പാവപ്പെട്ടവന്റെ കണ്ണീരും ലോകത്തിന്റെ പട്ടിണിയും ഒരുപോലെ കണ്ട ഇതിഹാസം; 'പച്ച'മനുഷ്യന്‍ വിടപറയുമ്പോള്‍

1987-ല്‍ ആദ്യ ലോക ഭക്ഷ്യപുരസ്‌കാരം സമ്മാനിച്ചുകൊണ്ട് അന്നത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ജാവിയസ് പെരസ് ഡി ക്യുയര്‍ എം.എസ് സ്വാമിനാഥനെ വിശേഷിപ്പിച്ചത് 'ജീവിക്കുന്ന ഇതിഹാസമെ'ന്നായിരുന്നു. ആതുരസേവനവും ഐ.പി.എസ് കുപ്പായവും വേണ്ടെന്ന് വെച്ച് കാര്‍ഷിക ഗവേഷണത്തിനായി സമര്‍പ്പിച്ച ആ ജീവിതത്തിന് അതിനോളം വലിയൊരു വിശേഷണം ചേരുമോ എന്ന് സംശയമാണ്. കര്‍ഷക ആത്മഹത്യകളും പട്ടിണിമരണങ്ങളും തീരാദുരിതം വിതച്ച ഒരു രാജ്യത്തെയും ചോര നീരാക്കി മണ്ണില്‍ പണിയെടുക്കുന്നവന്റെ തീരാദുരിതത്തെയും മാറോടണച്ച എം.എസ് സ്വാമിനാഥനെന്ന 'പച്ച'മനുഷ്യന്‍ വിട പറയുമ്പോള്‍ ബാക്കിയാവുന്നത് ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് അദ്ദേഹം നല്‍കിയ കനപ്പെട്ട സംഭാവനകളാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പമെത്താതെ കിതച്ച കാര്‍ഷികരംഗത്തെ കൈപിടിച്ചു നടത്തിയത് എം.എസ്. സ്വാമിനാഥന്റെ പഠന നിരീക്ഷണങ്ങളാണ്. ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശങ്ങളായിരുന്നില്ല സ്വാമിനാഥന്റെ തിയറികള്‍. കര്‍ഷകരെ നേരില്‍ കണ്ട്, പ്രശ്‌നങ്ങള്‍ പഠിച്ച് ശാസ്ത്രീയമാര്‍ഗങ്ങള്‍ കാര്‍ഷികരംഗത്തേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അവരെത്തന്നെ ബോധ്യപ്പെടുത്തിയാണ് ഓരോ മാറ്റങ്ങളും സ്വാമിനാഥന്‍ നടപ്പാക്കിയത്. ലഭ്യമായ മണ്ണില്‍നിന്ന് മികച്ച വിളവും വരുമാനവുമെന്ന ലക്ഷ്യത്തിലൂടെ അദ്ദേഹം ഒരേ സമയം കര്‍ഷകന്റെ കണ്ണീരും ലോകത്തിന്റെ വിശപ്പിനും പരിഹാരം കണ്ടെത്തി. ഭക്ഷ്യോത്പാദനം പതിന്മാടങ്ങായി വര്‍ധിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ കാര്‍ഷികമേഖലയ്ക്കാകുമെന്നും കൃഷി ഒരു നഷ്ടക്കച്ചവടമല്ലെന്നും സ്വാമിനാഥന്‍ ലോകത്തെ പഠിപ്പിച്ചു.
Content Highlights: The Journey Of MS Swaminathan- father of Indian green revolution