വിവാഹസമ്മാനത്തിൽനിന്ന് പിറന്ന മുതലകളുടെ സാമ്രാജ്യം: ലോക പ്രശസ്തിയിലെത്തിയ മദ്രാസ് ക്രൊക്കോഡൈൽ ബാങ്ക്

ആനയും പൂച്ചയും നായയുമെല്ലാം നമുക്ക് ഇഷ്ടപ്പെട്ട മൃഗങ്ങളാണ്. നമ്മൾ അവയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യും. എന്നാൽ, പാമ്പുകളേയും ഉരഗങ്ങളേയും സ്നേഹിച്ച ഒരു മനുഷ്യന്റെ ആശയത്തിൽനിന്ന് ഇന്ന് രാജ്യത്തെ വംശനാശ ഭീഷണി നേരിടേണ്ടി വരുന്ന മുതലകൾ സംരക്ഷിക്കപ്പെടുകയാണ് ചെന്നൈയിൽ.
രാജ്യത്തെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുത്ത വംശനാശ ഭീഷണി നേരിടുന്നവയാണ് ഘരിയൽ, മഗർ, സോൾട്ട് വാട്ടർ വിഭാഗത്തിൽപ്പെട്ട മുതലകൾ. പതിറ്റാണ്ടുകളോളം ചർമത്തിനും മാംസത്തിനുവേണ്ടി ഇവയെ മനുഷ്യൻ വ്യാപകമായി വേട്ടയാടിയതോടെയാണ് വംശനാശ ഭീഷണി നേരിടാൻ തുടങ്ങിയത്. നമ്മുടെ പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും മുതലകൾ എത്രത്തോളം പ്രധാനമാണെന്ന് മനസിലാക്കിയതോടെയാണ് അവയുടെ സംരക്ഷണം ലക്ഷ്യംവെച്ച് റോമുലസ് വിറ്റേക്കറും ഭാര്യ സായി വിറ്റേക്കറും ചേർന്ന് ക്രോകഡെെൽ ബാങ്ക് എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. 1976-ൽ ആരംഭിച്ച ലോകപ്രശസ്തമായ ക്രോകഡെെൽ ബാങ്ക് ഇപ്പോൾ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
കുട്ടിക്കാലം മുതൽ തന്നെ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന പ്രകൃതിയെ അറിഞ്ഞ വ്യക്തിയായിരുന്നു സായ് വിറ്റേക്കർ. എട്ട് വയസുള്ളപ്പോൾ ഇന്ത്യയിലെത്തിയ റോമുലസ് വിറ്റേക്കർ ഉരഗങ്ങളെ സ്നേഹിക്കുകയും അവയുടെ പരിപാലനം കുട്ടിക്കാലം മുതൽ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു. സായിയും റോമുലസ് വിറ്റേക്കറും വിവാഹിതരായ ശേഷമാണ് വംശനാശ ഭീഷണി നേരിട്ടിരുന്ന മുതലകൾക്ക് സംരക്ഷണ കേന്ദ്രമായി ചെന്നൈയിൽ ക്രോകോഡൈൽ ബാങ്ക് ആരംഭിച്ചത്.
"വിവാഹത്തിന് സമ്മാനമായി ലഭിച്ച കുറച്ച് പണവും റോമിന്റെ അമ്മ സമ്മാനമായി നൽകിയ പഴയ ഒരു ടേപ്പ് റെക്കോർഡറും അടക്കം പ്രിയപ്പെട്ട വസ്തുക്കളൊക്കെ വിറ്റാണ് അന്ന് പണം കണ്ടെത്തിയത്. ഇന്ന് ഇപ്പോൾ അതിനെക്കുറിച്ചെല്ലാം ഓർക്കുമ്പോൾ അതിശയമൊക്കെയാണ് തോന്നുന്നത്. എന്നാൽ, അന്ന് അങ്ങനെയായിരുന്നില്ല. ഞങ്ങൾക്ക് പ്രിയപ്പെട്ട കുറേ വസ്തുക്കളെല്ലാം വിറ്റ് കിട്ടിയ പണം കൊണ്ട് ഏക്കറിന് അയ്യായിരം രൂപ നിരക്കിൽ ക്രൊക്കോഡൈൽ ബാങ്കിനായി ആദ്യം ഒരു ഏക്കർ ഭൂമി വാങ്ങി. ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്."- സായി വിറ്റേക്കർ പറയുന്നു.
