ആഴക്കടലിൽ ജീവിക്കുന്ന തിമിംഗലസ്രാവ് കരക്കടിയുന്നത് സാധാരണകാഴ്ചയാകുന്നുവോ, കാരണങ്ങളെന്ത്?

ആഴക്കടലില്‍ സര്വസാധാരാണം, സ്രാവ് വിഭാഗങ്ങളിലെ അപൂര്‍വ ജീവി വിഭാഗം, തീരപ്രദേശങ്ങളില്‍ അത്യപൂര്‍വമായി എത്തുന്നവ. ഇങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട് തിമിംഗല സ്രാവിന് (ഉടുമ്പ് സ്രാവ്). എന്നാല്‍ ഇതിന് വിപരീത കാഴ്ചയ്ക്കാണ് അടുത്തിടെയായി കേരള തീരം സാക്ഷ്യം വഹിക്കുന്നത്.കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരള തീരത്ത് 20 ഓളം തവണ മാത്രമേ തിമിംഗല സ്രാവുകളുടെ സാന്നിധ്യമുണ്ടായിട്ടുള്ളൂ. എന്നാൽ ഇന്ന് ഇവ കേരളത്തിലെയും തമിഴ്നാട്ടിലെയും കടൽ തീരത്തടിയുന്ന വാർത്തകൾ സാധാരണമാവുകയാണ്. ഉൾക്കടലിൽ ജീവിക്കുന്ന സംരക്ഷിത വിഭാഗത്തിൽപ്പെട്ട തിമിംഗല സ്രാവുകൾ സാധാരണ സ്രാവുകളെ അപേക്ഷിച്ച് മെല്ലെ നീങ്ങുന്നവയാണ് . തുമ്പ കടപ്പുറത്തടിഞ്ഞ സ്രാവിന് 10 ടണ്ണോളമാണ് ഭാരം. ഭക്ഷ്യദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിതമായ മത്സ്യബന്ധനം തുടങ്ങീ സ്രാവുകള്‍ കരക്കടിയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.
ഭക്ഷ്യ ദൗർലഭ്യം
സാധാരണയായി ഉള്‍ക്കടലില്‍ കാണാപ്പെടാറുള്ള മത്സ്യവര്ഗ്ഗമാണ് സ്രാവുകള്‍. എന്നാല്‍ ചെറുമത്സ്യങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളും ഇവ സഞ്ചാരപാതയാക്കാറുണ്ട്. കരയുടെ സമീപ പ്രദേശങ്ങളില്‍ ഇവ എത്താനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഭക്ഷ്യദൗര്ലഭ്യമെന്ന് കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് അധ്യക്ഷനായ ഡോ.എ.ബിജുകുമാര്‍ പറയുന്നു. ആഴക്കടലിലെ മത്സ്യദൗര്‍ലഭ്യം ഇവ മത്സ്യസമ്പത്ത് ഏറെയുള്ള പ്രദേശങ്ങളെ ആശ്രയിക്കാന്‍ കാരണമാകും. തുടർന്ന് ചെറിയ മത്സ്യക്കൂട്ടങ്ങളെ പിന്തുടര്ന്ന് ഇവ കരയ്ക്ക് സമീപ പ്രദേശങ്ങളിലെത്താറുണ്ട്. ഇങ്ങനെ എത്തിയതാവാം തുമ്പ കടപ്പുറത്ത് അടിഞ്ഞ തിമിംഗല സ്രാവെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ പ്രൊപ്പല്ലര്‍ മറ്റോ മൂലമുണ്ടായ പരിക്ക് ആകാം പിന്നീട് തീരത്തടിയാൻ കാരണം. പരിക്കേല്‍ക്കുന്ന തിമിംഗല സ്രാവുകള്‍ക്ക് അധിക ദൂരം നീന്താന്‍ കഴിയില്ല. അപ്പോള്‍ സമീപ പ്രദേശങ്ങളില്‍ അഭയം കണ്ടെത്തും, ഡോ. ബിജുകുമാർ പറയുന്നു. സഞ്ചാരപാതയിലുണ്ടാവുന്ന വ്യതിചലനമാണ് കരയിലെത്താനുള്ള മറ്റൊരു കാരണം. ടോക്സിക് പ്ലാങ്ക്ടണ്‍ ഭക്ഷണമാക്കുന്ന സ്രാവുകള്‍ക്ക് ചിലപ്പോള്‍ ദോഹാസ്വാസ്ഥ്യങ്ങളുണ്ടായേക്കാം. ഇതും സഞ്ചാരപാതയില്‍ വ്യതിചലനങ്ങളുണ്ടാക്കും.
