മേനിയിളക്കി പ്രലോഭിപ്പിക്കും, തൊണ്ടയിൽ പിടിമുറുക്കി കഥ കഴിക്കും; കിടുവകളാണ് ഈ ഇരപിടിയൻ മൺവണ്ടുകൾ

തവളകൾ തിന്നു തീർത്ത പ്രാണികൾക്കും അവയുടെ ലാർവപ്പുഴുക്കൾക്കും കണക്കുണ്ടാകില്ല. വാ തുറക്കുക നാവു നീട്ടുക വായിലാക്കുക വിഴുങ്ങുക ഇതാണല്ലോ ലളിതമായ മോഡ് ഓഫ് ഓപറാണ്ടി. ഇത്തരം ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാൻ പലതരം അനുകൂലനങ്ങൾ ആർജിച്ചവരാണ് പല പ്രാണികളും. തിന്നാതെ രക്ഷപ്പെടാനായി ശരീരത്തിൽ ചിലപ്പോൾ അരുചിയുള്ളതോ വിഷകരമോ ആയ രാസഘടകങ്ങൾ ഉണ്ടാവും. തവളകളെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതോ ഭയപ്പെടുത്തുന്നതോ ആയ കൺപൊട്ടടയാളങ്ങൾ ശലഭച്ചിറകുകളിലുണ്ടാകും. ചിലതരം ലാർവകളുടെ രൂപവും വ്യാജ കണ്ണടയാളങ്ങളും പാമ്പെന്ന് തെറ്റിദ്ധരിപ്പിക്കും. ഇതൊക്കെയുണ്ടെങ്കിലും തവളയുടെ വായിൽ പോകാനാണ് പലപ്പോഴും പ്രാണികളുടെ പൊതുവായ വിധി. എന്നാൽ സ്വാഭാവികമായ ഈ ഇര-ഇരപിടിയൻ സമവാക്യം തിരുത്തി തിരിച്ചടിക്കുന്ന അതിജീവനതന്ത്രം പയറ്റാനുള്ള കഴിവ് പരിണാമപരമായി ആർജിച്ച ചില പ്രാണികളുണ്ട്. എപ്പോമിസ് (Epomis) വിഭാഗത്തിൽ പെട്ട മൺ വണ്ടും അതിന്റെ ലാർവകളും അത്തരത്തിലുള്ളതാണ്.
‘തവള പാമ്പിനെ വിഴുങ്ങി’ യെന്നത് വാർത്തയാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം. വളരെ ചെറിയ പാമ്പുകളെ വലിയ പോക്കാച്ചി തവള വിഴുങ്ങുന്നതിൽ വലിയ അത്ഭുതമൊന്നും ഇല്ലെങ്കിലും അതൊക്കെ അസ്വാഭാവികവും അസാധാരണവും ആണല്ലോ. കടുവയെ കിടുവ പിടിച്ചു എന്ന് പറഞ്ഞപോലെയാണ് Chlaenius ജനുസിലെ ഉപജനുസായ എപോമിസിലെ വളരെ കുഞ്ഞന്മാരായ ഗ്രൗണ്ട് ബീറ്റിലുകളും അവയുടെ മക്കൾ പുഴുക്കളും തവളകളെ ആക്രമിച്ച് പിടിച്ച് കൊന്നുതിന്നുന്നത്.
Content Highlights: about epomis beetles who feed on frogs, bandhukal mithrangal