10,000 ഏക്കർ; ഏഷ്യയിലെ ഏറ്റവുംവലിയ ജംഗിൾ സഫാരി ഒരുക്കാൻ ഹരിയാണ

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ജംഗിൾ സഫാരികളിലൊന്ന് ഒരുക്കാൻ പദ്ധതിയുമായി ഹരിയാണ. ആരവല്ലി മലനിരകളിലാകും ജംഗിൾ സഫാരിയൊരുങ്ങുക. വിനോദസഞ്ചാര മേഖലയിലുണ്ടാവുന്ന കുതിപ്പിനൊപ്പം വന്യജീവി സംരക്ഷണത്തിന് പദ്ധതി മുതൽകൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 10,000 ഏക്കറാണ് ജംഗിൾ സഫാരിക്കായി കണ്ടെത്തുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് മുഖ്യമന്ത്രി നയബ് സിങ് സെെനി, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ, വനംപരിസ്ഥിതി വന്യജീവി വകുപ്പ് മന്ത്രി റാവു നർബിർ സിങ് എന്നിവർ ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് നടത്തുന്ന മൃഗപരിപാലന കേന്ദ്രമായ വൻതാര സന്ദർശിച്ചു.
ആധുനിക സജ്ജീകരണങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹാർദമായ വിനോദസഞ്ചാരത്തെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. പദ്ധതി തീർത്തും പരിസ്ഥിതി സൗഹാർദമായിരിക്കണമെന്ന് വനം-പരിസ്ഥിതി വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി നയബ് സിങ് പ്രതികരിച്ചു. വനം, പരിസ്ഥിതി വകുപ്പും ടൂറിസം വകുപ്പം ചേർന്നാണ് പദ്ധതിക്ക് രൂപംനൽകുന്നത്.
Content Highlights: asias largest jungle safari to built in haryana