അമ്പൂരിക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല ആ ദിനം, ദുരന്തസ്മരണയുടെ രണ്ടു പതിറ്റാണ്ടുകള്‍

വെള്ളറട: പഴയ ദുരന്ത ഓര്‍മകളുടെ നടുവിലാണ് അമ്പൂരിക്കാര്‍. ഒരിക്കലും ആ കറുത്തദിനം അവരുടെ ഓര്‍മകളില്‍ നിന്ന് മായുന്നില്ല. 39 പേരുടെ ജീവനെടുത്ത അമ്പൂരി ദുരന്തം നടന്നിട്ട് ചൊവ്വാഴ്ച രണ്ടു പതിറ്റാണ്ട്. ദുരന്തവാര്‍ഷികത്തിന്റെ തലേദിവസവും തുടര്‍ച്ചായി കനത്ത മഴ പെയ്യുമ്പോഴും കുന്നിന്‍ചരിവുകളില്‍ വസിക്കുന്ന അമ്പൂരി നിവാസികളുടെ നടുക്കം മാറുന്നില്ല.
മണ്ണൊലിച്ചുപോയ കുരിശുമലയുടെ മുകള്‍ഭാഗത്ത് അക്കേഷ്യാമരങ്ങളും വള്ളിപ്പടര്‍പ്പും നിറഞ്ഞ് കാടുകയറിയനിലയിലാണ്. സമീപത്തായി ഉരുള്‍പൊട്ടലിലെ വെള്ളപ്പാച്ചില്‍ കവര്‍ന്നെടുക്കാതെ അവശേഷിച്ച കെട്ടിടവും ആളനക്കമില്ലാതെ ജീര്‍ണാവസ്ഥയില്‍.തുടര്‍ച്ചയായി പെയ്ത മഴയാണ് 2001 നവംബര്‍ ഒമ്പതിന് രാത്രി എട്ടിന് നടന്ന പൂച്ചമുക്കിലെ ഉരുള്‍പൊട്ടല്‍മൂലമുള്ള മണ്ണിടിച്ചിലിനു കാരണമായത്.
അമ്പൂരി കുരിശുമലയിലെ അടിവാരത്തിലെ രണ്ടേക്കറോളം വസ്തുവിലെ മണ്ണും കല്ലുമാണ് മഴവെള്ളത്തോടൊപ്പം ഒരു കിലോമീറ്ററോളം ദൂരം താഴോട്ട് ഒഴുകിയെത്തിയത്. ഇതില്‍പ്പെട്ട് നാലു വീടുകള്‍ നിലംപരിശായി.
പൂച്ചമുക്ക് സ്വദേശി സി.ഡി.തോമസ്, സമീപവാസി അശോകന്‍, സീനുപണിക്കര്‍, ടൈറ്റസ്, എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. 39 പേരുടെ ജീവനും നഷ്ടമായി. രണ്ടുദിവസം നീണ്ട തിരച്ചിലില്‍ 38 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരാളിന്റെ മൃതദേഹം ലഭിച്ചത്.
മരിച്ചവരില്‍ എരുമേലി, കോട്ടയം മൂവാറ്റുപുഴ ഉള്‍പ്പെടെയുള്ള പ്രദേശവാസികളും ഉള്‍പ്പെട്ടിരുന്നു. 22 പേര്‍ സി.ഡി.തോമസിന്റെ കുടുംബത്തിലെ അംഗങ്ങളാണ്.വിദൂരങ്ങളില്‍ നിന്നുള്ളവര്‍ തോമസിന്റെ മകന്റെ ഒത്തുകല്യാണത്തിന് എത്തിയതായിരുന്നു. ആറുപേര്‍ ഉള്‍പ്പെട്ട അശോകന്റെ കുടുംബവും സീനുപണിക്കരുടെ ഭാര്യയും ടൈറ്റസിന്റെ കുടുംബത്തിലെ അംഗങ്ങളുമുള്‍പ്പെടെയുള്ള പരിസരവാസികളെയുമാണ് ദുരന്തം വിഴുങ്ങിയത്.
വെള്ളം ഒലിച്ചിറങ്ങിയ പുരയിടത്തിനു സമീപത്തുണ്ടായിരുന്ന മണിയന്റെ വീട് ഇപ്പോഴും ആള്‍പ്പാര്‍പ്പില്ലാതെ അടച്ചിട്ടനിലയിലാണ്. റോഡിന്റെ കീഴ്ഭാഗത്തുള്ള പ്രദേശത്തിപ്പോള്‍ കൃഷിയും വീടുകളും ഉയര്‍ന്നിട്ടുണ്ട്. .അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ചതിനു പിന്നാലെ തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
സ്‌കൂളുകളില്‍ ദുരിതാശ്വാസകേന്ദ്രങ്ങള്‍ സജ്ജമാക്കി അപകടസാധ്യത പട്ടികയിലുള്ള പ്രദേശവാസികളെ അവിടേക്കു മാറ്റിത്താമസിപ്പിക്കുന്നുണ്ട്. മറ്റുചിലര്‍ ബന്ധുവീടുകളിലേക്കും മാറുന്നു. കുന്നുകളിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും വന്‍തോതില്‍ വെള്ളം തങ്ങിനില്‍ക്കുന്നതു നീക്കുന്നുണ്ട്.
Content Highlights: amboori incident ages to two decades
Content Highlights: