വേമ്പനാട് കായൽ മരണക്കിടക്കയിൽ; കായലിലുള്ളത് 3005 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

വേമ്പനാട് കായലിന്റെ ആവാസവ്യവസ്ഥയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ശാസ്ത്രീയപഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പഠനങ്ങൾക്കും ശുപാർശകൾക്കും തുടർന്നുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കും ക്ഷാമമില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ കർമപദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല.
കുഫോസ് (Kerala Universtiy of Fisheries and Ocean Studies, 2023) സംസ്ഥാനസർക്കാരിന് സമർപ്പിച്ച വിശദമായ റിപ്പോർട്ടാണ് വേമ്പനാടുമായി ബന്ധപ്പെട്ട പഠനപരമ്പരയിലെ ഏറ്റവും പുതിയത്.
ഗൗരവമേറിയ വിഷയങ്ങൾ
വസ്തുനിഷ്ഠമായി പറയുകയാണങ്കിൽ, ഈ പഠനങ്ങളുടെയൊക്കെ ഏറ്റവും പ്രധാനപ്പെട്ട കാരണം വേമ്പനാടിന്റെ വിഭവശേഷിയുടെ ക്രമാനുഗതമായ ശോഷണവും തത്‌ഫലമായുണ്ടാകുന്ന വിവിധ ആശ്രിതമേഖലകളിലെ ഉത്‌പാദനത്തിന്റെയും സേവനങ്ങളുടെയും പ്രതിസന്ധിയുമാണ്. വേമ്പനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ജലശാസ്ത്രസംബന്ധമായ ദുരന്തം കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ സംഭവിച്ച ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനുള്ള തടസ്സങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ്. കുട്ടനാട്ടിലെ നെൽക്കൃഷിയുടെ രണ്ടു വിളവെടുപ്പിനായി വരൾച്ചക്കാലത്തെ ഉപ്പുവെള്ളം തടയുന്നതിനാണ് തണ്ണീർമുക്കം ബണ്ട് രൂപകല്പനചെയ്തത്. എല്ലാ വർഷവും ആറുമാസംവരെ തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത് ബണ്ടിന്റെ തെക്കും വടക്കും കായലിന്റെ ആവാസവ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രണ്ടുതരം ജലാശയങ്ങൾ സൃഷ്ടിച്ചു. കായലിന്റെ സ്വതന്ത്രമായ ഒഴുക്കിനുണ്ടായ തടസ്സംമൂലം ശക്തമായ വേലിയേറ്റപ്രവാഹങ്ങൾ വടക്കുഭാഗത്തേക്കുമാത്രം ഒതുങ്ങി. മണ്ണിനെ സമ്പുഷ്ടമാക്കുന്ന വെള്ളപ്പൊക്കത്തിലെ എക്കൽ നിക്ഷേപത്തെയും അതിന്റെ സ്വാഭാവികഗതിയെയും ഈ മാറ്റങ്ങൾ സാരമായി ബാധിച്ചു. കൂടാതെ, ഉപ്പുവെള്ളത്തിന്റെ ഒഴുക്കുതടയുന്നത് അമ്ലത്വം പുറന്തള്ളുന്ന പ്രക്രിയയെ മന്ദഗതിയിലാക്കി. വേലിയേറ്റചലനങ്ങളുടെ വിരാമം ജലാശയത്തിൽ അടിഞ്ഞുകൂടിയ മാലിന്യത്തെ പ്രകൃതിദത്തമായി ശുദ്ധീകരിക്കുന്ന സുപ്രധാനമായ പാരിസ്ഥിതികപ്രവർത്തനത്തെ ഇല്ലാതാക്കി.
- കായലിന്റെ ജലസംഭരണശേഷിയുടെ കുറവ് 85%
- കായലിലുള്ളത് 3005 ടണ്‍ പ്ലാസ്റ്റിക് മാലിന്യം
കുറയുന്ന ജലസംഭരണശേഷി
എല്ലാറ്റിനുമുപരിയായി, സസ്യജന്തുജാലങ്ങളുടെ ഇനങ്ങളുടെ വൈവിധ്യത്തിലും എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കാൻ ഇതു കാരണമായി. അതുപോലെ, കായലിന്റെ ജലസംഭരണശേഷിയിലുണ്ടായ ക്രമാനുഗതമായ കുറവും തുടർന്നുള്ള വെള്ളപ്പൊക്കത്തിന്റെ ആവൃത്തിയിലും തീവ്രതയിലുമുള്ള വർധനയും ഗൗരവമായ ശ്രദ്ധയർഹിക്കുന്നു. ഈ വിഷയത്തെസംബന്ധിച്ച് 2002-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, 1910-'80-കൾക്കിടയിലെ ഏഴുദശാബ്ദങ്ങളിൽ വേമ്പനാടിലെ ജലസംഭരണശേഷി 77 ശതമാനം കുറഞ്ഞു. എന്നാൽ, 1900-2020 കാലഘട്ടത്ത് വേമ്പനാടിലെ ജലസംഭരണശേഷിയിൽ 85 ശതമാനത്തിലധികം കുറവുണ്ടായതായി കുഫോസ് കണക്കാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ പഠനങ്ങളും അടിവരയിട്ടു ചുണ്ടിക്കാണിക്കുന്നത് വേമ്പനാട്ടിലെ ജലസംഭരണശേഷിയിലുണ്ടായ ആശങ്കാജനകമായ കുറവിനെയാണ്.
