പുഷ് അപ്പും തൊണ്ട വീര്‍പ്പിക്കലും വെറും 'ഷോ'; നിറം മാറ്റല്‍ പേടിപ്പിക്കാനും ആകര്‍ഷിക്കാനും

#വിജയകുമാര്‍ ബ്ലാത്തൂര്‍
ഓറിയന്റല്‍ ഗാര്‍ഡന്‍ ലിസാര്‍ഡ്‌ (Calotes versicolor) | Photo-Wiki/By Pinku Halder - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=59566717
ഓറിയന്റല്‍ ഗാര്‍ഡന്‍ ലിസാര്‍ഡ്‌ (Calotes versicolor) | Photo-Wiki/By Pinku Halder - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=59566717

'ഓന്തിനെപ്പോലെ നിറം മാറുക'  എന്നതാണല്ലൊ  അവസരവാദത്തിനേയും വിശ്വാസ വഞ്ചനയേയും ചതിയേയും  സൂചിപ്പിക്കാന്‍ സാധാരണമായി ഉപയോഗിക്കുന്ന ഭാഷാശൈലി.  ഓരോരോ  സഹചര്യത്തിനനുസരിച്ച് അഭിപ്രായങ്ങളും സ്വഭാവവും  മാറ്റുന്നവരെ കളിയാക്കാനായി നമ്മള്‍  ഉപയോഗിക്കുന്ന  ഈ ഉപമയില്‍ പറയുന്ന പോലെ അടിമുടി നിറം മാറുന്ന ഓന്തുകള്‍ ഇല്ല. ഒരു വിധം എല്ലാ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും പറമ്പിലെ പൊന്തകളിലും പൂന്തോട്ടങ്ങളിലും വളരെ  സാധാരണമായി കാണുന്ന ഗാര്‍ഡന്‍ ലിസാര്‍ഡുകള്‍ ആണല്ലോ നമുക്ക് സുപരിചിതരായ ഓന്തുകള്‍. അവയ്ക്ക് അമ്പരപ്പിക്കും വിധം ശരീരം മൊത്തം  നിറം മാറ്റാനൊന്നും പറ്റില്ല. പാലക്കാട് പോലുള്ള  വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണുന്ന  കമിലിയനുകള്‍ എന്ന ഇനം ഓന്തുകള്‍  നമ്മുടെ നാട്ടില്‍ അത്ര സാധാരണം അല്ലതാനും. അവര്‍ക്കും സാദാ ഓന്തുകളേക്കാള്‍ കൂടുതലായൊന്നും നിറം മാറ്റാനുള്ള  കഴിവും  ഇല്ല - പിന്നെ എങ്ങനെയാണാവോ ഈ  പഴമൊഴി ഉണ്ടായത്?. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

നിറം മാറല്‍ തന്ത്രം എന്തിനൊക്കെ?

നമ്മുടെ നാട്ടിലെ സാധാരണ ഓന്തുകള്‍  ഇരപിടിയന്മാരുടെ കണ്ണില്‍  പെടാതിരിക്കാന്‍ പരിസരവുമായി ചേരുന്നവിധം മറഞ്ഞിരിക്കാന്‍ സഹായകരമായ കാമോഫ്‌ലാഷിന് (Camouflage) വേണ്ടി അവയുടെ നിറത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവ് മാത്രമുള്ളവയാണ്. കൂടാതെ മറ്റ് ആണ്‍ ഓന്തുകളുമായി പ്രവിശ്യാ യുദ്ധങ്ങളുടെ ഭാഗമായും, ഇണചേരല്‍ കാലത്ത് പെണ്‍ ഓന്തുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ഒക്കെ  മാത്രമാണ് നിറം മാറ്റല്‍ തന്ത്രങ്ങള്‍ പുറത്തെടുക്കാറുള്ളത്.  തലയും ചുമലും  മുന്‍ കാലുകളും ഒക്കെ ചുവപ്പ് രാശി പടര്‍ത്തി ചൊങ്കനായാണ് പ്രണയാഭ്യര്‍ത്ഥനയുമായി ഇവര്‍ പെണ്‍ ഓന്തിനെ കാത്തിരിക്കുക. 

