‘ഉയരെ’ വോട്ടാവേശം; നിറയെ താരത്തിളക്കം

തൊടുപുഴ: ഒരു ത്രില്ലർ സിനിമപോലെ തന്നെയായിരുന്നു ഇടുക്കിയിലെ വോട്ടിങ്. ആദ്യമണിക്കൂറിൽ ഒന്നു പതുങ്ങി നിന്നു. പിന്നങ്ങ് കുതിച്ചുയർന്നു. മലയോരത്തെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ തിരഞ്ഞെടുപ്പ് കളറാക്കിക്കൊണ്ട് ഇടുക്കിയുടെ സ്വന്തം സിനിമാതാരങ്ങളുമെത്തി.
മറ്റ് വോട്ടർമാർക്കൊപ്പം വരിനിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആസിഫ് അലി, സഹോദരൻ അഷ്‌കർ അലി, നിഷാന്ത് സാഗർ, ജാഫർ ഇടുക്കി തുടങ്ങിയ നടൻമാരാണ് തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തിയത്.
അച്ഛനും മകളും
കോലൻമുടിയും സിക്‌സ് പാക്കുമൊക്കെയായി വന്ന യുവ നടൻ. ലോഹിതദാസ്-ദിലീപ് കൂട്ടുകെട്ടിൽ പിറന്ന ’ജോക്കർ’ എന്ന സിനിമയിൽ ’സുധീർ മിശ്ര’ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ നടനാണ് നിഷാന്ത് സാഗർ. പിന്നീട് തിളക്കം, ഫാന്റം, ആർ.ഡി.എക്‌സ് അങ്ങനെ രണ്ട് പതിറ്റാണ്ടിലേറെയായി നിരവധി സിനിമകൾ.
എത്ര തിരക്കുണ്ടെങ്കിലും എല്ലാത്തവണയും നിഷാന്ത് വോട്ട് ചെയ്യാനെത്തും. ഇത്തവണ ഒരു പ്രത്യേകതയുണ്ട്. മകൾ നന്ദയുടെ കന്നിവോട്ടാണ്. ഇരുവരും ഒരുമിച്ചാണ് തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 98-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനാത്തിയത്. സ്ത്രീകളുടെ തിരക്ക് കുറവായതിനാൽ മകളാണ് ആദ്യം വോട്ടുചെയ്തത്. നിഷാന്ത് സാഗർ മുക്കാൽ മണിക്കൂറോളം കാത്തുനിന്ന് വോട്ടുചെയ്തു.
“മുൻപത്തേക്കാൾ കൂടുതൽ കരുതലും ശ്രദ്ധയും വേണ്ട തിരഞ്ഞെടുപ്പാണ് ഇത്. ജനകീയനായ സ്ഥാനാർഥിതന്നെ വിജയിക്കട്ടെ” -നിഷാന്ത് സാഗർ പറഞ്ഞു.
അണ്ണനും തമ്പിയും
കുമ്പംകല്ല് ബി.ടി.എം. സ്‌കൂൾ. സമയം പതിനൊന്ന്. സ്‌കൂട്ടറിലായിരുന്നു അവരുടെ വരവ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായകൻ ആസിഫ് അലിയും സഹോദരനും സിനിമാനടനുമായ അഷ്‌കർ അലിയുമാണ് സ്കൂട്ടറിൽ വന്നത്.
സിനിമാനടന്മാരായ ആസിഫ് അലിയും സഹോദരൻ അഷ്‌കർ അലിയും സ്കൂട്ടറിൽ തൊടുപുഴ കുമ്പം കല്ലിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങാനൊരുങ്ങുന്നു
അഷ്‌കറാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അരമണിക്കൂറോളം വരിനിന്ന് ഇരുവരും സ്‌കൂളിലെ 118-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ 2009-ൽ എത്തിയ ആസിഫ് നായക വേഷം മാത്രമല്ല ’ഉയരെ’ ഉൾപ്പടെയുള്ള സിനിമകളിൽ ശക്തമായ പ്രതിനായക വേഷവും ചെയ്തു. ഹണിബീ 2.5, കാമുകി തുടങ്ങിയ സിനിമകളിൽ നായകനായിരുന്നു അഷ്‌കർ.
’സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് എല്ലാ പൗരൻമാരുടേയും ഉത്തരവാദിത്വമാണ്. അത് ചെയ്യാതെ മാറി നിന്നിട്ട് അഭിപ്രായം പറയുന്നതിൽ കാര്യമില്ല. എല്ലാവരും വോട്ട് ചെയ്യണം. മികച്ചൊരു രാഷ്ട്രീയ അവസ്ഥ രാജ്യത്തുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്’’-ആസിഫ് പറഞ്ഞു.
സഹപ്രവർത്തകരായ സുരേഷ് ഗോപി, കൃഷ്ണകുമാർ, മുകേഷ് തുടങ്ങിയവർ മത്സരിക്കുമ്പോൾ ആരുടെ വിജയം ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുത്തുന്ന വിജയമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കിയുടെ ജാഫർ
ജാഫർ ഇടുക്കി അമയപ്ര ഗവ. എൽ.പി. സ്‌കൂളിലെ 179-ാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് എത്തിയത്. ഉച്ചയായതിനാൽ തിരക്ക് കുറവായിരുന്നു. പേരിനൊപ്പം നാടിനേയും ചേർത്ത നടൻ സമീപ വർഷങ്ങളിൽ ഇറങ്ങിയ ജെല്ലിക്കെട്ട്, ചുരുളി, കൂമൻ തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങളാണ് ചെയ്തത്.
ജാഫർ ഇടുക്കി വോട്ടുചെയ്ത് മടങ്ങുന്നു
Content Highlights: kottayam native celebrities exercise their ballot in style