ജൈവവൈവിധ്യം നഗരങ്ങള്‍ക്കും പ്രധാനം തന്നെ ! | Biotalks

വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍, പക്ഷി-മൃഗാദികള്‍, സൂക്ഷ്മാണുക്കള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൈവവൈവിധ്യത്തെ നാം മനസ്സിലാക്കുന്നതും നിര്‍വചിക്കുന്നതും. ജീവിവര്‍ഗങ്ങള്‍ അഥവാ സ്പീഷിസുകള്‍ തമ്മിലും, അവയോരോന്നിലുമുള്ള ഇനങ്ങള്‍ തമ്മിലും, അവയുടെ ആവാസവ്യവസ്ഥകള്‍ തമ്മിലുമുള്ള വൈവിധ്യം ഉള്‍പ്പെടെ എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള വ്യതിയാനങ്ങളെ സൂചിപ്പിക്കാനാണ് 'ബയോഡൈവേര്‍സിറ്റി' അഥവാ 'ജൈവവൈവിധ്യം' എന്ന പദം ഉപയോഗിക്കുന്നത്. നഗര ജൈവവൈവിധ്യം (urban biodiversity) എന്നത് ഒരു നഗരത്തില്‍ കാണപ്പെടുന്ന ജീവജാലങ്ങള്‍ക്കിടയിലുള്ള വൈവിധ്യത്തെയും വ്യതിയാനത്തെയും അവ സംഭവിക്കുന്ന പാരിസ്ഥിതിക സംവിധാനങ്ങളെയും സൂചിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാല്‍, ഒരു നഗരത്തിലെ ജീവന്റെ വൈവിധ്യവും സമൃദ്ധിയും ആണ് നഗര ജൈവവൈവിധ്യം. ആവാസവ്യവസ്ഥയുടെ തരങ്ങളുടെയും (ഉദാ. തടാകങ്ങള്‍, പുല്‍മേടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍) അവയുടെ വിസ്തൃതിയുടെയും അവയ്ക്കുള്ളിലെ സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ഇനങ്ങളുടെയും സമൃദ്ധിയുടെയും അടിസ്ഥാനത്തില്‍ നഗര ജൈവവൈവിധ്യത്തെ ഏറ്റവും ലളിതമായി നിര്‍വചിക്കാനാകും.
ഭൂമിയിലെ ആകെ കരപ്രദേശത്തിന്റെ മൂന്നു ശതമാനത്തില്‍ താഴെയാണ് നഗരപ്രദേശങ്ങളെങ്കിലും ലോകജനസംഖ്യയുടെ പകുതിയിലധികം (55%) ഇവിടെയാണ് വസിക്കുന്നത്! 2050 ആകുമ്പോഴേക്കും ലോകത്ത് ആകെയുള്ളവരില്‍ മൂന്നില്‍ രണ്ടും ഏതെങ്കിലുമൊരു നഗരത്തില്‍ വസിക്കുമെന്നാണ് പ്രവചനം! നഗരങ്ങള്‍ ഭൂമിയുടെ 75 ശതമാനം വിഭവങ്ങളും ഉപയോഗിക്കുന്നു, പകുതിയിലധികം ആഗോള മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, കുറഞ്ഞത് 60 ശതമാനം ഹരിതഗൃഹവാതക ഉദ്വമനം സൃഷ്ടിക്കുകയും ചെയ്യുന്നു. നഗരങ്ങള്‍ വളരുമ്പോള്‍, വ്യക്തമായ ആസൂത്രണമില്ലെങ്കില്‍ അവ ചുറ്റുമുള്ള പ്രകൃതിയെ മാറ്റിമറിക്കുകയും വരള്‍ച്ചയിലേക്കും ഭൂമിയുടെ നാശത്തിലേക്കും നയിക്കുകയും ചെയ്യും.
Content Highlights: biodiversity is also important in urban areas biotalks column