നിറം മാറാന്‍ തയ്യാറായി നില്‍ക്കുന്ന ഓറിയന്റല്‍ ഗാര്‍ഡന്‍ ലിസാര്‍ഡ്‌ | Photo-Wiki/By AmarendraUkidwe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=89497634

പൊക്കിളിലൂടെ രക്തം വൈഫൈയായി കുടിക്കുന്നവരത്രേ!

ഇത്തരത്തില്‍ ചുവപ്പ് നിറം പടരുന്നത് മനുഷ്യരുടെ രക്തം പൊക്കിളിലൂടെ വൈഫൈയായി വലിച്ച് അകത്താക്കുന്ന ഓന്തിന്റെ അത്ഭുത കഴിവുമൂലമാണെന്ന് പലരും വിശ്വസിച്ചിരുന്നു.  മേലുടുപ്പിടാതെ കളിക്കുന്നതിനിടയില്‍ പറമ്പില്‍ തന്നെത്തന്നെ, അനങ്ങാതെ നോക്കിനില്‍ക്കുന്ന ഓന്തിനെ കണ്ടാലുടന്‍,  ഉള്ള ചോരയത്രയും വലിച്ച് കുടിച്ച് കോലംകെടുത്തും എന്ന് ഭയന്ന് പൊക്കും പൊത്തിപിടിച്ച് കരഞ്ഞ്  ഓടിരക്ഷപ്പെട്ട ബാല്യം  ഉള്ളവര്‍ പലരും ഉണ്ട്. ഈ മിത്തിനെ പിന്‍പറ്റി  Bloodsucker എന്ന വിളിപ്പേരും  ചിലയിടങ്ങളില്‍ നാട്ടു ഓന്തുകള്‍ക്ക്‌ ഉണ്ട്. സത്യത്തില്‍ ഇരകളെ വായ് കൊണ്ട് പിടിച്ച് തിന്നാം എന്നതല്ലാതെ വെള്ളം പോലും വലിച്ച് കുടിക്കാനുള്ള കഴിവില്ലാത്ത ഇവരെയാണ്  നോട്ടം വഴി ചോര വലിച്ച് കുടിക്കുന്ന ഭീകരരായി ചിത്രീകരിച്ചത്.

ഓന്തിന്റെ  വാലില്‍ തുണിചുറ്റി എണ്ണനനച്ച് തീകൊടുത്ത് പാതിരാത്രിയിരുളില്‍ പനമ്പട്ടകള്‍ കാറ്റിലുലയുന്ന നേരം  വയലിലൂടെ  ഓടിച്ച് മന്ത്രവാദ ഒഴിപ്പിക്കലുകള്‍ ചെയ്യുന്ന ഖസാക്കിലെ കുട്ടാടന്‍ പൂശാരിമാരുടെ തരം ആളുകള്‍ പല നാട്ടിലും ഉണ്ടായിരുന്നു. അരണയോടും ഉടുമ്പിനോടും പല്ലിയോടും ഒന്നും ഇല്ലാത്ത ഒരുതരം ഭയഭക്തിബഹുമാനം ഓന്തുകളോട് എത്രയോ കാലമായി ചിലര്‍ക്ക്  ഉണ്ട്. ശീതരക്തക്കാരായ ഇവര്‍  വേലികള്‍ക്കും അതിര്‍കല്ലുകള്‍ക്കും മുകളില്‍  വെയില്‍ കായാന്‍ വായും പൊളിച്ച് വന്നു നില്‍ക്കുന്ന കാഴ്ച നമ്മള്‍ പലപ്പോഴും കാണാറുണ്ടല്ലൊ, അങ്ങനെ വന്ന പഴഞ്ചൊല്ലാണ് ' ഓന്തിന് വേലി സാക്ഷി, വേലിക്ക് ഓന്ത് സാക്ഷി' എന്നത്.  

