മീഥെയിനെ ഗൗനിക്കാത്തത് പരിസ്ഥിതിക്ക് വെല്ലുവിളി, മുന്നറിയിപ്പുമായി ഗവേഷകർ

പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

ഹരിതഗൃഹ വാതകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണെങ്കിലും മീഥെയ്‌ന്റെ ദൂക്ഷ്യഫലങ്ങള്‍ പലപ്പോഴും മറ നീക്കി പുറത്ത് വരുന്നില്ല. വരുന്ന 20 വര്‍ഷക്കാലയളവിനുള്ളില്‍ ആഗോള താപനത്തില്‍ മീഥെയിനുള്ള പങ്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 80 മടങ്ങ് അധികമായിരിക്കും എന്ന യാഥാർത്ഥ്യം തീർത്തും അവഗണിക്കപ്പെടുകയാണ്. ഇതിനൊരു മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സസ്റ്റെയിനബിലിറ്റി സ്റ്റഡീസിലെ (ഐഎഎസ്എസ്) ഒരുക്കൂട്ടം ഗവേഷകര്‍. മീതെയ്‌ന്റെ ഭവിഷ്യത്തുകളെ മുന്‍കൂട്ടി തിരിച്ചറിയണമെന്ന നിര്‍ദേശമാണ് പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നത്.      

ചുരുങ്ങിയ സമയം മാത്രം അന്തരീക്ഷത്തില്‍ കാണപ്പെടുകയും എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള നാശങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ളതായ വാതകമാണ് മീഥെയ്ന്‍. പാരീസ് ഉടമ്പടി പ്രകാരം, മീതെയ്ൻ ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം "CO2 Equalent" എന്ന കണക്കിലാണ് പ്രതിപാദിക്കുന്നത്. താപനില വർധനയിൽ നൂറ് വർഷക്കാലത്തെ സ്വാധീനം അടിസ്ഥാനമാക്കിയാണ് കാർബൺ ഡയോക്സൈഡിന് തുല്യമായത് എന്ന് കണക്കാക്കുന്നത്. 

എന്നാൽ ഈ പഠന രീതി മീഥെയിന് യഥാർത്ഥത്തിൽ കാലാവസ്ഥയിലുള്ള സ്വാധീനം എന്താണെന്നും അത് മനുഷ്യന്റെ ആരോഗ്യത്തെയും പരിതസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നുവെന്നതും  കാര്യമായി പരിഗണക്കപ്പെടാതെ പോവുന്നതിനിടയാക്കുന്നുവെന്ന് വിദഗ്ദർ പറയുന്നു. 

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം, നെല്‍ക്കൃഷി തുടങ്ങിയവയെല്ലാം പ്രധാനപ്പെട്ട മീഥെയ്ന്‍ സ്രോതസ്സുകളാണ്. വെള്ളം നിറഞ്ഞ പാടശേഖരങ്ങളില്‍ ഓക്‌സിജന്‍ മണ്ണിനടിയിലേക്ക് ഊഴ്ന്നിറങ്ങുന്നത് തടസ്സപ്പെടുകയും അത് മീഥെയ്ന്‍ പുറന്തള്ളുന്ന ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ വാഗ്ദാനങ്ങൾ പാലിക്കാൻ ഭരണകൂടങ്ങൾ പരാജയപ്പെടാറുണ്ട്. മീഥെയ്നിന്റെ കാര്യത്തിൽ അത് അങ്ങനെ ആവണം എന്നില്ല. എണ്ണ, വാതക വ്യവസായശാലകളിൽ നിന്നുള്ള ചോർച്ചകൾ കണ്ടെത്തുന്നത് മെച്ചപ്പെടുത്തിയും,മീഥെയ്ൻകാപ്ചർ, ലാൻഡ് ഫിൽ സാങ്കേതിക വിദ്യകളിലൂടെയും ലഭ്യമായ സാങ്കേതികവിദ്യകളും ചെലവ് കുറഞ്ഞ നടപടികളും ഉപയോഗിച്ച് മീതെയ്ൻ ഉത്ഭവിക്കുന്നത് ഗണ്യമായി കുറയ്ക്കാനാവും.

അതേസമയം നിലവില്‍ പട്ടികപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ അളവിലുള്ള മീഥെയ്ന്‍ സാന്നിധ്യം അന്തരീക്ഷത്തിലുണ്ടാകാമെന്നും നിഗമനമുണ്ട്. എണ്ണ, വാതക സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലൂടെ ചോരുന്ന മീഥെയ്ന്‍ വാതകത്തിന്റെ അളവ് പലപ്പോഴും കണക്കില്‍ വരാത്തതാണ് ഇതിന് കാരണം.


 

Content Highlights: a new study is conducted by IASS researchers regarding the effect of methane