പ്രകൃതിയോടുള്ള ക്രൂരതകൾക്ക് സാക്ഷി വേണം; ഭൂമിക്കൊരു 'ബ്ലാക്ക് ബോക്സ്' നിർമിക്കാൻ ഗവേഷകർ

ഭൂമിയിലെ മാറുന്ന കാലാവസ്ഥ മനുഷ്യകുലത്തിന്റെ അന്ത്യത്തിന് കാരണമാകുമോ? ആകും എന്നുതന്നെയാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരുടെയും വിശ്വാസം. അങ്ങനെയൊരിക്കൽ സർവനാശം തേടിയെത്തിയാലും മനുഷ്യൻ ഭൂമിയോടു ചെയ്ത ക്രൂരതകൾക്കൊരു സാക്ഷിയുണ്ടാകണം എന്ന വിശ്വാസത്തിൽനിന്നാണ് ഭൂമിക്കൊരു 'ബ്ലാക്ക് ബോക്സ്' വേണമെന്ന തീരുമാനത്തിന്റെ തുടക്കം.
അഞ്ചുവർഷമായുള്ള ഈ ആഗ്രഹം സഫലമാകാൻ പോകുകയാണ്. ഈ ഡിസംബറിൽ ഓസ്ട്രേലിയയിലെ ദ്വീപ് സംസ്ഥാനമായ ടാൻസ്മാനിയയിലുള്ള ക്വീൻസ് ടൗണിൽ ഇത് സ്ഥാപിക്കും. സന്നദ്ധസംഘടനയായ റൂസറാണ് 2021-ൽ പദ്ധതി പ്രഖ്യാപിച്ചത്.
നാഗരികതയുടെ പതനത്തിലേക്ക് നയിച്ച സംഭവങ്ങൾ രേഖപ്പെടുത്തുകയാണ് ബ്ലാക്ക്ബോക്സിന്റെ ലക്ഷ്യം. 16 മീറ്റർ നീളവും നാലുമീറ്റർ ഉയരവുമുള്ള ഒരു ഉരുക്കുപെട്ടിയാണിതെന്ന് പദ്ധതിയുടെ വെബ്സൈറ്റ് പറയുന്നു. ഭൂമിയുടെ കാലാവസ്ഥാവ്യതിയാനം, അതിലേക്ക് നയിച്ചതെന്ത്, മനുഷ്യൻ ചെയ്തതും ചെയ്യാതിരുന്നതും എന്ത് തുടങ്ങി ഭൂമിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കാലങ്ങളോളം സൂക്ഷിച്ചുവെക്കാൻ ഇതിനുകഴിയും.
'ബ്ലാക്ക് ബോക്സ്' എന്ന് അറിയപ്പെടുന്ന വിമാനത്തിൻ്റെ ഫ്ലൈറ്റ് റെക്കോഡറാണ് ഈ പദ്ധതിയുടെ പ്രചോദനം. വലിയ അപകടങ്ങളുണ്ടായാലും കേടുപറ്റാത്ത ബ്ലാക്ക് ബോക്സുകളാണ് അപകടകാരണം കണ്ടെത്താനുള്ള പ്രധാന വഴികളിലൊന്ന്.
Content Highlights: The project serves as a permanent record of human civilization's impact on the climate., Located in Queenstown, Tasmania, the structure is designed to withstand extreme conditions., Inspired by aircraft flight recorders, it stores data on climate change and environmental neglect., The initiative aims to provide future generations with evidence of the causes behind potential societal collapse.