പാലക്കാട്ടെ കുളങ്ങൾ 5839, സംരക്ഷിക്കപ്പെടുന്നവ 858; മാലിന്യങ്ങൾ തള്ളുന്ന ഇടങ്ങളായി കുളങ്ങൾ

ആലത്തൂർ: 5,839 വലിയ കുളങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്. ഇവയിൽ സംരക്ഷിക്കപ്പെടുന്നത് 858 എണ്ണം മാത്രം. 4,455 എണ്ണം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. 878 പൊതുകുളങ്ങളും 360 ക്ഷേത്രക്കുളങ്ങളും 146 കരിങ്കൽക്വാറി കുളങ്ങളുമുണ്ട്. 1,497 കൊക്കർണികളും 1,410 തലക്കുളങ്ങളും 8,716 പാറക്കുഴികളും ഉണ്ട്. അഞ്ചുവർഷത്തിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവീകരിച്ചത് 138 കുളങ്ങളാണ്. ജലസേചനവകുപ്പ് 94 എണ്ണവും മണ്ണു സംരക്ഷണ വിഭാഗം 116 എണ്ണവും തൊഴിലുറപ്പ് പദ്ധതിയിൽ 510 എണ്ണവും നവീകരിച്ചു.
കുളിക്കാനും തുണികഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും ജലസേചനത്തിനും ഉപയോഗിച്ചിരുന്ന കുളങ്ങൾ ജലസേചന-കുടിവെള്ള പദ്ധതികൾ വന്നതോടെ ഉപയോഗിക്കാതെയായി. മണ്ണുതൂർന്നും ചെളിനിറഞ്ഞും കുളവാഴയും പായലും പടർന്നും കിടക്കുന്ന കുളങ്ങൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും തള്ളുന്ന ഇടങ്ങളായി.
വിവിധ വകുപ്പുകളുടെ പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ജലസ്രോതസ്സുകളുടെ നവീകരണം ആസൂത്രണംചെയ്യാൻ ജലവിഭവ-ഭൂവിനിയോഗ-ഭൂജല വകുപ്പുകളും തൊഴിലുറപ്പ് വിഭാഗവും 2022-ൽ പഠനംനടത്തിയെങ്കിലും പദ്ധതികൾ ഉണ്ടായില്ല.
Content Highlights: 5839 ponds in palakkad district protected 858