കാടിറങ്ങുന്ന വന്യജീവികൾ; തകരുന്ന കാർഷികമേഖലയും പൊലിയുന്ന മനുഷ്യജീവനും

#വിവേക് ആർ. ചന്ദ്രൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ക്ഷണത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷമാണ് വനംവകുപ്പ് കഴിഞ്ഞ കുറെവർഷങ്ങളായി അനുഭവിക്കുന്ന തലവേദന. ഈ സംഘർഷം തടയാനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമെന്നു പറയാനാകില്ല. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം. പതിറ്റാണ്ടുകളായി അശാസ്ത്രീയമായ മനുഷ്യ ഇടപെടൽ വനത്തിനുണ്ടാക്കിയ ക്ഷതങ്ങൾ പരിഹരിക്കണമെങ്കിൽ ഇനിയും ഏറെക്കാലം വേണ്ടിവരും. കാടിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പദ്ധതികൾ വനംവകുപ്പ് ആസൂത്രണംചെയ്യുന്നുണ്ടെങ്കിലും ഇതെല്ലാം ദീർഘകാലപദ്ധതികളാണ്. താത്കാലികപദ്ധതികൾ വിജയകരമാക്കുകയാണ് പ്രധാനലക്ഷ്യം.

കാടിറങ്ങുന്ന ആന, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ മനുഷ്യജീവനെടുക്കുന്നത് തടയുകയെന്നതാണ് വെല്ലുവിളി. വന്യജീവികൾ വളർത്തുമൃഗങ്ങളെ കൊല്ലുന്നതും വ്യാപകമായി കൃഷി നശിപ്പിക്കുന്നതും മനുഷ്യരുടെ വരുമാനത്തെയും ഇല്ലാതാക്കുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം വനംവകുപ്പിനുനേരേയും പ്രതിഷേധം ശക്തമാണ്. സൗരവേലിപോലുള്ളവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലനവും സംരക്ഷണവും കൃത്യമായി നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.

ആനത്താരകളിലുള്ള ഗ്രാമങ്ങളും വനത്തിലേക്കുള്ള കടന്നുകയറ്റങ്ങളും മനുഷ്യ-വന്യജീവിസംഘർഷത്തിന് കാരണങ്ങളാണ്. വന്യജീവി ആക്രമണങ്ങളുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടത് വനംവകുപ്പാണ്. എന്നാൽ, ഇത് കൃത്യമായി വിതരണംചെയ്യാനും കഴിയുന്നില്ല. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കുപറ്റുന്നവർക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. കൃഷിനാശത്തിനു നൽകുന്ന സഹായധനം അപര്യാപ്തമാണെന്നും കാലോചിതമായി പരിഷ്കരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ സംരക്ഷണം ഒരുക്കുകയെന്ന വെല്ലുവിളിയാണ് വനംവകുപ്പ് ഏറ്റെടുക്കേണ്ടത്.

‘നാട്ടുജീവി’യായ കാട്ടുപന്നികൾ

കാടിറങ്ങി തീരദേശങ്ങളിലും നഗരങ്ങളിലുംവരെയെത്തിയ കാട്ടുപന്നികൾ കാർഷികമേഖലയെ നാശത്തിലേക്കു നയിക്കുന്ന സ്ഥിതിയാണ്. പന്നികളുടെ ശല്യംകാരണം ഹെക്ടർകണക്കിനു ഭൂമിയാണ് കൃഷിചെയ്യാനാകാതെ തരിശിട്ടിരിക്കുന്നത്. മാത്രമല്ല, പന്നികളിടിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും പതിവായിട്ടുണ്ട്. ഇരുചക്രവാഹനയാത്രികരാണ് മരിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയുംചെയ്യുന്നത്. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ കാട്ടുപന്നികൾകാരണം 34 പേരാണ് മരിച്ചത്.

ഇവയെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് ശാശ്വതപരിഹാരമായിട്ടില്ല. പഞ്ചായത്തുകൾക്ക് ഇവയെ കൊല്ലാനുള്ള അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷൂട്ടർമാരുടെ കുറവും മറ്റു സാങ്കേതികപ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാടുപിടിച്ചുകിടക്കുന്ന പുരയിടങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. ഇവിടങ്ങളിൽ പെറ്റുപെരുകുന്ന പന്നികൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. പല ഗ്രാമങ്ങളിലും നൂറുകണക്കിന് പന്നികളാണുള്ളത്. ഇവയെ വേഗത്തിൽ ഇല്ലാതാക്കാൻ ഇപ്പോഴത്തെ നടപടികൾ പര്യാപ്തമല്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളും കൃഷിക്കു നാശമുണ്ടാക്കുന്നുണ്ട്.