മാലിന്യങ്ങൾ ഭീതിദം
തുടക്കത്തിൽ നെൽക്കൃഷിക്കും പിന്നീട് ടൂറിസം, ഭവനപദ്ധതികൾക്കും വേണ്ടിയുള്ള നിലംനികത്തലായിരുന്നു വേമ്പനാടിന്റെ മൊത്തം വിസ്തൃതി ഗണ്യമായി കുറയാനുള്ള പ്രധാനകാരണങ്ങൾ. ആഴം ഗണ്യമായി കുറയാനുള്ള രണ്ടു പ്രധാനകാരണങ്ങളാകട്ടെ ചെളികലർന്ന എക്കലും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞുകൂടുന്നതാണ്. കുഫോസിന്റെ പഠനമനുസരിച്ച് വേമ്പനാട് കായലിലെ ആകെ പ്ലാസ്റ്റിക് മാലിന്യം 3005 ടൺ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്.വേമ്പനാട് കായലിലേക്ക് വെള്ളം ഒഴുക്കിവിടുന്ന പ്രധാനപ്പെട്ട ആറ് പോഷകനദികളുടെ (അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാർ) ഉദ്‌ഭവമേഖലകളിലെ മണ്ണൊലിപ്പ്, നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ ഭൂവിനിയോഗരീതിയിലുണ്ടായ മാറ്റം, കുട്ടനാട്ടിലെ സമുദ്രനിരപ്പിനു താഴെയുള്ള നെൽക്കൃഷിക്ക് ആവശ്യമായ സ്ഥിരമായ കോൺക്രീറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണം എന്നിവയാണ് ചെളികലർന്ന എക്കൽ അടിഞ്ഞുകൂടുന്നതിന്റെ പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. മൺസൂൺമഴയുടെ വർധിച്ചുവരുന്ന കേന്ദ്രികൃതസ്വഭാവം എക്കൽ അടിഞ്ഞുകൂടുന്ന പ്രക്രിയയെ ത്വരപ്പെടുത്തി.
പുനരുജ്ജീവിപ്പിക്കണ്ടേ
വേമ്പനാട് കായൽ പശ്ചിമഘട്ടത്തെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു പാരിസ്ഥിതിക തുടർച്ചയാണ്. വേമ്പനാടിന്റെ ആവാസവ്യവസ്ഥയ്ക്ക് സുസ്ഥിരമായ പുനരുജ്ജീവനതന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ ഈ ജൈവബന്ധത്തെക്കുറിച്ചുള്ള ഒരു ധാരണ നിർണായകമാണ്. ജലമലിനീകരണത്തിന്റെ വ്യാപ്തിയുടെ ഏറ്റവുംവ്യക്തമായ തെളിവ്, കുറച്ചുകാലമായി കായലിലെ ജലം ദൈനംദിന മനുഷ്യജീവിതത്തിന്റെ ഒരാവശ്യത്തിനും ഉപയോഗിക്കുന്നില്ല എന്നതാണ്. കുട്ടനാട് മേഖലയിലും വേമ്പനാടിന്റെ തീരങ്ങളിലുമുള്ള മിക്ക കിണറുകളും മലിനമായതും ഉപയോഗശൂന്യവുമാണ്. വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾപ്രകാരം വേമ്പനാട് കായലിലെ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയമായതിലും വളരെ കൂടുതലാണ്.കായലിലെ മലിനീകരണത്തിന്റെ പ്രധാന ഇരകൾ മത്സ്യസമ്പത്തും ഉപജീവനത്തിനായി അവയെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളുമാണ്. ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ കായലിലെ മത്സ്യങ്ങളുടെ വൈവിധ്യത്തെയും ലഭ്യതയെയും സാരമായി ബാധിച്ചു. ഈ ഘട്ടത്തിൽ, നഷ്ടപ്പെട്ട കണ്ണികൾ കേന്ദ്രീകരിച്ച് വേമ്പനാടിന്റെ പുനരുജ്ജീവനത്തിനായുള്ള മുൻഗണനകളും തന്ത്രങ്ങളും പുനർനിർവചിക്കേണ്ടത് അത്യാവശ്യമാണ്.
(സാമൂഹിക നിരീക്ഷകനായ ലേഖകൻ റബർബോർഡ് മുൻ ജോയന്റ് ഡയറക്ടറാണ്)
Content Highlights: vembanad lake undergoes ecological degradation and severe pollution