ഗ്രീന്‍ ഗാര്‍ഡന്‍ ലിസാര്‍ഡ് (calotes calotes ) | Photo-Wiki/By Charles J. Sharp - Own work, from Sharp Photography, sharpphotography.co.uk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=116063987

കലോട്ടസ് ജനുസില്‍ 14 ഇനം, കേരളത്തിലുളളത് 4 എണ്ണം

ഇന്ത്യയില്‍ ഇതുവരെയായി രേഖപ്പെടുത്തിയിട്ടുള്ള  കലോട്ടസ് ജനുസില്‍ പെട്ട 14 ഇനം ഓന്തുകളില്‍ 4 ഇനങ്ങളാണ് കേരളത്തില്‍ ഉള്ളത്.  മരങ്ങളിലും കാട്ട് പൊന്തകള്‍ക്ക് മുകളിലും ഒക്കെ കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണിവരെല്ലാവരും.  ഇതില്‍ വളരെ സാധാരണമായി നമ്മുടെ നാട്ടില്‍ കാണുന്നത് Calotes versicolor  എന്ന ഇനം ആണ് നമുക്ക് ഏറെ പരിചിതം.  ഇവരെ കൂടാതെ പച്ച ഓന്ത് ( Calotes calotes) , പശ്ചിമഘട്ടത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഉള്ള  കാട്ടുപച്ച ഓന്ത് ( Calotes grandisquamis) നീലഗിരി ഓന്ത് ( Calotes nemoricola) എന്നിവയാണ് കലോട്ടസ് ജനുസില്‍ വരുന്നവ. ഇവയെകൂടാതെ മറ്റ് ജനുസുകളിലും ഓന്തുകള്‍ ഉണ്ട്.  മുള്ളോന്ത് (Monilesaurus elliot) റോക്‌സിന്റെ ഓന്ത് ( (Monilesaurus rouxii), അപൂര്‍വ്വമായി കാണുന്നതും  വയനാട് നിന്ന് കണ്ടെത്തിയതുമായ   Monilesaurus montanus, പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ Monilesaurus acanthocephalus എന്നിവയുണ്ട്. ശല്യം ചെയ്താല്‍ നിറം മാറുന്ന ഓറഞ്ച് ചുണ്ടന്‍ കാട്ടു ഓന്തായ  Microauris aurantolabium, കൂടാതെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണുന്ന രണ്ടിനം മുള്ളോന്തുകളെ കൂടി കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഗാപ്പിന് തെക്ക് ആനമലയില്‍ നിന്ന് ആനമല മുള്ളോന്ത് (Salea anamallayana , വടക്ക് നീലഗിരി പ്രദേശത്ത് നിന്നും ഉള്ള Salea horsfieldii എന്നിവ. 

നീലഗിരി ഓന്ത് | Photo-Wiki/By Preethi Rajasekaran - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=16251820

oriental garden lizard, eastern garden lizard, Indian garden lizard, common garden lizard, changeable lizard എന്നൊക്കെ പേരില്‍ അറിയപ്പെടുന്ന സാധാരണ ഓന്തായ Calotes versicolor  ന്റെ സ്പീഷിസ് നാമം  സൂചിപ്പിക്കുന്നത് പോലെ നിരവധി രൂപത്തിലും നിറഭേദങ്ങളിലും  ഇവയെ കാണാം. പൊതുവെ തവിട്ട് നിറക്കാരായ ഇവരെ തവിട്ടിന്റേയും ചാരനിറത്തിന്റേയും വിവിധ ഷേഡുകളില്‍ കാണാന്‍ പറ്റും. പെണ്‍ ഓന്തുകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശരീരത്തില്‍ വെള്ള വരകളും കാണാം. ശരീരത്തിലെ ചെതുമ്പലുകള്‍ വലിപ്പം കൂടിയതും പിറകിലേക്ക്  ചാഞ്ഞ് കൂര്‍ത്ത അഗ്രം ഉള്ളവയും ആണ്.  

