അമ്മ ഉപേക്ഷിച്ച കടുവക്കുഞ്ഞ്, കാടിന്റെ മകൾ പുത്തൂരിലേക്ക്: 'മംഗള'യെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: matrhubhumi
പ്രതീകാത്മക ചിത്രം | Photo: matrhubhumi

പെരിയാർ: പെരിയാർ കടുവാ സങ്കേതത്തിൽനിന്ന് കണ്ടെത്തിയ 'മംഗള' എന്ന കടുവക്കുട്ടിയെ തൃശൂർ പുത്തൂരിലെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനമായി. മംഗളയുടെ രണ്ട് കണ്ണുകളിലും തിമിരം ബാധിച്ചിരിക്കുന്നതിനാൽ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്ത്, കാട്ടിലേക്ക് തിരിച്ചയക്കുന്നത് പ്രായോഗികമല്ലെന്നും തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലെ മികച്ച മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമുള്ള ഉന്നത സമിതിയുടെ അഭിപ്രായത്തെത്തുടർന്നാണ് തീരുമാനം.

ഇതിൻ്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ 2026 മാർച്ച് ഏഴിന് മംഗളയെ തൃശൂരിലേക്ക് മാറ്റാൻ ഉത്തരവിട്ടു. കൂട് ഉപയോഗിച്ചോ അല്ലെങ്കിൽ മയക്കുവെടിവെച്ചോ മംഗളയെ പിടികൂടി സുരക്ഷിതമായി പുത്തൂരിലെത്തിക്കാൻ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2020 നവംബർ 23-നാണ് പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടി റേഞ്ചിലുള്ള മംഗളാദേവി ഭാഗത്തുനിന്ന് രണ്ടുമാസം പ്രായമുള്ള ഒരു പെൺകടുവക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വനപാലകർ കണ്ടെത്തിയത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (NTCA) മാനദണ്ഡങ്ങൾ പ്രകാരം വിദഗ്ധരായ ഡോക്ടർമാരുടെ ഒരുസംഘം ഈ കടുവക്കുട്ടിക്ക് അടിയന്തര ചികിത്സ നൽകുകയും 'മംഗള' എന്ന് പേരിടുകയും ചെയ്തു.

ഡോക്ടർമാരായ നിഷ, ശ്യാം, സിബി, ആനന്ദ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ തീവ്രശ്രമമാണ് മംഗളയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കടുവക്കുട്ടിയെ അമ്മയുമായി ഒന്നിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന്, മംഗളയെ കരടിക്കവല ആന്റി പോച്ചിങ് ക്യാമ്പിലേക്ക് മാറ്റി. കണ്ടെത്തുന്ന സമയത്ത് ഇടതു പിൻകാലിന് ബലക്ഷയവും രണ്ട് കണ്ണുകൾക്കും കാഴ്ചാ വൈകല്യവുമുണ്ടായിരുന്ന മംഗളയ്ക്ക് മൂന്ന് വർഷത്തോളം നീണ്ട തീവ്രപരിചരണമാണ് നൽകിയത്. ഇതിന്റെ ഫലമായി കാലിനേറ്റ പരിക്ക് പൂർണമായും ഭേദമായി.

ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു കടുവക്കുട്ടിയെ വനപാലകർ ഏറ്റെടുത്ത് വളർത്തി വലുതാക്കുന്നത് എന്നതായിരുന്നു ഈ പ്രോജക്റ്റിനെ സവിശേഷത. മംഗളയ്ക്ക് വളരാനായി കാടിനുള്ളിൽ തന്നെ 2.78 ഹെക്ടർ വിസ്തൃതിയിൽ ഒരു സ്വാഭാവിക വനസാഹചര്യം (Animal Hospice and Palliative Care Unit - APHCU) അധികൃതർ ഒരുക്കിയിരുന്നു. വനപാലകരുമായി ഇണങ്ങിയ മംഗള, അവരുടെ നിർദേശങ്ങൾ അനുസരിക്കുകയും വിളിച്ചാൽ ഓടിവരികയും ചെയ്യുന്ന രീതിയിൽ മനുഷ്യരുമായി അടുപ്പത്തിലായി.

എന്നാൽ, മംഗളയെ കാട്ടിലേക്കുതന്നെ തിരിച്ചയക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനകൾക്കിടെയാണ് രണ്ട് കണ്ണുകളിലും തിമിരം ബാധിച്ചതായി കണ്ടെത്തിയത്. വിദഗ്ധ സമിതി നടത്തിയ പരിശോധനയിൽ, ഈ അവസ്ഥ ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയില്ലെന്നും വന്യമൃഗമായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം പ്രായോഗികമല്ലെന്നും വിലയിരുത്തി.

ദീർഘകാലത്തെ മനുഷ്യരുമൊത്തുള്ള സഹവാസംമൂലം കടുവക്കുട്ടിയെ ഉൾവനത്തിലേക്ക് തുറന്നുവിട്ടാൽ ഭാവിയിൽ മനുഷ്യ-മൃഗ സംഘർഷത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് സമിതി കണ്ടെത്തുകയായിരുന്നു. കാഴ്ചാ പരിമിതിയുള്ളതിനാൽ സ്വാഭാവിക വനത്തിൽ ഇരതേടി ജീവിക്കാനുള്ള ബുദ്ധിമുട്ടും സമിതി പരിഗണിച്ചു. മംഗളയുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഇപ്പോൾ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.

Content Highlights: Mangala the tiger cub relocated to Puthur Zoological Park for better medical care., Bilateral cataract diagnosis makes re-wilding impossible., Human imprinting poses risks for release into the wild., Successful rescue and rehabilitation story from Periyar Tiger Reserve., Official order issued by Chief Wildlife Warden.