ഒഡീഷന്‍ തീരത്ത് വീണ്ടും കൂട്ടത്തോടെ ഒലിവ് റിഡ്‌ലി കടലാമകള്‍; ഇത്തവണ കൂടൊരുക്കല്‍ പകല്‍സമയത്ത്

ഒഡിഷ തീരത്ത് കൂടൊരുക്കാനെത്തിയ കടലാമകൾ (ഫയൽ ചിത്രം) | Photo: PTI
ഒഡിഷ തീരത്ത് കൂടൊരുക്കാനെത്തിയ കടലാമകൾ (ഫയൽ ചിത്രം) | Photo: PTI

ഭുവനേശ്വര്‍: പ്രജനനത്തിനായി വീണ്ടും ഒലിവ് റിഡ്‌ലി കടലാമകള്‍ കൂട്ടത്തോടെ ഒഡീഷന്‍ തീരത്ത്. മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകളാണ് ഇക്കുറി ഒഡീഷന്‍ തീരത്തെത്തിയത്. മുട്ടയിടാനും അവ വിരിയിക്കുന്നതിന് കൂടൊരുക്കാനുമാണ് ഒലിവ് റിഡ്‌ലി കടലാമകള്‍ കൂട്ടത്തോടെ തീരത്തെത്തുന്നത്. വര്‍ഷംതോറും നടക്കുന്ന ഈ കൂടൊരുക്കല്‍ അരിബാഡാ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇക്കുറി പകല്‍ സമയത്താണ് ഒലിവ് റിഡ്‌ലി കടലാമകളുടെ കൂടൊരുക്കലെന്ന പ്രത്യേകത കൂടിയുണ്ട്. 

മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകള്‍ ഒഡീഷന്‍ തീരത്തെത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ സുപ്രിയ സാഹു ഐ.എ.എസ് പങ്കുവെച്ചിട്ടുണ്ട്. "പ്രകൃതിയൊരുക്കുന്ന മനോഹരമായ ദൃശ്യമാണ് ഒഡീഷയില്‍ കാണാന്‍ കഴിയുക. കൂട്ട കൂടൊരുക്കലിനായി മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകളാണ് ഇക്കുറി ഒഡീഷന്‍ തീരത്തെത്തിയത്. ഇത്തവണത്തെ കൂടൊരുക്കല്‍ പകല്‍ സമയത്താണെന്നതാണ് ശ്രദ്ധേയം. സമുദ്ര ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നവകൂടിയാണ് ഒലിവ് റിഡ്‌ലി കടലാമകള്‍", ദൃശ്യം പങ്കുവെച്ച് എക്‌സില്‍ സുപ്രിയ സാഹു കുറിച്ചു. ഒഡീഷയിലെതന്നെ റുഷികുല്യാ നദിയില്‍ നിന്ന് 3,000 ഒലിവ് റിഡ്‌ലി കടലാമകള്‍ തീരത്തെത്തുന്ന ദൃശ്യങ്ങളും സുപ്രിയ സാഹു പങ്കുവെച്ചിട്ടുണ്ട്. 

നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതി ഒരിക്കലും നമ്മെ വിസ്മയിപ്പിക്കാതിരിക്കില്ല, സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നതിന്റെ സൂചന എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Content Highlights: 3 lakh olive ridley turtles arrive in odisha for mass nesting