അധിനിവേശ സസ്യങ്ങളുടെ വെല്ലുവിളി

വനത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്ന അധിനിവേശസസ്യങ്ങളാണ് വന്യജീവികൾ നാടിറങ്ങുന്നതിന് ഒരു പ്രധാനകാരണം. ഇതിൽ പലതും മുൻപ് വനംവകുപ്പുതന്നെ നട്ടുപിടിപ്പിച്ചവയുമാണ്. അക്കേഷ്യ, യൂക്കാലിപ്റ്റസ്, മഞ്ഞക്കൊന്ന എന്നിവ ഉദാഹരണം. കുറച്ചുസ്ഥലത്ത് വെച്ചുപിടിപ്പിച്ച മരങ്ങൾ കാടിന്റെയുള്ളിൽ ഹെക്ടർകണക്കിന് സ്ഥലങ്ങളിലേക്ക് കടന്നുകയറിക്കഴിഞ്ഞു. ഇത് സാധാരണസസ്യങ്ങളെയും മരങ്ങളെയും ഇല്ലാതാക്കിയതോടെ വന്യജീവികളുടെ ഭക്ഷണത്തെയും ബാധിച്ചു. ലെന്താന, മൈക്കീനിയ തുടങ്ങിയ അധിനിവേശസസ്യങ്ങളും വനത്തിന്റെ ജൈവവ്യവസ്ഥയെ തകർക്കുന്നുണ്ട്. കൂടാതെ, വനത്തോടുചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിരീതികളും ആനപോലുള്ള മൃഗങ്ങളെ നാട്ടിലേക്ക് ആകർഷിക്കുന്നുണ്ട്. എണ്ണപ്പന, കൈതച്ചക്കപോലുള്ളവ ആനകളെ ആകർഷിക്കുന്നവയാണ്.

മാലിന്യവും കൈയേറ്റവും

വനങ്ങളുടെ സമീപത്ത് വൻതോതിൽ മാലിന്യംതള്ളുന്നതും പന്നികളും കുരങ്ങുകളുംപോലെയുള്ളവ കാടിറങ്ങുന്നതിനു കാരണമാകുന്നുണ്ട്. വനസമീപ വിനോദസഞ്ചാരമേഖലകളിലെ അനധികൃത മാലിന്യംതള്ളൽ വന്യജീവികളെ ജനവാസമേഖലയിലേക്ക് ആകർഷിക്കുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുംചെയ്യുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സാഹസിക വനയാത്രകൾ കാടിനുള്ളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നതിന് കാരണമാകുന്നു. ഇത് വന്യജീവികളുടെ ജീവനും ഭീഷണിയാണ്. ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വനംവകുപ്പ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മാലിന്യംതള്ളൽ പൂർണമായി തടയാനായിട്ടില്ല.

വനംകൈയേറ്റവും വന്യജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നുണ്ട്. വനത്തോടുചേർന്നുള്ള റവന്യൂ ഭൂമി അടക്കം പല സ്ഥലങ്ങളിലും ഇപ്പോഴും െെെകയേറ്റമുണ്ട്. കൈയേറ്റഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ നടത്തുന്നുണ്ടെങ്കിലും കൈയേറ്റങ്ങൾ പൂർണമായി തടയാനായിട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിനായി കോടിക്കണക്കിനുരൂപയാണ് വനംവകുപ്പ് ചെലവഴിക്കുന്നത്. മരത്തൈകൾ വിതരണംചെയ്യുന്നുണ്ടെങ്കിലും ഇവ വളരുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല. അതുപോലെത്തന്നെ വനത്തിലെ ജൈവവ്യവസ്ഥ നിലനിർത്താൻ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതിന്റെ ഫലപ്രാപ്തി കൃത്യമായി വിലയിരുത്താനാകുന്നില്ല.

Content Highlights: Human-wildlife conflict remains a critical challenge in 2026 due to habitat degradation., Invasive species like Acacia and Eucalyptus are displacing native flora, forcing wildlife to migrate., Crop destruction and livestock loss are major economic burdens on farmers., Current mitigation efforts, including solar fencing and culling, face operational hurdles., Waste disposal in forest-fringe areas and illegal encroachment exacerbate animal intrusion.