സ്വയം വാല്‍ മുറിച്ച് രക്ഷപ്പെടാനുള്ള കഴിവില്ല

ആണ്‍ ഓന്തുകള്‍ പെണ്‍ ഓന്തുകളേക്കാള്‍ വലിപ്പം കൂടുതല്‍ ഉള്ളവയാണ്. 49 സെന്റീമീറ്റര്‍ വരെ ഇവ നീളം വെക്കാറുണ്ട്. അതുപോലെ വലിപ്പം കൂടിയ തലയും ഉന്തിയ കവിള്‍ത്തടങ്ങളും ആണ്‍ ഓന്തുകളുടെ പ്രത്യേകതയാണ്. മുതുകിലും നടുപ്പുറത്തും വലിയ മുള്ളുകളും കാണും. പല്ലികളേയും അരണകളേയും പോലെ സ്വയം  വാല്‍ മുറിച്ച് രക്ഷപെടാനുള്ള കഴിവായ ഓട്ടോടോമി പരിപാടി ഇവര്‍ക്ക് ഇല്ല. വാല്‍ വളരെ നീളമുള്ളതും ഉറപ്പുള്ളതും അറ്റമെത്തുമ്പോഴേക്കും വളരെ നേര്‍ത്തതും ആണ്. മറ്റ് പല്ലിവര്‍ഗ്ഗക്കാരെപ്പോലെതന്നെ പടം പൊഴിക്കാനുള്ള കഴിവ് ഓന്തുകള്‍ക്ക് ഉണ്ട്. ഉടുപ്പ് അഴിച്ച് മാറ്റും പോലെ മൊത്തം പൊഴിച്ച് കളഞ്ഞാണ് വളരുക. കമിലിയനുകളേപ്പോലെ സാധാ ഓന്തുകള്‍ക്ക്  ഇരു കണ്ണൂകളും വേറെ വേറെ ദിശകളിലേക്ക് ഒരേസമയം ഇഷ്ടം പോലെ ചലിപ്പിക്കാന്‍ കഴിയില്ലെങ്കിലും വളരെ സൂക്ഷ്മമായി ചുറ്റുമുള്ള കാഴ്ചകള്‍ കാണാനുള്ള കഴിവ് ഉണ്ട്. 

Photo-Wiki/By Pinku Halder - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=59566716

പൊരിഞ്ഞ യുദ്ധത്തിന് സാക്ഷിയാകുന്ന പെണ്‍ ഓന്ത്‌

ഇണചേരല്‍ കാലം മെയ് മുതല്‍ ഒക്ടോബര്‍ വരെ ആണ്. ആണ്‍ ഓന്ത് തന്റെ ടെറിട്ടറിയിലേക്ക് കടന്ന് വരുന്ന മറ്റ് ആണ്‍ ഓന്തുകളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കും. പുഷ് അപ്പുകള്‍ ചെയ്തു കാണിച്ച്, തന്റെ ചുവപ്പന്‍ തലയാട്ടി ഉയര്‍ത്തിപ്പിടിച്ചൊരു നില്‍പ്പാണ്‌. ഞാനൊരു ജഗജില്ലിയാണ്, ഇതെന്റെ അധീനതയിലുള്ള സ്ഥലമാണ്, 'വിട്ട്‌പോടാ'  എന്ന മുന്നറിയിപ്പൊക്കെ പ്രകടമാക്കിയാണ് നില്‍പ്പ്. വിവാഹ വേഷമായി തലയും മുതുകും മുന്‍കാലുകളും  തിളങ്ങുന്ന ഓറഞ്ച് ചുകപ്പോ   ക്രിംസണ്‍ ചുവപ്പോ നിറത്തിലോ ആണ് ഉണ്ടാവുക. താടിയ്ക്ക് അടി വശം കറുപ്പുനിറം കാണാം.  ഇങ്ങനെ അഴകിയ രാവണ വേഷത്തില്‍  പെണ്‍ ഓന്തിനു മുന്നില്‍ വന്ന് നിന്നും  പുഷപ്പുകള്‍ ചെയ്തും, തൊണ്ട  വീര്‍പ്പിച്ച് വലിപ്പം കൂട്ടി കാണിച്ചും ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കും.  സ്വന്തം പ്രദേശത്ത് വന്ന് ഇണയ്ക്ക് വേണ്ടി മത്സരിക്കുന്ന  മറ്റ്  ആണ്‍ ഓന്തുകളുമായി ഉഗ്രന്‍ കശപിശ ഇവര്‍ നടത്തും. പിന്‍കാലില്‍ എഴുന്നേറ്റ് നിന്ന് പരസ്പരം കൈകള്‍ കൊണ്ട് പിടിച്ച്,  കടിച്ചും പിണഞ്ഞും  പൊരിഞ്ഞ യുദ്ധം നടത്തും. പെണ്‍ ഓന്ത് ഇതെല്ലാം  നോക്കി അവിടെ അനങ്ങാതെ നില്‍ക്കുന്നുണ്ടാകും. കരുത്തനായ വിജയി തോറ്റവനെ ഓടിച്ച് വിട്ട് പെണ്ണുമായി  ഇണചേരും. 

