഉള്‍ഭാഗങ്ങളില്‍ തീയണയ്ക്കാന്‍ വനംവകുപ്പിന് ആധുനിക സംവിധാനിമില്ല. ഇപ്പോഴും കാട്ടുതീ അണയ്ക്കുന്നതിന് വനപാലകര്‍ കമ്പും പച്ചിലത്തലപ്പും ഉപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്. വടക്കാഞ്ചേരി അകമലഭാഗത്ത് കാട്ടുതീ അണയ്ക്കുന്നതിനിടെ വനസംരക്ഷണ സമിതി ജീവനക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ആധുനികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
Content Highlights: forest fire in nelliyampathy forest area have been eradicated