ഥാറിനെ കാട് വിഴുങ്ങുന്നത് സർവനാശത്തിനാവുമോ?

രണ്ട് ലക്ഷം സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മരുഭൂമി. ലോകത്തിലെ ഏറ്റവും വലിയ പതിനെട്ടാമത്തെ മരുഭൂമിയും ഒമ്പതാമത്തെ വലിയ ഉഷ്ണ ഉപോഷ്ണ മേഖലാ മരുഭൂമിയും. ഥാര്‍ മരുഭൂമിയെ കുറിച്ച് പണ്ട് പാഠപുസ്തകങ്ങളില്‍ പഠിച്ചതിങ്ങനെയായിരുന്നു. ഇന്ന് ആഗോളതാപനമുണ്ടാക്കുന്ന തിരിച്ചടി ലോകത്തിന്റെ അങ്ങേയറ്റത്ത് അന്റാര്‍ട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ പോലും ചൂട് പിടിപ്പിക്കുമ്പോള്‍ ഇവിടെ രാജസ്ഥാനില്‍ ഥാര്‍ മരുഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീതകഥ പറയുകയാണ്. ചൂട്ടുപൊള്ളുന്നതിനു പകരം മരുഭൂമി പച്ചപുതക്കാനൊരുങ്ങുന്ന കാഴ്ചാണ് ഥാറിൽ. ഇത് സംബന്ധിച്ച പല പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നുവെങ്കിലും 38 ശതമാനത്തോളം പച്ചപ്പും 64 ശതമാനം മഴലഭ്യതയും ഇന്ന് ഥാര്‍ അനുഭവിച്ചുവരികയാണെന്നാണ് ഗാന്ധിനഗര്‍ ഐ.ഐ.ടിയിലെ വിദഗ്ധര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ജനസംഖ്യ, വര്‍ഷപാതം, സസ്യജാലങ്ങള്‍ എന്നിവയില്‍ ഒരേസമയം ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയ ലോകത്തിലെ ഒരേയൊരു മരുഭൂമി ഥാര്‍ ആയിരുന്നുവെന്ന് പഠനം പറയുന്നു. സംഗതി പച്ചപ്പാണെങ്കിലും ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള പല മരുഭൂമികളുടേയും വ്യാപ്തി വര്‍ധിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴാണ് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നിരീക്ഷണം ഥാര്‍ മരുഭൂമിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.
Content Highlights: Thar Desert Greening: A Paradox of Climate Change