കുഞ്ഞുങ്ങളുടെ കാര്യം വിധിക്ക് വിട്ട് സ്ഥലം കാലിയാക്കും

പതുപതുപ്പുള്ള, അല്‍പ്പം നീണ്ട അണ്ഡാകൃതിയിലുള്ള 11- 23 വരെ എണ്ണം മുട്ടകള്‍ പെണ്‍ ഓന്ത് ഇടും. നിലത്ത് മുന്‍കാലുകൊണ്ട് മാന്തി  മണ്ണ് മാറ്റി പത്ത് സെന്റീമീറ്ററിനടുത്ത് ആഴമുള്ള  കുഴിയുണ്ടാക്കിയാണ് മുട്ടയിടുക. മരപ്പൊത്തുകളിലും മറ്റ് മാളങ്ങളിലും ചിലപ്പോള്‍ മുട്ടയിടും.  രണ്ട് മണിക്കൂറോളം സമയം എടുക്കും മുട്ടയിടാനുള്ള കുഴിയെടുക്കാനും മുട്ടകള്‍ മുഴുവനും ഇട്ടു കൂട്ടാനും ഒക്കെയായി . അതിനു ശേഷം മുട്ടകള്‍ നന്നായി മണ്ണ് ചിള്ളീയിട്ട്  മൂടും. കരിയിലകളും മറ്റും മുകളില്‍ നിരത്തി സ്ഥലം കണ്ടാല്‍ ആര്‍ക്കും സംശയം തോന്നാത്തവിധം  പഴയപടി ആക്കും.  എന്നിട്ട് കുഞ്ഞുങ്ങളുടെ കാര്യം വിധിക്ക് വിട്ട് സ്ഥലം കാലിയാക്കും.   42-67 ദിവസം കൊണ്ട് മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന സ്വര്‍ണ്ണ നിറമുള്ള കുഞ്ഞോന്തുകള്‍ക്ക് 7 സെന്റീ മീറ്റര്‍ വരെ നീളമുണ്ടാകും. ഉടന്‍ തന്നെ അവ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറി ഒളിച്ച് നിന്ന് ജീവിതം ആരംഭിക്കും. ഇര പിടുത്തം തുടങ്ങും. ഇവര്‍ ഭയം വന്നാല്‍ പെട്ടന്ന് മരത്തിലേക്ക് ഓടിക്കയറും. ശത്രു ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാല്‍ പെട്ടന്ന് മരത്തിന്റെ മറുഭാഗത്തേക്ക് നീങ്ങും എന്നിട്ട് ശറേന്ന് മുകളിലേക്ക് ഓടിക്കയറി നില്‍ക്കും. ഇരപിടിയന്‍ തിരിഞ്ഞ് വന്ന് മരത്തിന്റെ മറുപുറത്ത് നോക്കുമ്പോള്‍ ആളവിടെ ഉണ്ടാവില്ല. പാമ്പുകളുടേയും പക്ഷികളുടേയും ഇഷ്ട ഭക്ഷണം ആണ് ഓന്തുകള്‍  എന്നതിനാല്‍ സര്‍വ സമയവും രണ്ടു കണ്ണും കൊണ്ട് മേലും കീഴും മുന്നും പിന്‍ഭാഗവും നിരീക്ഷിച്ചു കൊണ്ടാണ് ഓന്ത് കഴിയുക. 