കാഴ്ചയിലെ പരിമിതികൾ
നല്ല കാഴ്ച ശക്തിയുള്ള സമുദ്രജീവികളാണ് സ്രാവുകള്‍. ഇരുട്ടത്ത് പോലും ഏറ്റവും നല്ല രീതിയില്‍ മുന്നിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ മറ്റ് സമുദ്രജീവികളില്‍ നിന്ന് വിഭിന്നമായി ഇവയ്ക്ക് കണ്ണുകള്‍ മുന്നിലാണ്. അതിനാല്‍ ദൃശ്യ വ്യാപ്തി കുറയും. ഇതു പരിക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും
മറ്റൊരു പ്രധാന ഭീഷണിയാണ് മലിനീകരണം. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതയെയും വന്യമൃഗങ്ങളെയും ബാധിക്കുന്നത് പോലെ ഇവയെയും ബാധിക്കാറുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള ഇലക്ട്രോറിസ്പ്റ്റര് ഓര്‍ഗനുകള്‍ എല്ലാ സ്രാവുകളിലുമുണ്ട്. രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഈ സവിശേഷത സ്രാവുകളെ സഹായിക്കും. എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള സവിശേഷത ഇവ എങ്ങനെയാണ് വിനിയോഗിക്കുക എന്നത് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ടെന്നാണ് ഡോ.ബിജുകുമാര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം സമുദ്രത്തിലെ ചൂട് കൂടാന്‍ കാരണമാകും. ഇത് തിമിംഗല സ്രാവുകള്‍ ആഹാരമാക്കുന്ന സൂപ്ലാങ്ക്ടണുകളുടെ ലഭ്യത കുറയ്ക്കും. അങ്ങനെ കൂടുതല്‍ ഭക്ഷ്യ ലഭ്യത തേടി അവ കരയുടെ സമീപപ്രദേശങ്ങളെത്താനും സാധ്യതയുണ്ടെന്നാണ് സമുദ്ര മത്സ്യ ഗവേഷകരുടെ നിഗമനം.
വെല്ലുവിളിയുയർത്തി അനിയന്ത്രിത മത്സ്യബന്ധനം
അമിതമായ മത്സ്യബന്ധനമാണ് തിമിംഗല സ്രാവുകള്‍ നേരിടുന്ന മറ്റൊരുവെല്ലുവിളി. വലിയ മത്സ്യമായതിനാല്ത്തന്നെ വഴുതിപ്പോകില്ല. വളരെ വേഗത്തില്‍ പിടികൂടാം. കരയിലടിയുന്ന സ്രാവിന് പരിക്കില്ലെങ്കില്‍ തിരികെ കടലിലേക്ക് വിടാന്‍ കഴിയും. എന്നാല്‍ പരിക്ക് ഉണ്ടെങ്കില്‍ അതിജീവനം അത്ര എളുപ്പമാകില്ല. ഇതും ഇവ തീരത്തടിയുന്നതിന് കാരണമാകും. ഗുജറാത്തില്‍ ഒരുക്കാലത്ത് ഇവ വന്‍തോതിലാണ് വേട്ടയാടപ്പെട്ടത്. വലയില്‍ കുടുങ്ങിയാണ് ഏറിയ പങ്കും സ്രാവുകള്‍ ചത്തൊടുങ്ങുന്നത്. അതിനാല്‍ ഗുജറാത്തില്‍ കരയിലടിയുന്ന സ്രാവുകളെ തിരികെ കടലിലേക്ക് എത്തിച്ചാൽ വനംവകുപ്പ് 25,000 രൂപ പാരിതോഷികം നല്‍കുന്നുണ്ട്.
