മച്ച്‌ലിയെന്ന രാജ്ഞി, ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കടുവ, രൺതംബോറിന്റെ അഭിമാനം

2003-ലെ വേനല്‍ക്കാലം. രാജസ്ഥാനിലെ രണ്‍തംബോര്‍ കടുവ സങ്കേതത്തിലെ ജലസ്ത്രോസുകളൊക്കെയും വറ്റിവരണ്ടു തുടങ്ങി. കുടിനീര് നേടി വന്യമൃഗങ്ങള്‍ പരക്കം പായുന്ന സമയം. രണ്‍തംബോറിലെ വറ്റാതെ അവശേഷിച്ച ചുരുക്കം ചില ജലസ്രോതസ്സുകളിലൊന്ന് ഒരു പെണ്‍കടുവയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തായിരുന്നു. സാംബർ മാനുകള്‍ (Sambar deer) അടക്കമുള്ള ഇരകള്‍ വെള്ളംതേടി എത്തിയിരുന്നതിനാല്‍ അവിടേക്കു മറ്റ് കടുവകളെ കടക്കാന്‍ അവള്‍ അനുവദിച്ചിരുന്നില്ല. ഒരു ദിവസം, അവള്‍ നോട്ടമിട്ട ഇരയെ ലക്ഷ്യമാക്കി ഒരു മുതല അതിക്രമിച്ചു കയറി. പിന്നീട് നടന്നത് അതിരൂക്ഷമായ പോരാട്ടമായിരുന്നു. അത് മണിക്കൂറുകളോളം നീണ്ടു. പക്ഷേ, ആ പെണ്‍കടുവയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ മുതലയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. അതിന്റെ പിന്‍കഴുത്തില്‍ അവള്‍ പിടുത്തമിട്ടു. ഒടുവില്‍ പതിനാല് അടിയോളം നീളമുള്ള ആ മുതലയെ കടിച്ചുകീറി. അവള്‍ക്ക് മുന്നില്‍ ആ ഭീമന്‍ ചത്തുവീണു. പക്ഷേ, പോരാട്ടത്തില്‍ അവള്‍ക്ക് തന്റെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു.
മച്ച്ലി (Machali or Machli). ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ കടുവ. അവളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍മാരും വന്യജീവി പ്രേമികളും വിനോദസഞ്ചാരികളും കടുവാസങ്കേതത്തിലേക്ക് ഒഴികിയെത്തി. അവളെ കാണാതെ അവിടേയ്ക്കുള്ള യാത്ര പൂർണമാകില്ലെന്നാണ് വന്യജീവി പ്രേമികൾ കണക്കാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ട കടുവയായി മച്ച്‌ലി കരുതപ്പെടുന്നു. 'രണ്‍തംബോര്‍ കടുവാസങ്കേതത്തിലെ രാജ്ഞി', ' രണ്‍തംബോറിന്റെ തറവാട്ടമ്മ' എന്നീ പേരുകളിലെല്ലാം അവള്‍ അറിയപ്പെട്ടു. 2003-ലെ ഏറ്റുമുട്ടല്‍ അവള്‍ക്ക് 'മുതലകളുടെ കൊലയാളി' എന്ന പേരും സമ്മാനിച്ചു. നാഷണല്‍ ജിയോഗ്രാഫിക്, ആനിമല്‍ പ്ലാനറ്റ്, ബി.ബി.സി. തുടങ്ങിയ വിദേശ ചാനലുകള്‍ അവളുടെ കഥ സംപ്രേക്ഷണം ചെയ്തു. ഏതാണ്ട് 20 വര്‍ഷത്തോളം രണ്‍തംബോര്‍ പാര്‍ക്കിന്റെ മുഖമായി അവള്‍ ജീവിച്ചു. മറ്റുള്ള കടുവകളില്‍നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു അവള്‍. അതുതന്നെയാകും അവളെ പ്രിയപ്പെട്ടതാക്കിയതും.
Content Highlights: Story of tigress Machli Bengal tigress Queen of Ranthambore National Park