Indian Chameleon | Photo-Wiki/By Shantanu Kuveskar - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=27651696

പുല്‍ച്ചാടികള്‍ , ഉറുമ്പുകള്‍, ചീവീടുകള്‍ തുടങ്ങിയവിവിധ പ്രാണികളെകൂടാതെ , പലതരം ചെറു ജീവികളേയും ഇവര്‍ ശാപ്പിടും. സ്വന്തം വര്‍ഗ്ഗക്കാരായ  പല്ലികളെപ്പോലും അപൂര്‍വ്വമായി തിന്നാറുണ്ട്. ഇരകളെ കടിച്ച് മുറിക്കാനുതകുന്ന മൂര്‍ച്ചയുള്ള പല്ലുകള്‍ അല്ല ഓന്തുകള്‍ക്ക് ഉള്ളത്. ഇരയെ  വായിലാക്കി കുടഞ്ഞ് കൊല്ലുന്ന സമയം വായില്‍ നിന്നും കുതറി രക്ഷപ്പെടാതെ തടയാനുള്ള ഇറുക്കിപ്പിടുത്തത്തിനു മാത്രമേ പല്ലുകള്‍ സഹായിക്കുകയുള്ളു. 

അതിനു ശേഷം  ഇരയെ മൊത്തമായി വിഴുങ്ങലാണ് ശീലം. പരിചയം കുറവുള്ള ഓന്തിന്‍ കുഞ്ഞുങ്ങള്‍ വലിയ ഇരകളെ വിഴുങ്ങാന്‍ ശ്രമിച്ച് അണ്ണാക്കില്‍ കുടുങ്ങി അന്ധാളിച്ച് പോകാറുണ്ട്. പ്രാണികളാണ് പ്രധാന ഭക്ഷണമെങ്കിലും  ഇടയ്ക്ക് ഇലകളും കായ്കനികളും കൂടി ഇവര്‍ തിന്നാറുണ്ട്. മഴപെയ്ത് ചോരുമ്പോള്‍, മരക്കൊമ്പുകളില്‍ നിന്ന്  ധാരാളമായി  താഴേക്ക് വീണ ലാര്‍വപ്പുഴുക്കളേയും പ്രാണികളേയും തിന്നാന്‍ ഇവര്‍ മണ്ണിലിറങ്ങും . ഏഷ്യയില്‍ നിന്നും കുടിയേറി എത്തിയ ഈ ഓന്തുകള്‍ തദ്ദേശീയരായ ഓന്തിനങ്ങള്‍ക്ക് വലിയ ഭീഷണിയായ പല വന്‍കര പ്രദേശങ്ങളും ഉണ്ട്.  കാഴ്ചയില്‍ അമ്പരപ്പ് തോന്നിക്കുന്ന രൂപവും നിറവും ചുരുളന്‍ വാലും ഒക്കെയുള്ള കാമിലിയനുകളേയും നമ്മള്‍ ഓന്തുകള്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. അത്യധികം നീളമുള്ള നാവുകള്‍ അതിവേഗം പുറത്തേക്ക് നീട്ടി അവ ഇര പിടിക്കുന്നത് കാണേണ്ട കാഴ്ചയാണ്. വെവ്വേറെ ദിശയില്‍ തിരിച്ച് ഉള്ള ഉരുളന്‍ കണ്ണുകളുടെ ചലനം അതിലും അത്ഭുതകരമാണ്

Content Highlights: all you need to know about chameleons