കോപ്33 കാലാവസ്ഥാ ഉച്ചകോടി: ഇന്ത്യയ്ക്ക് പിന്നാലെ ആതിഥേയത്വത്തിൽനിന്ന് പിന്മാറി ചൈനയും

ന്യൂഡൽഹി: 2028-ൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ്33-ന് ആതിഥേയത്വം വഹിക്കുന്നതിൽനിന്ന് ചൈന പിന്മാറി. നേരത്തേ ഇന്ത്യയും ആതിഥേയത്വത്തിനുള്ള താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. 2023-ൽ ദുബായിൽ നടന്ന കോപ്28 ഉച്ചകോടിയിലാണ് ഇന്ത്യ കോപ്33 ആതിഥേയത്വത്തിന് താത്പര്യം അറിയിച്ചത്. എന്നാൽ, 2026 ഏപ്രിലിൽ കൃത്യമായ കാരണം വ്യക്തമാക്കാതെ നിർദേശം പിൻവലിക്കുകയായിരുന്നു. ചൈനയും ഇന്ത്യയും പിന്മാറിയതോടെ ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളാണ് പുതിയ സാധ്യതാ പട്ടികയിലുള്ളത്.
സമുദ്രനിരപ്പ് ഉയരുന്നതും തീരശോഷണവും നേരിടുന്ന തുവാലു, കിരിബാത്തി, മാർഷൽ ഐലൻഡ്സ് തുടങ്ങിയ പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണിയാണ്. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ വളരെ ചെറിയ പങ്ക് മാത്രമുള്ള ഈ രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത്. അതേസമയം, ലോകത്ത് ഏറ്റവുംകൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളിൽ ചൈനയും ഇന്ത്യയും ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിലൊന്ന് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിരുന്നെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ദ്വീപ് രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തിനായുള്ള ആവശ്യങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
നിലവിൽ 2026 നവംബർ ഒൻപത് മുതൽ 20 വരെ തുർക്കിയിലെ അന്റാല്യയിലാണ് കോപ്31 ഉച്ചകോടി നടക്കുന്നത്. 2027-ൽ നടക്കുന്ന കോപ്32-ന് എത്യോപ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ക്രമപ്രകാരം 2028-ലെ കോപ്33 ഉച്ചകോടിയുടെ ആതിഥേയത്വം ഏഷ്യ-പസഫിക് മേഖലയ്ക്കാണ് ലഭിക്കേണ്ടത്.
2028 നവംബർ ആറ് മുതൽ 17 വരെയാണ് കോപ്33 നിശ്ചയിച്ചിരിക്കുന്നത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ പുരോഗതിയും ആഗോളതാപനം നിയന്ത്രിക്കുന്നതിൽ രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങളും വിലയിരുത്തുന്ന രണ്ടാമത്തെ ആഗോള അവലോകനം ഈ ഉച്ചകോടിയിൽ നടക്കുമെന്നതിനാൽ കോപ്33 ഏറെ നിർണായകമാണ്. ഇന്ത്യയും ചൈനയും ആതിഥേയത്വത്തിൽനിന്ന് പിന്മാറിയ സാഹചര്യത്തിൽ പുതിയ ആതിഥേയ രാജ്യത്തെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Content Highlights: China and India have both withdrawn from hosting the 2028 UN COP33 climate summit., The withdrawal impacts Asia-Pacific climate priorities and vulnerable island nations., COP33 is crucial as it features the second Global Stocktake of the Paris Agreement., Potential alternative host candidates include South Korea, Indonesia, Thailand, and Uzbekistan.