വാട്ട് ഈസ് 'ദിസ്'? 'ദിസ്' ഒരു ഈച്ചയാണ്!

#ഡോ. പി. കെ. സുമോദന്‍
ഓസ്‌ട്രേലിയന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ദിസ് കാനസ്
ഓസ്‌ട്രേലിയന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ദിസ് കാനസ്

സിഡ്‌നിയിലെ ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലുള്ള ഒരു മുറിയുടെ വാതിലില്‍ കുറച്ചുകാലം മുന്‍പുവരെ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. മഞ്ഞയും തവിട്ടും കലര്‍ന്ന നിറമുള്ള ഒരു ഈച്ചയുടെ ചിത്രവും തൊട്ടുതാഴെ ''ലുക്ക് അറ്റ് ദിസ്!'' ('Look at This!') എന്ന ഉദ്ധരണിയുമായിരുന്നു പോസ്റ്ററിലുള്ളത്. ഡേവിഡ് കെ. മക്കാല്‍പ്പൈന്‍ (David K. McAlpine) എന്ന കീടശാസ്ത്രജ്ഞന്റെ മുറിയായിരുന്നു അത്. ലോകപ്രശസ്തനായ ഡിപ്റ്റീറോളജിസ്റ്റാണ് (Dipterologist) മക്കാല്‍പ്പൈന്‍. രണ്ട് ചിറകുകള്‍ മാത്രമുള്ള കീടങ്ങളാണ് ഡിപ്റ്റീറകള്‍ (Diptera). (മറ്റ് കീടങ്ങള്‍ക്ക് നാല് ചിറകുകളുണ്ടാകും). പലതരത്തിലുള്ള ഈച്ചകളും (flies) കൊതുകുകളും ഉള്‍പ്പെടുന്ന ഒന്നര ലക്ഷത്തോളം സ്പീഷീസുകളുള്ള ഒരു വലിയ വിഭാഗം കീടങ്ങളാണ് ഡിപ്റ്റീറകള്‍. മക്കാല്‍പ്പൈന്‍ പഠനവിധേയമാക്കിയ ഒരു പ്രത്യേകതരം ഈച്ചകളാണ് കെല്‍പ്പ് ഈച്ചകള്‍ (Kelp flies). കെല്‍പ്പ് ഒരു വിഭാഗം കടല്‍പ്പായലുകളാണ്. 

കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടുന്ന കടല്‍പ്പായല്‍ അവശിഷ്ടങ്ങളിലാണ് കെല്‍പ്പ് ഈച്ചകള്‍ മുട്ടയിടുന്നതും അവയുടെ പുഴുക്കള്‍ വളരുന്നതും. കടല്‍പ്പായലും കടല്‍പ്പുല്ലും ചില്ലകളും മറ്റും അടിഞ്ഞുകൂടുന്ന മേഖലകളെ റാക്ക് മേഖല (Wrack Zone) എന്നാണ് പറയുക. റാക്ക് മേഖലകളാണ് കെല്‍പ്പ് ഈച്ചകളുടെ വിഹാരഭൂമി. പതിമൂന്ന് ജീനസുകളും നാല്‍പ്പതോളം സ്പീഷീസുകളും മാത്രമുള്ള ചെറിയ ഒരു കുടുംബമാണ് കെല്‍പ്പ് ഈച്ചകള്‍ ഉള്‍പ്പെടുന്ന സീലോപ്പിഡേ (Coelopidae). ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ വന്‍കരകളിലെ മിതശീതോഷ്ണ മേഖലകളിലാണ് കെല്‍പ്പ് ഈച്ചകളെ കണ്ടുവരുന്നത്.   

Content Highlights: creature chronicles on this canus

Continue reading