ഭൂമിയിൽ എങ്ങനെയാണ് ജീവനുണ്ടായത്? നിർണായക കണ്ടെത്തലുമായി ഗവേഷകർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭൂമിയിൽ എങ്ങനെയാണ് ജീവനുണ്ടായത് എന്ന ചോദ്യത്തിനുത്തരംതേടാൻ ബഹിരാകാശത്തെ പൊടിപടലങ്ങൾ ലാബുകളിൽ കൃത്രിമമായി നിർമിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഒരുകൂട്ടം ഗവേഷകർ. നക്ഷത്രാന്തര പൊടിപടലങ്ങളും (Interstellar dust), ബഹിരാകാശ പൊടിപടലങ്ങളും (Cosmic Dust) അവർ ലാബിൽ പുനർനിർമിച്ചാണ് പരീക്ഷണം.

ഉൽക്കാശിലകളിൽ കാണപ്പെടുന്ന ജൈവപദാർഥങ്ങൾ എങ്ങനെയാണ് ഭൂമിയിലെത്തിയതെന്നും ബഹിരാകാശത്തെ അതികഠിനമായ സാഹചര്യങ്ങളിൽ എങ്ങനെയാണ് ഈ തന്മാത്രകൾ നിലനിൽക്കുന്നതെന്നും കണ്ടെത്താനാണ് പരീക്ഷണം. നക്ഷത്രങ്ങൾക്കിടയിലുള്ള ബഹിരാകാശത്ത് (Interstellar medium) കാണപ്പെടുന്ന സൂക്ഷ്മമായ ഖരരൂപത്തിലുള്ള കണങ്ങളാണ് നക്ഷത്രാന്തര പൊടിപടലങ്ങൾ. ധൂമകേതുക്കളിൽനിന്നും ഛിന്നഗ്രഹങ്ങളിൽനിന്നും പുറന്തള്ളപ്പെടുന്ന അതിസൂക്ഷ്മമായ കണങ്ങളാണ് ബഹിരാകാശ പൊടിപടലങ്ങൾ.

നക്ഷത്രങ്ങൾക്കിടയിലുള്ള ശൂന്യമായ ബഹിരാകാശത്ത് നിലനിൽക്കുന്ന അതിശൈത്യവും വായുശൂന്യവുമായ അവസ്ഥ ഒരു ഗ്ലാസ് പാത്രത്തിനുള്ളിൽ (Vacuum chamber) കൃത്രിമമായി നിർമിച്ചു. അതിലേക്ക് പ്രപഞ്ചത്തിൽ കാണപ്പെടുന്ന വാതകങ്ങളും രാസവസ്തുക്കളും കടത്തിവിട്ടാണ് ബഹിരാകാശ പൊടിപടലങ്ങൾ നിർമിച്ചത്. ഭൂമിയിൽ ജീവനുണ്ടായതിനു പിന്നിൽ ബഹിരാകാശത്തുനിന്ന് ഉൽക്കകൾ വഴിയോ മറ്റോ എത്തിയ ജൈവതന്മാത്രകൾക്ക് പങ്കുണ്ടെന്ന് ശാസ്ത്രലോകം കരുതുന്നു. ഈ തന്മാത്രകൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്നുകണ്ടെത്താനും ഗവേഷകർ ശ്രമിച്ചു.

നക്ഷത്രങ്ങളിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഈ പൊടിപടലങ്ങളിൽ പതിക്കുമ്പോൾ അവയിൽ രാസമാറ്റങ്ങൾ സംഭവിക്കുകയും ജീവന്റെ അടിസ്ഥാനമായ തന്മാത്രകൾ രൂപപ്പെടുകയും ചെയ്തു. ദി ആസ്ട്രോഫിസിക്കൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

Content Highlights: Scientists recreate cosmic dust in labs to understand how life began on Earth, studying organic molecules and interstellar dust.