ജലാശയങ്ങളിലെ പ്രധാന ഇരപിടിയന്മാരായ മുതലകളെ കൃത്രിമമായി വംശവർദ്ധനവ് നടത്തി കാടുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് തിരികെ വിടുക എന്നതായിരുന്നു ഈ കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം. എന്നാൽ, ചില പ്രായോഗിക തടസ്സങ്ങൾ പദ്ധതിക്ക് നേരിടേണ്ടി വന്നു. സർക്കാർതന്നെ മുതല സംരക്ഷണ പദ്ധതികൾ ആരംഭിച്ചതോടെ കേന്ദ്രത്തിൽ മുതലകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു. ഇതിനുപുറമേ മനുഷ്യർ മുതലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് വൻതോതിൽ അധിനിവേശം നടത്തിയതോടെ മുതലകൾക്കൊപ്പം കഴിയുന്നതിലുള്ള ഭയവും ആശങ്കയും ജനങ്ങളിൽ വർദ്ധിക്കുകയും അവയെ തിരികെ കാട്ടിലേക്ക് വിടുന്നത് സാധ്യമല്ലാതാവുകയും ചെയ്തു. ഇതോടെ കേന്ദ്രത്തിന്റെ ശ്രദ്ധ മുതലകളെ കാട്ടിലേക്ക് വിടുന്നതിൽനിന്ന് മാറ്റി, എല്ലാത്തരം ഉരഗങ്ങളുടെയും സംരക്ഷണത്തിലേക്കും ഗവേഷണത്തിലേക്കും പൊതുജന ബോധവത്ക്കരണത്തിലേക്കും തിരിയുകയായിരുന്നു.
ഇന്ത്യയിലെ വിവിധയിനം ഉരഗങ്ങളെയും ലോകമെമ്പാടുമുള്ള മുതലവർഗ്ഗങ്ങളെയും ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുന്ന അപൂർവ്വ സംരക്ഷണ കേന്ദ്രമായി ഇത് മാറി. ജനങ്ങൾക്ക് പൂച്ചകളെയും കടുവകളെയും പോലെ ഉരഗങ്ങളോട് വലിയ പ്രിയമില്ലെങ്കിലും പരിസ്ഥിതിക്ക് ഏറെ ഉപകാരികളായ ഈ ജീവികളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവായിരുന്നു ക്രോകൊഡൈൽ ബാങ്കിന് പിന്നിൽ.
റോമിന്റെ സുഹൃത്തുക്കൾ വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ച മുതലകളായിരുന്നു ആദ്യം ക്രോകൊഡൈൽ ബാങ്കിലുണ്ടായിരുന്നത്. 1976-ൽ ക്രോകോഡൈൽ ബാങ്ക് ആരംഭിക്കുന്നത് മുപ്പത് മുതലകളുമായാണ്. ഇന്ന് നാന്നൂറോളം മുതലകളും രണ്ട് വിഭാഗത്തിൽപ്പെട്ട മുന്നൂറോളം ആമകളും പാമ്പുകളും മറ്റ് ജീവികളുമടക്കം 800-ഓളം ജീവികളാണ് ക്രോകൊഡൈൽ ബാങ്കിലുള്ളത്. ആഴ്ചയിൽ ഒരു ദിവസമാണ് മുതലകൾക്ക് ഭക്ഷണം കൊടുക്കുന്നത്. പ്രതിമാസം ഒൻപത് ലക്ഷത്തോളം രൂപയാണ് മുതലകളുടെ സംരക്ഷണത്തിനായി ചെലവ് വരുന്നത്.
സർക്കാരിന്റെ കാര്യമായ സാമ്പത്തിക സഹായങ്ങളൊന്നുമില്ലാതെയാണ് ഈ കേന്ദ്രം ഇത്രയും കാലം മുന്നോട്ടുപോയത്. കേന്ദ്രം ആരംഭിച്ചതിന്റെ പത്താം വർഷത്തിൽ ടൂറിസം വകുപ്പിൽനിന്ന് ലഭിച്ച ഇരുപതിനായിരം രൂപ മാത്രമാണ് ഇവർക്ക് ലഭിച്ച ഏക സർക്കാർ ഗ്രാന്റ്. ടിക്കറ്റ് വരുമാനം, പരിപാടികൾ, ചില കമ്പനികളുടെയും ഫണ്ടിങ് ഏജൻസികളുടെയും സഹായം എന്നിവയിലൂടെയാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
തുടക്കകാലത്ത് സംരക്ഷിക്കപ്പെടേണ്ട ജീവികളായി ജനങ്ങൾ ഉരഗങ്ങളെ പരിഗണിച്ചിരുന്നില്ല. ക്രൊക്കോഡൈൽ ബാങ്കിന്റെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ മനോഭാവത്തിൽ കാര്യമായ മാറ്റം വരുത്താൻ സാധിച്ചു. വന്യജീവി സംരക്ഷണരംഗത്ത് വലിയൊരു മാറ്റത്തിന് വഴിതുറക്കാൻ തങ്ങളുടെ പ്രവൃത്തികൾക്ക് സാധിച്ചു. പൊതുജനങ്ങൾക്ക് ഇവിടെ വരാനും അവയെ കാണാനുമുള്ള അവസരം ഒരുക്കിയത് വലിയ മാറ്റങ്ങളാണ് വരുത്തിയത്. കൊക്കോഡൈൽ ബാങ്കിനെക്കുറിച്ച് ഇനിയും പ്രതീക്ഷകളേറെയാണ്. സെൻട്രൽ സൂ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പച്ചപ്പും സന്ദർശക സൗകര്യങ്ങളും വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾക്കായി ഒരു പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സംഭാവനകളും ഫണ്ടുകളും കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്നും സായി വിറ്റേക്കർ പറഞ്ഞു.