ദരിദ്രരാജ്യങ്ങൾക്കുള്ള കാലാവസ്ഥാ സഹായധനത്തിൽ തീരുമാനമായേക്കും; 29-ാം കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം

ബാകു: കാലാവസ്ഥാവ്യതിയാനത്താൽ നരകയാതനയനുഭവിക്കുന്ന ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽനൽകി 29-ാം യു.എൻ. കാലാവസ്ഥാ ഉച്ചകോടി(കോപ്പ് 29) അസർബയ്ജാനിലെ ബാകുവിൽ തിങ്കളാഴ്ച തുടങ്ങി. രണ്ടാഴ്ചയോളം നീളുന്ന ഉച്ചകോടി 22-നുസമാപിക്കും. ദരിദ്രരാജ്യങ്ങൾക്കുള്ള കാലാവസ്ഥാ സഹായധനത്തിൽ പുതിയ തീർപ്പുണ്ടാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന അജൻഡ.
ദരിദ്രരാഷ്ട്രങ്ങൾ ശുദ്ധോർജോപയോഗത്തിലേക്കു നീങ്ങുന്നത് ത്വരപ്പെടുത്തുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി ഊർജസുരക്ഷ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഫണ്ട്. 10,000 കോടി ഡോളർ ഒരു വർഷം സമാഹരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, അത് ഒരു ലക്ഷം കോടി ഡോളറാക്കണമെന്ന് ദരിദ്രരാജ്യങ്ങളും കാലാവസ്ഥാവിദഗ്ധരും ആവശ്യപ്പെടുന്നു. തുക ഉയർന്നതാണെന്നു തോന്നുമെങ്കിലും നിഷ്‌ക്രിയത്വവുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നുമല്ലെന്ന് കോപ്പ് 29-ന്റെ അധ്യക്ഷനും അസർബയ്ജാൻ പരിസ്ഥിതി-പ്രകൃതിവിഭവമന്ത്രിയുമായ മുഖ്താർ ബബായേവ് പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ആഗോള ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്തി നിർത്താൻ ലക്ഷ്യമിട്ടുള്ള 2015-ലെ പാരീസ് ഉടമ്പടിയെ സംബന്ധിച്ച് കോപ്പ് 29 സത്യത്തിന്റെ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാസഹായധനത്തിൽ വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വം ഉറപ്പുവരുത്തുക. ദുർബലസമൂഹങ്ങളെ സഹായിക്കുക എന്നിവയ്ക്കാണ് ഇന്ത്യ ഉച്ചകോടിയിൽ മുൻഗണന നൽകുക. 48 രാജ്യങ്ങളുടെ തലവന്മാരുൾപ്പെടെ 198 രാജ്യങ്ങളിൽനിന്നായി 32,000 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തേക്കും.
കഴിഞ്ഞവർഷം ദുബായിൽ നടന്ന 28-ാം ഉച്ചകോടിയിൽ ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം പടിപടിയായി കുറയ്ക്കുന്നതിനുള്ള ധാരണയിലെത്തിയിരുന്നു.
Content Highlights: COP29 in Baku: Climate Finance, Fossil Fuel Reduction on Agenda