യു.പിയിലെ കോൺഗ്രസ് ഓഫീസിനുമുന്നിൽ വരിനിന്ന് സ്ത്രീകൾ; തിരഞ്ഞെടുപ്പ് വാഗ്ദാനംവാങ്ങാനെന്ന് റിപ്പോർട്ട്

Photo: https://x.com/IndiaToday
Photo: https://x.com/IndiaToday

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച അപ്രതീക്ഷിത വിജയമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത്. വിജയത്തിനു പിന്നാലെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സ്ത്രീകള്‍ വരിനില്‍ക്കുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉത്തർപ്രദേശിലെ വീടുകളിൽ കോൺഗ്രസ്, തങ്ങളുടെ വാഗ്ദാനങ്ങൾ വ്യക്തമാക്കുന്ന ഗ്യാരണ്ടി കാർഡുകൾ വിതരണം ചെയ്തിരുന്നു. നിർധനരായ സ്ത്രീകൾക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ നൽകുമെന്നും ഗ്യാരണ്ടി കാർഡിൽ വാഗ്ദാനമുണ്ടായിരുന്നു. ഇത് ലഭിക്കുന്നതിനായാണ് സ്ത്രീകൾ ലഖ്നൗവിലെ കോൺഗ്രസ് ആസ്ഥാനത്തേക്കെത്തിയതെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്. സ്ത്രീകൾ ഓഫീസിന് പുറത്ത് വരിനിൽക്കുന്നതിന്‍റെ  വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കോൺഗ്രസ് വാഗ്ദാനംചെയ്ത പണം സ്വീകരിക്കുന്നതിന് ബെംഗളൂരുവിലെ ജനറൽ പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ആരംഭിക്കാൻ സ്ത്രീകൾ തിരക്കുകൂട്ടുന്നതിന്‍റെ ദൃശ്യങ്ങൾ അടുത്തിടെ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇന്ത്യസഖ്യം അധികാരത്തിൽ വന്നാൽ പ്രതിമാസം 8500 രൂപ അക്കൗണ്ടിലെത്തുമെന്ന് പ്രതീക്ഷിച്ചാണ് അക്കൗണ്ട് ആരംഭിക്കാൻ എത്തിയതെന്നായിരുന്നു റിപ്പോർട്ട്.

Content Highlights: Women line up at UP Congress office for guarantee card of Rs 1 lakh