വീണ്ടെടുക്കലിന്റെ പാതയില്‍ ഓസോണ്‍ പാളികള്‍, വഴിതുറന്ന് മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍

2024 സെപ്റ്റംബര്‍ 16, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി (International Day for the Preservation of the Ozone Layer) ആചരിക്കുകയാണല്ലോ. ഓസോണ്‍ പാളിയെ ദുര്‍ബലമാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് നിയന്ത്രിക്കുവാനും ഓസോണ്‍ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ അവബോധം സൃഷ്ടിക്കുന്നതിനുമായി 1987 സെപ്റ്റംബര്‍ 16 നു ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍പാളി സംരക്ഷണത്തിനായി മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പ് വെച്ച തീയതിയുടെ സ്മരണയ്ക്കായാണ് 1994-ല്‍, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (UN General Assembly) സെപ്തംബര്‍ 16 ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത് (Reoslution 49/114). ആഗോള പാരിസ്ഥിതിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഏക മാര്‍ഗമാണ് ശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള കൂട്ടായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും. ഭൂമിയിലെ ജീവന് ഓസോണ്‍ നിര്‍ണായകമാണെന്ന് മാത്രമല്ല, ഭാവി തലമുറകള്‍ക്കായി ഓസോണ്‍ പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
2024 ലെ ലോക ഓസോണ്‍ ദിനത്തിന്റെ പ്രമേയം എന്നത് 'മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍. കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു' (Montreal Protocol : Advancing Climate Action) എന്നതാണ്. ഈ വര്‍ഷത്തെ പ്രമേയം പ്രകൃതിയിലെ ഒരു സുപ്രധാനമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഓസോണ്‍ പാളിയെ സംരക്ഷിക്കുന്നതിലും ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും ആയ പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ നിര്‍ണായക പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ഓസോണ്‍ പാളി അത്യന്താപേക്ഷിതമാണെന്ന് ലോക ഓസോണ്‍ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം തടയുന്നതിലൂടെ, മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഓസോണ്‍ പാളിയെ സംരക്ഷിക്കുക മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങള്‍ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു.
Content Highlights: World Ozone Day 2024: Montreal Protocol & Climate Action