'V' ആകൃതിയില്‍ നായാട്ട്, പേരിനൊരു നായ വിളി; പാറകളിലൂടെ വാട്ടർ സ്ലൈഡിംഗ് ചെയ്യുന്ന നീര്‍നായകള്‍

നീർനായയുടെ പേരിലൊരു നായയുണ്ടെന്നേ ഉള്ളു. അവർക്ക് നായയുമായി ഒരു ബന്ധവും ഇല്ല. വെള്ളത്തിലും ജീവിക്കുന്ന സസ്തനിയായ ഇവർക്ക് കൂടുതൽ ബന്ധം ബാഡ്ജർ, മിങ്ക് തുടങ്ങിയ ജീവികളോടാണ്. (വെരുകു വിഭാഗക്കാരായ പാം സിവറ്റിനെ മരപ്പട്ടിയെന്ന് വിളിക്കുന്നതിലും ഇതുപോലെ ഒരു ശരികേടുണ്ട്.) ലുട്രിനെ (Lutrinae) ഉപകുടുംബത്തിൽ പെട്ടവരാണ് ഒട്ടർ (Otter) എന്ന് പൊതുവായി പേരു വിളിക്കുന്ന മാംസഭുക്കുകളായ സസ്തനികൾ എല്ലാം. smooth-coated otter (Lutrogale perspicillata) ആണ് നമ്മുടെ നാട്ടിൽ സാധരണ കാണുന്ന നീർനായ. പേരിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ വളരെ വെൽവെറ്റ് പോലെ മൃദുവായ നീളം കുറഞ്ഞ രോമങ്ങൾ നിറഞ്ഞ ദേഹമുള്ളവരാണിവർ. ഒരുകാലത്ത് പല പുഴകളിലും വെള്ളക്കെട്ടുകളിലും കോൾപാടങ്ങളിലും ഒക്കെ ഇവർ ധാരാളം ഉണ്ടായിരുന്നു.
ശരീരപ്രകൃതി
കറുപ്പോ ഇരുണ്ടചുവപ്പ് രാശിയുള്ള ബ്രൗൺ നിറമോ ഉള്ളതാണിവരുടെ പുറം ഭാഗം. എന്നാൽ അടിഭാഗം അത്ര കടുപ്പം ഇല്ലാത്ത ഇളം ബ്രൗൺ നിറമോ ചാരനിറമോ ഉള്ളതാവും. മറ്റുള്ള നീർനായ ഇനങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടി ഉരുണ്ട തലയും രോമമില്ലാത്ത മൂക്കും, ചതഞ്ഞ ഡയമണ്ട് ആകൃതിയുള്ള നഗ്നമായ മൂക്കറ്റവും ഒക്കെയാണിവർക്കുള്ളത്. വാലിന്റെ തുടക്കഭാഗം തടിച്ചും മസിലോടുകൂടിയതും അഗ്രത്തിലേക്ക് വരുമ്പോൾ നേർത്ത് കൂർത്തും ആണുണ്ടാകുക. വാലിന്റെ അഗ്രഭാഗത്തെത്തുമ്പോൾ ഉരുണ്ട ആകൃതി മാറി പകരം കുറച്ച് പരപ്പുള്ളതാവും. കരുത്തൻ കാലുകളിൽ കൂർത്ത നഖങ്ങളുള്ള, പാടകൾ കൊണ്ട് ബന്ധിച്ച വിരലുകളുണ്ട്. പൊതുവെ ഏഴു മുതൽ പതിനാല് കിലോ വരെ ഭാരമുണ്ടാകും. വാലൊഴികെ തന്നെ ദേഹത്തിന് അറുപത് സെന്റീ മീറ്ററിനടുത്ത് നീളമുണ്ടാകും. വാൽ മാത്രം നാൽപ്പത് സെന്റീമീറ്ററിനടുത്തു കാണും. ധാരാളം വെള്ളമുള്ള, ഒഴുക്കുള്ള പുഴകളും കയങ്ങളും ഒക്കെ ഉള്ള ഇടങ്ങളാണ് ഇവർക്ക് കൂടുതൽ ഇഷ്ടം.
Content Highlights: about all you need to know about otters