വംശനാശപട്ടികയിലുള്ള സ്രാവുകളുടെ ചിത്രങ്ങള്‍ മത്സ്യബന്ധനം നടത്തുന്നവരെ കാട്ടി ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇവ വലയില്‍ കുടുങ്ങുകയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അവബോധം സൃഷ്ടിക്കുന്നതിനാണ് സിഎംഎഫ്ആര്‍ഐ ക്ലാസുകള്‍ നടത്തുന്നത്. ഇത്തരം ബോധവത്കരണ ക്ലാസുകള്‍ ഒരു പരിധി വരെ ഗുണം ചെയ്തിട്ടുണ്ട്.
നൂറ് വര്‍ഷത്തോളം സ്രാവുകള്‍ ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വലയില്‍ കുടുങ്ങിയാല്‍ ചെയ്യുന്നത്
കടലില്‍ വലയില്‍ കുടുങ്ങുന്ന സ്രാവുകളെ കരയിലേക്ക് എത്തിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ ഇവ വലയില്‍ കുടുങ്ങുകയാണെങ്കില്‍ കടലിലേക്ക് തിരികെ വിടുകയാണ് പതിവ്. ഐയുസിഎന്നിന്റെ വംശനാശത്തിരയായി സമുദ്ര ജീവികളുടെ പട്ടികയില്‍ പെടുന്നവയാണ് തിമിംഗ സ്രാവുകളെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (സിഎംഎഫ്ആര്‍ഐ) വിഴിഞ്ഞത്തെ ഗവേഷകര്‍ പറയുന്നു.
വലയില്‍ കുടുങ്ങുന്ന സമയം തന്നെ ഇവയെ കടലിലേക്ക് തിരിച്ചു വിടാന്‍ കഴിഞ്ഞാല്‍ അവയെ രക്ഷിക്കാന്‍ കഴിയും. ചില സമയങ്ങളില്‍ പരിക്കേറ്റ കരയിലെത്തുന്ന സ്രാവുകളുടെ ഒപ്പം കൂട്ടമായി മറ്റ് സ്രാവുകളും കരയിലേക്ക് എത്താറുണ്ട്.
കേരള തീരത്ത് 20 ഓളം സ്രാവ് വര്‍ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വലയില്‍ കുടുങ്ങിയ സ്രാവ് | Photo-ANI
തിമിംഗല സ്രാവുകളുടെ പ്രത്യേക
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവുകള്‍. 12 മീറ്ററോളം നീളം വെയ്ക്കാറുണ്ട്. കടലില്‍ രണ്ടായിരത്തോളം അടി ആഴത്തിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ചില സ്രാവുകള്‍ വലിയ മത്സ്യങ്ങളെ ആഹാരമാക്കാറുണ്ടെങ്കിലും തിമിംഗല സ്രാവ് ചെറു മീനുകളെയാണ് ഭക്ഷണമാക്കുന്നത്. വളരെ പതിയെയാണ് തിമിംഗല സ്രാവുകള്‍ പ്രായപൂര്‍ത്തിയാവുക. കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ ഇവ ഉത്പാദിപ്പിക്കൂ. അതിനാല്‍ നിലനില്പ് ഭീഷണിയുമുണ്ട്. തിമിംഗല സ്രാവുകളുടെ ചിറകിന് വലിയ ഡിമാന്‍ഡുണ്ട്. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് സ്രാവിന്റെ ചിറക് കയറ്റുമതി ചെയ്തിരുന്നു. ഇതിനായും ഇവ വന്‍തോതില്‍ വേട്ടയാടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. വംശനാശത്തിന്റെ വക്കിലെത്തിയതോടെ ഇവയെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010 ന് ശേഷം വന്യജീവി സംരക്ഷണ നിയമ വകുപ്പ് പട്ടിക ഒന്നില്‍ ഇവയെ ഉള്‍പ്പെടുത്താനുള്ള കാരണം എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണ്.
Content Highlights: reasons behind stranding of sharks in coastal areas of kerala